
‘എല്ലാ വീടുകളിലും ശുദ്ധജലം’ ജില്ലാതല പ്രഖ്യാപനം സെപ്റ്റംബര്‍ 19 ന് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിക്കും
ജല്‍ ജീവന് മിഷന്റെ ‘എല്ലാ വീടുകളിലും ശുദ്ധജലം’ ജില്ലാതല പ്രഖ്യാപനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സെപ്റ്റംബര്‍ 19 വൈകിട്ട് 3.30 ന് മണിപ്പുഴ മന്നം മെമ്മേറിയല്‍ എന്‍എസ്എസ് കരയോഗ ഓഡിറ്റോറിയത്തില്‍ നടത്തും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. കേരള ജല അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനിയര്‍ ആര് വി സന്തോഷ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
ജല്‍ ജീവന് മിഷന് പദ്ധതിയിലൂടെ എല്ലാ ഭവനങ്ങളിലും കുടിവെള്ള കണക്ഷന് നല്കി 100 ശതമാനം നേട്ടം കൈവരിച്ച ജില്ലയിലെ ആദ്യ ഗ്രാമപഞ്ചായത്താണ് നെടുമ്പ്രം. 1.88 കോടി രൂപ ചെലവഴിച്ചാണ് എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കിയത്.
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി, കെ.എസ്.സി.ഇ.ഡബ്ലു.ബി വൈസ് ചെയര്മാന് അഡ്വ ആര് സനല്‍കുമാര്‍, കേരള ജല അതോറിറ്റി ബോര്‍ഡ് അംഗം ഉഷാലയം ശിവരാജന്, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് ഹരിതചട്ടം പാലിച്ച് നടത്തും: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്
തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് പൂര്‍ണമായും ഹരിതചട്ടം പാലിച്ചും പരിസ്ഥിതിസൗഹൃദമായും നടത്തുന്നതിന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷന് വിളിച്ചു ചേര്‍ത്ത തദ്ദേശസ്വയംഭരണവകുപ്പിലെ വിവിധ ഏജന്‍സികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഇതു സംബന്ധിച്ച കര്‍മ്മപരിപാടിക്ക് രൂപം നല്കി. പൊതുജനങ്ങള്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഒക്ടോബര്‍ 10 വരെ സമര്‍പ്പിക്കാം.
തദ്ദേശസ്വയംഭരണവകുപ്പ്, ശുചിത്വമിഷന്, ക്ളീന്‍ കേരള കമ്പനി, കുടുംബശ്രീ, ഹരിതകര്‍മസേന എന്നിവയുടെ പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ ഫലപ്രഖ്യാപനം വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം ഉറപ്പാക്കും.
ഇതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തിലും ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലും നിരീക്ഷണസമിതി രൂപീകരിക്കാനും തീരുമാനിച്ചു.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലനകേന്ദ്രങ്ങള്‍, ഓഫീസുകള്‍, തിരഞ്ഞെടുപ്പ് വിതരണകേന്ദ്രങ്ങള്‍, പോളിംഗ് സ്റ്റേഷനുകള്‍, വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവടങ്ങളിലെല്ലാം ഹരിതചട്ടം കര്‍ശനമായി പാലിക്കണം. ഇവിടങ്ങളിലെ മാലിന്യങ്ങള്‍ ഉടന്‍തന്നെ നീക്കം ചെയ്യാനായി ഹരിതകര്‍മസേനയുടെയും ക്ളീന്‍കേരള കമ്പനിയുടെയും സേവനം പ്രയോജനപ്പെടുത്തും. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ ഭക്ഷണവിതരണം നടത്താനായി കുടുംബശ്രീയെ ചുമതലപ്പെടുത്തും.
സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കെല്ലാം തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം പാലിക്കുന്നതിന് ഒരു പോലെ ഉത്തരവാദിത്വമുണ്ട്. ഇതിനായി പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കും.
പ്രചാരണത്തിനായി ഉപയോഗിക്കുന്ന അച്ചടിസാമഗ്രികളില്‍ നിരോധിത വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും ഉറപ്പാക്കണം. നിരോധിത വസ്തുക്കള്‍ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ പിഴ ഈടാക്കും.
