
കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രനട സെപ്റ്റംബർ 16ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് ഭക്തർക്ക് ദർശനം നടത്താം.
കന്നിമാസം ഒന്നാം തീയതിയായ സെപ്റ്റംബർ 17-ന് രാവിലെ 5 മണിക്ക് നട വീണ്ടും തുറക്കും. കന്നിമാസത്തിലെ പൂജകൾ പൂർത്തിയാക്കി സെപ്റ്റംബർ 21-ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി നട അടയ്ക്കും. കൂടാതെ എല്ലാ ദിവസവും ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. ദർശനത്തിന് വെർച്വൽ ക്യൂ ബുക്കിംഗ് ആവശ്യമാണ്, എന്നാൽ ആഗോള അയ്യപ്പ സംഗമത്തോട് അനുബന്ധിച്ച് 19നും 20നും ദർശനത്തിന് നിയന്ത്രണങ്ങളുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ 20-ന് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10.30-ന് സംഗമം ഉദ്ഘാടനം ചെയ്യും. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂവായിരത്തിലധികം അയ്യപ്പ ഭക്തർ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശബരിമലയിലെ കന്നിമാസ പൂജകൾക്കും ആഗോള അയ്യപ്പ സംഗമത്തിനും വിപുലമായ ഒരുക്കങ്ങൾ ദേവസ്വം ബോർഡ് നടത്തിവരുന്നു.ഭക്തർക്ക് തടസമില്ലാതെയാണ് അയ്യപ്പ സംഗമം നടത്താൻ ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ അറിയിച്ചു. പമ്പാ തീരത്ത് താത്കാലിക പന്തൽ നിർമിച്ചാണ് പരിപാടി നടത്തുക. പരിപാടിയുടെ വരവ്-ചെലവ് കണക്കുകൾ സ്പോൺസർഷിപ്പ് ഉൾപ്പെടെ കൃത്യമായി പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി. അയ്യപ്പ സംഗമത്തിന് ശേഷം 45 ദിവസത്തിനകം വരവ്-ചെലവ് സംബന്ധിച്ച റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
മാസപൂജ സമയങ്ങളിൽ സാധാരണയായി പ്രതിദിനം 50,000 സ്ലോട്ടുകൾ അനുവദിച്ചിരുന്നത്, അയ്യപ്പ സംഗമം നടക്കുന്ന സെപ്റ്റംബർ 19, 20 തീയതികളിൽ 10,000 ആയി കുറച്ചു. നിലവിൽ ഈ സ്ലോട്ടുകളിൽ ആയിരത്തിൽ താഴെ എണ്ണം മാത്രമാണ് ശേഷിക്കുന്നത്. മാസപൂജക്ക് പതിനായിരം ഭക്തർ പോലും സാധാരണയായി എത്താറില്ലെന്നാണ് ദേവസ്വം ബോർഡ് ഇതിന് നൽകുന്ന വിശദീകരണം.