ഹീമോഫീലിയ ചികിത്സയിൽ കേരളത്തില്‍ സുപ്രധാന നാഴികകല്ല്

Spread the love

 

ഹീമോഫീലിയ ചികിത്സയിൽ സുപ്രധാന നാഴികകല്ല് പിന്നിട്ട് കേരളം. ഹീമോഫീലിയ ബാധിതയായ ഒരു സ്ത്രീക്ക് രാജ്യത്ത് തന്നെ ആദ്യമായി എമിസിസുമാബ് പ്രൊഫൈലാക്സിസ് ചികിത്സ നൽകി. തൃശൂർ നിന്നുള്ള 32 വയസുകാരിയ്ക്കാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയത്. വിശദമായ വിലയിരുത്തലിനും കൗൺസിലിംഗിനും ശേഷം തൃശൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലാണ് ചികിത്സ ആരംഭിച്ചത്.

ഹീമോഫീലിയ ചികിത്സയിൽ കേരളം വലിയ മുന്നേറ്റമാണ് നടത്തിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഹീമോഫീലിയ ചികിത്സയിൽ രക്തസ്രാവം തടയുന്ന നൂതന ചികിത്സയായ എമിസിസുമാബ് പ്രൊഫൈലാക്സിസ് രാജ്യത്ത് ആദ്യമായി കേരളം ആരംഭിച്ചിരുന്നു. ഹീമോഫീലിയ രോഗികളിൽ ഇത് വിസ്മയകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. രാജ്യത്ത് ആദ്യമായി സ്ത്രീകളിലെ രക്തസ്രാവം ചികിത്സിക്കുന്നതിനുള്ള മാർഗരേഖ തയ്യാറാക്കിയതും 2025-ൽ കേരളമാണ്. ചൊവ്വാഴ്ച ഉദ്ഘാടനം നിർവഹിക്കുന്ന സ്ത്രീ ക്ലിനിക്കുകൾ വഴി സ്ത്രീകളിലെ അമിത രക്തസ്രാവം നേരത്തെ കണ്ടെത്തി ചികിത്സിക്കാൻ പ്രത്യേക പരിപാടിയും സർക്കാർ തയാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.

രക്തത്തിലെ ക്ലോട്ടിംഗ് ഫാക്ടറുകളുടെ അഭാവം മൂലം ഉണ്ടാകുന്ന ഒരു പാരമ്പര്യ ജനിതക രോഗമാണ് ഹീമോഫീലിയ. അനിയന്ത്രിതമായ രക്തസ്രാവമാണ് ഇതിന്റെ പ്രധാന ലക്ഷണം. മനുഷ്യ ശരീരത്തിലെ X ക്രോമോസോമിലുണ്ടാകുന്ന ജനിതക തകരാറ് കാരണം ഉണ്ടാകുന്ന രോഗമായതിനാൽ ഇത് സാധാരണയായി എല്ലായ്‌പ്പോഴും പുരുഷന്മാരെയാണ് ബാധിക്കുന്നത്. സ്ത്രീകൾ ഇതിന്റെ വാഹകർ (carriers) മാത്രമാണ്. സ്ത്രീക്ക് ഹീമോഫീലിയ രോഗം ഉണ്ടാകുന്നത് അപൂർവങ്ങളിൽ അപൂർവമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സിവിയർ ഹീമോഫീലിയ രോഗികളിൽ മാത്രം കണ്ടു വരുന്ന ഗുരുതരമായ അവസ്ഥയായായ ഫാക്ടർ VIII ലെവൽ ഒരു ശതമാനത്തിൽ താഴെയായിരുന്നു ഈ രോഗിക്ക് ഉണ്ടായിരുന്നത്. ആരംഭത്തിൽ വോൺ വില്ലിബ്രാൻഡ് രോഗമാണെന്ന് കരുതിയാണ് ചികിത്സിച്ചിരുന്നത്. പലതവണയുള്ള രക്ത പരിശോധനയ്ക്ക് ശേഷമാണ് ഇത് ഹീമോഫീലിയ എ രോഗം ആണെന്ന് കൃത്യമായി കണ്ടെത്തിയത്. അനിയന്ത്രിതമായ രക്തസ്രാവം കാരണം അവരുടെ അണ്ഡാശയവും ഗർഭപാത്രവും നീക്കം ചെയ്യേണ്ടതായി വന്നു. കൂടാതെ ദീർഘകാലമായി ഹോർമോൺ ചികിത്സയിലുമാണ്. ആവർത്തിച്ചുള്ള രക്തസ്രാവവും സങ്കീർണമായ സന്ധി വൈകല്യങ്ങളും കാരണം കഠിനമായ വേദനയാണ് ഇവർക്ക് അനുഭവിക്കേണ്ടി വന്നത്. അതിൽ നിന്നാണ് ഇപ്പോൾ മോചനമായിരിക്കുന്നത്.

സംസ്ഥാന സർക്കാറിന്റെ അശാധാര പദ്ധതിയിലൂടെയാണ് എമിസിസുമാബ് പ്രൊഫൈലാക്സിസ് ചികിത്സ സൗജന്യമായി ലഭ്യമാക്കിയിട്ടുള്ളത്. രാജ്യത്ത് ആദ്യമായി എമിസിസുമാബ് മരുന്ന് 18 വയസിന് താഴെയുള്ള മുഴുവൻ രോഗികൾക്കും നൽകിയത് കേരളമാണ്. രക്തസ്രാവവും ആശുപത്രി സന്ദർശനങ്ങളും ഗണ്യമായി കുറയ്ക്കുന്നതിനും ഈ നൂതന ചികിത്സയിലൂടെ സാധിച്ചു. സംസ്ഥാനത്ത് 500ൽ അധികം രോഗികൾക്ക് ആശാധാര പദ്ധതിയിലൂടെ എമിസിസുമാബ് ചികിത്സ നൽകി വരുന്നു.

error: Content is protected !!