കോന്നി കരിയാട്ടം :കോന്നിയിലെത്തിയത് 5 ലക്ഷത്തിലധികം ആളുകൾ

Spread the love

 

konnivartha.com: :കോന്നി കരിയാട്ടം ഈ ഓണക്കാലത്ത് കോന്നിയുടെ ടൂറിസം, വ്യാപാര മേഖലകളിൽ വലിയ മുന്നേറ്റത്തിന് കാരണമായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കരിയാട്ടത്തിൽ പങ്കെടുക്കാൻ 10 ദിവസമായി കോന്നിയിലെത്തിയത് 5 ലക്ഷത്തിലധികം ആളുകളാണ്.

കേരളത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും ആളുകൾ എത്തിയതിനൊപ്പം ധാരാളം വിദേശ മലയാളികളും, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കരിയാട്ടത്തിൻ്റെ ഭാഗമായി.
രാവിലെ കോന്നിയിലെത്തി അടവിയും, ആനക്കൂടുമൊക്കെ സന്ദർശിച്ച് വൈകിട്ട് കരിയാട്ട പരിപാടികളുടെ ഭാഗവുമായാണ് ബഹുഭൂരിപക്ഷം പേരും കോന്നി വിട്ടു പോയത്.

കോന്നി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വലിയ വരുമാന വർദ്ധനവിന് ഇത് കാരണമായിട്ടുണ്ട്. കോന്നിയ്ക്ക് പുറത്തു നിന്നും ധാരാളം ആളുകൾ എത്തിയതോടെ കോന്നിയിലെ വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ തുടങ്ങിയിടങ്ങളിലെല്ലാം രാത്രി വൈകിയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

അടവിയിൽ കുട്ടവഞ്ചി തുഴച്ചിൽ മത്സരം നടത്തിയത് സംസ്ഥാനത്താകെ ശ്രദ്ധ നേടി.ഇതിലൂടെ അടവിയിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തിച്ചേരും.

സീതത്തോട്ടിൽ കക്കാട്ടാറിൽ നടന്ന അന്താരാഷ്ട്ര കയാക്കിംങ് മത്സര വിജയത്തോടെ അവിടം കയാക്കിംങിൻ്റെ സ്ഥിരം വേദിയാക്കി മാറ്റാനാണ് അഡ്വഞ്ചർ ടൂറിസം വിഭാഗം തീരുമാനിച്ചിരിക്കുന്നത്.ആദ്യ മത്സരത്തിൽ തന്നെ 2 വിദേശ രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു. അഡ്വഞ്ചർ ടൂറിസവും, സ്പോട്സും ഇഷ്ടപ്പെടുന്നവർ വരും നാളുകളിൽ കോന്നിയിലെത്തുമെന്നതിൽ യാതൊരു സംശയവുമില്ല.

കേരളത്തിലെ മുൻനിര കലാകാരന്മാരെ കോന്നിയിലെത്തിക്കാനും, അവരുടെ കലാപ്രകടനം നടത്താൻ കഴിഞ്ഞതും കാഴ്ചക്കാർക്ക് അവിസ്മരണീയമായ ഓർമ്മകളാകും എന്നതിൽ സംശയമില്ല.
കരിയാട്ടത്തിൻ്റെ ഭാഗമായി എല്ലാ വർഷവും പുരസ്കാരം നൽകാൻ തീരുമാനിച്ചതും, അത് ഇത്തവണ മലയാളത്തിൻ്റെ പ്രശസ്ത സാഹിത്യകാരൻ ബെന്യാമിന് നൽകിയതും ഒരു പുത്തൻ തുടക്കമാണ്. പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ സമർപ്പിക്കുന്ന കോന്നിയുടെ സാംസ്കാരിക അംഗീകാരമായി ഇത് മാറും.

5 ലക്ഷത്തിലധികം ആളുകളെത്തിയിട്ടും അച്ചടക്കത്തോടെയും, അപകടരഹിതമായും കരിയാട്ടം നടത്താൻ കഴിഞ്ഞു എന്നത് സംഘാടക സമിതിയുടെ ജാഗ്രതയോടെയുള്ള ഇടപെടലിലൂടെയാണ്.ഇതിനായി കോന്നിയിലെ പൊതു സമൂഹവും, പോലീസും, ഇതര സർക്കാർ വകുപ്പുകളും, സന്നദ്ധ സേവകരുമെല്ലാം വലിയ പിൻതുണയാണ് നൽകിയത്. കരിയാട്ടം വൻ വിജയമാക്കിയ കോന്നി നാടിനാകെ സംഘാടക സമിതിയുടെ നന്ദി അറിയിക്കുന്നതായും എം.എൽ.എ പറഞ്ഞു.

error: Content is protected !!