തിരഞ്ഞെടുപ്പ് പ്രചാരണവേളയിലെ പരിസ്ഥിതിമലിനീകരണം, ശബ്ദമലിനീകരണം എന്നിവ തടയുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഒക്ടോബര്‍ 10 ന് മുമ്പ് [email protected] എന്ന ഇ-മെയില്‍ വിലാസത്തിലും, സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മിഷന്, ജനഹിതം, വികാസ് ഭവന് പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലും സമര്‍പ്പിക്കാം.
തദ്ദേശസ്വയംഭരണവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ടി. വി. അനുപമ, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ജെറോമിക് ജോര്‍ജ്ജ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എച്ച്. ദിനേശന്, ശുചിത്വമിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ യു. വി. ജോസ്, തിരഞ്ഞെടുപ്പ് കമ്മീഷന് സെക്രട്ടറി ബി. എസ്. പ്രകാശ്, മറ്റു ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്സ്-സി.എം.ഡി എന്‍.ഡി.പി.ആര്.ഇ.എം പരിശീലന പരിപാടി (സെപ്റ്റംബര്‍ 18) പത്തനംതിട്ടയില്‍
പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്കാ റൂട്ട്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്പ്മെന്റും (സി.എം.ഡി) സംയുക്തമായി സംഘടിപ്പിക്കുന്ന എന്‍.ഡി.പി.ആര്.ഇ.എം പരിശീലന പരിപാടി (2025 സെപ്റ്റംബര്‍ 18) പത്തനംതിട്ടയില്‍.
പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ശില്പശാല നടക്കുന്ന ഹെഡ് പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുളള വൈ.എം.സി.എ ഹാളില്‍ (കോളേജ് റോഡ്, പത്തനംതിട്ട) രാവിലെ 9.30 മുതല്‍ രജിസ്റ്റര്‍ ചെയ്യണം. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്.ഇ.എം) ഉചിതമായ സംരംഭങ്ങള്‍ തിരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനാവശ്യമായ സാമ്പത്തിക, നിയമ, മാനേജ്മെന്റ് മേഖലകളെ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ ലഭ്യമാക്കും.
വിശദ വിവരങ്ങള്‍ക്ക് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്പ്മെന്റ് ഹെല്‍പ്പ് ഡെസ്ക്കിലെ 0471 2329738, +91-8078249505 എന്നീ നമ്പറുകളില്‍ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാം.
രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് സ്വയം തൊഴിലോ സംരംഭങ്ങളോ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് എന്‍.ഡി.പി.ആര്.ഇ.എം പദ്ധതി.
താല്പര്യമുള്ളവര്ക്ക് നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റായ www.norkaroots.kerala.gov.in ലൂടെ രജിസ്റ്റര്‍ ചെയ്യാം. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്നു ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) എന്‍.ഡി.പി.ആര്.ഇ.എം പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.
ഇന്റേണ്‍ഷിപ്പ്
പത്തനംതിട്ട ജില്ലയിലെ കൃഷി ഭവനുകളിലേക്ക് 180 ദിവസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. യോഗ്യത: വൊക്കോഷണല്‍ ഹയര്‍ സെക്കന്‍ഡറി (അഗ്രികള്‍ച്ചര്‍), ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍/ ഓര്‍ഗാനിക് ഫാമിങ്. പ്രായപരിധി: 2025 ഓഗസ്റ്റ് ഒന്നിന് 18-41. അവസാന തീയതി: സെപ്റ്റംബര്‍ 27. അപേക്ഷ ഓണ്‍ലൈനായോ കൃഷിഓഫീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലോ നേരിട്ട് സമര്‍പ്പിക്കാം. വെബ്സൈറ്റ്: www.keralaagriculture.gov.in ഇമെയില്‍: [email protected] ഫോണ്‍: 0468 2222597.
