കുട്ടികൾക്ക് സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Spread the love

 

മാതാ അമൃതാനന്ദമയി ദേവിയുടെ 72-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് സൗജന്യ കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് “മാതൃസ്പർശം” സംഘടിപ്പിച്ച് കൊച്ചി അമൃത ആശുപത്രി.

konnivartha.com/കൊച്ചി : മാതാ അമൃതാനന്ദമയി ദേവിയുടെ 72-ാം ജന്മദിനാഘോഷമായ അമൃതവർഷം എഴുപത്തിരണ്ടിൻറെയും കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെയും ഭാഗമായി, കൊച്ചി അമൃത ആശുപത്രി “മാതൃസ്പർശം” – സൗജന്യ പീഡിയാട്രിക് കാർഡിയോളജി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു.

ക്യാമ്പിന്റെ ഉദ്ഘാടനം കേരള ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർവഹിച്ചു. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തിയ ചടങ്ങിൽ ഒഡിഷ ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ മനാഷ് രഞ്ജൻ സാഹു, കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് അസിസ്റ്റന്റ് ജനറൽ മാനേജർ ബിന്ദു കൃഷ്ണ, കൊച്ചി അമൃത ആശുപത്രി പീഡിയാട്രിക് കാർഡിയോളജി വിഭാഗം മേധാവി ഡോ. ആർ. കൃഷ്ണകുമാർ, ക്ലിനിക്കൽ പ്രൊഫസർ ഡോ. ബ്രിജേഷ്. പി.കെ., സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ തുടങ്ങിയവർ പങ്കെടുത്തു.

“ഡോക്ടർമാരുടെയും നഴ്സുമാരുടെയും പ്രവർത്തനങ്ങളിൽ ആർദ്രതയും കാരുണ്യവും ഉണ്ടാകണം. സേവനം ചെയ്യാനുള്ള അവസരം പാഴാക്കുന്നത് ആണ് ഏറ്റവും വലിയ നഷ്ടം. എൺപത് വയസിൽ മരിക്കേണ്ടവർ നാൽപതാം വയസ്സിൽ മരിക്കുന്ന സാഹചര്യം കണ്ടാണ് ഈ ആതുരാലയം ആരംഭിച്ചത്.” മാതാ അമൃതാനന്ദമയി ദേവി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

ദുഃഖത്തോടെ കുഞ്ഞുങ്ങളുമായി വന്നവർ തങ്ങളുടെ ദുഖത്തിന് പരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയോടെ ആണ് ഈ മെഗാ ക്യാമ്പിൽ പങ്കെടുക്കുന്നത് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. “മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുക എന്ന ഉദാത്തമായ മനുഷ്യത്വ മാതൃകയാണ് തനിക്ക് ഇന്ന് ഇവിടെ കാണാൻ സാധിക്കുന്നത്. ഒരു അസുഖവും ഇന്ന് അത്ര വലിയ അസുഖമല്ലാത്ത നിലയിലേക്ക് വൈദ്യശാസ്ത്ര രംഗം പുരോഗമിച്ചു. സമൂഹങ്ങൾ തമ്മിൽ കരുണ ഇല്ലാത്ത ഒരു ലോകമാണ്. അവിടെയാണ് ഈ മെഗാ ക്യാമ്പ് വേറിട്ട് നിൽക്കുന്നത്. ആ സേവനം നൽകാൻ അമൃതയ്ക്ക് അവസരം നൽകുകയാണ് ഇവിടെ എത്തിയ ഓരോരുത്തരും. നമുക്ക് അന്യോന്യം കരുണ ഉണ്ടെങ്കിൽ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാൻ സാധിക്കും” ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നിങ്ങളിൽ ഓരോരുത്തരിലും വളരെ അധികം ഉത്തരവാദിത്വമുണ്ടെന്ന് ഡോക്ടർമാരെയും നഴ്സുമാരെയും അദ്ദേഹം ഓർമിപ്പിച്ചു. ജീവിതം എന്നത് കരുണ മാത്രമാണ് എന്ന അമ്മയുടെ വാക്കുകളും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവർത്തിച്ചു.

അമൃത ആശുപത്രിയിലെ 25 വർഷത്തെ പീഡിയാട്രിക് കാർഡിയോളജി വിഭാഗത്തിന്റെ നേട്ടങ്ങളും ചടങ്ങിൽ അവതരിപ്പിച്ചു. അമൃത ആശുപത്രിയും ഒഡിഷ ആരോഗ്യ സർവകലാശാലയും തമ്മിലുള്ള ധാരണാപത്രവും ചടങ്ങിൽ വെച്ച് കൈമാറി. അമൃതയുമായുള്ള ധാരണാപത്രം വഴി പീഡിയാട്രിക് കാർഡിയോളജി മേഖലയിൽ ഗവേഷണം, പരിശീലനം, ചികിത്സാ വിപുലീകരണം എന്നിവയ്ക്കുള്ള വഴി തുറക്കുമെന്ന് ഒഡിഷ ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ മനാഷ് രഞ്ജൻ സാഹു അഭിപ്രായപ്പെട്ടു. “അമൃത ആശുപത്രി സന്ദർശിക്കാൻ ലഭിച്ച അവസരത്തിൽ ഏറെ ചാരുതാർത്ഥ്യമുണ്ട്. ആശുപത്രിയെക്കാൾ ഉപരി ഇതൊരു ക്ഷേത്രമായാണ് തനിക്ക് അനുഭവപ്പെടുന്നത്. ലോകത്ത് എല്ലായിടത്തും ആരോഗ്യ മേഖല സാമ്പത്തികവൽക്കരിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ വേറിട്ട പാതയിലൂടെ അമൃത ആശുപത്രിയെ മുന്നോട്ട് കൊണ്ട് പോകുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിന് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, ബിഹാർ, ജമ്മു തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അഞ്ഞൂറോളം കുട്ടികളും അവരുടെ കുടുംബങ്ങളും ക്യാമ്പിൽ പങ്കെടുത്തു. പതിനെട്ടു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഹൃദയരോഗങ്ങളുടെ ആദ്യഘട്ട പരിശോധനയും ചികിത്സാ മാർഗ്ഗനിർദ്ദേശവും സൗജന്യമായി ലഭ്യമാക്കി. തെരെഞ്ഞെടുത്ത കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ സൗജന്യമായി നടത്തും. സാമ്പത്തിക ശേഷിയില്ലാത്ത കുടുംബങ്ങൾക്കും കുട്ടികൾക്കും ഹൃദയ ശസ്ത്രക്രിയയും പരിശോധനയും ലഭ്യമാക്കുകയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം.

error: Content is protected !!