പ്രവേശന തീയതി നീട്ടി
സ്കോള്‍ കേരള മുഖേനെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 11 -ാം ബാച്ച് പ്രവേശന തീയതി 60 രൂപ പിഴയോടെ സെപ്റ്റംബര്‍ 30 വരെ നീട്ടി. പഠനം മുടങ്ങിയവര്‍ക്ക് പുന:പ്രവേശന ഫീസ് 500 രൂപ. വെബ്സൈറ്റ് : www.scolekerala.org ഫോണ്‍: 0471 2342950
അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മള്‍ട്ടി പര്‍പ്പസ് (വര്‍ക്കര്‍ ഫിസിയോതെറാപ്പി യൂണിറ്റ്)- യോഗ്യത: സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിസിയോതെറാപ്പി/ വിഎച്ച്എസ്ഇ ഫിസിയോതെറാപ്പി/ എഎന്‍എം വിത്ത് കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി: 2025 സെപ്റ്റംബര്‍ 17 ന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 13,500 രൂപ. ഒഴിവ്: ഒന്ന് തെറാപ്പിസ്റ്റ് (പുരുഷന്, സ്ത്രീ)-യോഗ്യത: ആയുര്‍വേദ തെറാപിസ്റ്റ് കോഴ്സ് അല്ലെങ്കില്‍ ചെറുതുരുത്തി സിസിആര്‍എഎസ്ന്റെ ഒരു വര്‍ഷ ആയുര്‍വേദ പഞ്ചകര്‍മ ടെക്നിഷ്യന്‍ കോഴ്സ്. പ്രായപരിധി: 2025 സെപ്റ്റംബര്‍ 17 ന് 50 വയസ് കവിയരുത്. 60 വയസിന് താഴെയുള്ള വിരമിച്ച ആയുര്‍വേദ തെറാപ്പിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. അടിസ്ഥാന ശമ്പളം 14,700 രൂപ.
അവസാന തീയതി സെപ്റ്റംബര്‍ 29. വെബ്സൈറ്റ്: www.nam.kerala.gov.in/careers ഫോണ്‍: 0468 2995008
ഐ.എച്ച്.ആര്.ഡി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഐ.എച്ച്.ആര്.ഡി. 2025 ജൂണില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) ഒന്നും രണ്ടും സെമസ്റ്റര്‍/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) ഒന്നും രണ്ടും സെമസ്റ്റര്‍ / ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) ഒന്നും രണ്ടും സെമസ്റ്റര്‍ /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ സെപ്റ്റംബര്‍ 22 വരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ പിഴ കൂടാതെയും സെപ്റ്റംബര്‍ 29 വരെ 200 രൂപ പിഴയോടെയും സമര്‍പ്പിക്കാം. വെബ്സൈറ്റ് : www.ihrd.ac.in
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജിഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന് (യോഗ്യത എസ് എസ് എല്‍ സി ) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994449314.
കേരളോത്സവം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ കേരളോത്സവം സെപ്റ്റംബര്‍ 29,30 തീയതികളില്‍ നടക്കും. മത്സാരാര്‍ഥികള്‍ 25-നു മുമ്പ് https://keralotsavam.com ലൂടെ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9447785744
ലൈസന്‍സ് എടുക്കണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വ്യാപാര-വ്യവസായ സംരംഭക സ്ഥാപനങ്ങളും 2025-26 ലെ ലൈസന്‍സ് സെപ്റ്റംബര്‍ 30 നുളളില്‍ എടുത്ത് നിയമനടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734-228498.
കേരളോത്സവം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കേരളോത്സവം സെപ്റ്റംബര്‍ 27,28,29 തീയതികളില്‍ നടക്കും. മത്സാരാര്‍ഥികള്‍ 25 പകല്‍ മൂന്നിന് മുമ്പ് https://keralotsavam.com ലൂടെ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04734 246031.
ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസ് ഉപയോഗത്തിന് കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയക്ക് നല്‍കുന്നതിന് ടാക്സി പെര്‍മിറ്റുളള ഏഴ് വര്‍ഷത്തിലധികം പഴക്കമില്ലാത്ത വാഹന ഉടമകളില്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ ആറ് ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍ : 04734 216444.
ക്വട്ടേഷന്‍
പ്രോസിക്യൂഷന് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് 2022 മോഡലോ അതിന് മുകളിലോ ഉള്ള കാര്‍ പ്രതിമാസ നിരക്കില്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 25 വൈകിട്ട് അഞ്ച് വരെ.