തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം പാലിക്കും

Spread the love

 

തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് സമ്പൂർണമായും ഹരിതചട്ടം പാലിച്ചും, പരിസ്ഥിതിസൗഹൃദമായും നടത്തുന്നതിന് സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത തദ്ദേശസ്വയംഭരണവകുപ്പിലെ വിവിധ ഏജൻസികളുടെ യോഗം തീരുമാനിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇതു സംബന്ധിച്ച കർമ്മ പരിപാടിക്ക് രൂപം നൽകി.

തദ്ദേശ സ്വയംഭരണവകുപ്പ്, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി, കുടുംബശ്രീ, ഹരിതകർമസേന എന്നിവയുടെ പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ഫലപ്രഖ്യാപനം വരെയുള്ള പ്രവർത്തനങ്ങളിൽ ഹരിതചട്ടം പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തും. ഇതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ സംസ്ഥാനതലത്തിലും, ജില്ലാകളക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിലും നിരീക്ഷണസമിതികൾ രൂപീകരിക്കും.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രങ്ങൾ, ഓഫീസുകൾ, തിരഞ്ഞെടുപ്പ് വിതരണകേന്ദ്രങ്ങൾ, പോളിംഗ് സ്റ്റേഷനുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവടങ്ങളിലെല്ലാം ഹരിതചട്ടം കർശനമായി പാലിക്കണം. ഇവിടങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ ഉടൻതന്നെ നീക്കം ചെയ്യാനായി ഹരിതകർമസേനയുടെയും ക്‌ളീൻകേരള കമ്പനിയുടെയും സേവനം പ്രയോജനപ്പെടുത്തും. പരിസ്ഥിതി സൗഹൃദമായ രീതിയിൽ ഭക്ഷണവിതരണം നടത്താനായി കുടുംബശ്രീയെ ചുമതലപ്പെടുത്തും. സ്ഥാനാർത്ഥികൾ, രാഷ്ട്രീയപാർട്ടികൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർക്കെല്ലാം തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കുന്നതിന് ഒരു പോലെ ഉത്തരവാദിത്വമുണ്ട്. ഇതിനായി പ്രത്യേക നിർദ്ദേശങ്ങൾ നൽകും. പ്രചാരണത്തിനായി ഉപയോഗിക്കുന്ന അച്ചടിസാമഗ്രികളിൽ നിരോധിത വസ്തുക്കൾ ഉപയോഗിച്ചിട്ടില്ലെന്ന് രാഷ്ട്രീയപാർട്ടികളും സ്ഥാനാർത്ഥികളും ഉറപ്പാക്കണം. നിരോധിത വസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയാൽ പിഴ ഈടാക്കും.

തിരഞ്ഞെടുപ്പ് പ്രചാരണവേളയിലെ പരിസ്ഥിതിമലിനീകരണം, ശബ്ദമലിനീകരണം എന്നിവ തടയുന്നതിനുള്ള നിർദ്ദേശങ്ങൾ പൊതുജനങ്ങൾക്ക് ഒക്ടോബർ 10 ന് മുമ്പ് [email protected] എന്ന ഇ-മെയിൽ വിലാസത്തിലും, സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ, ജനഹിതം, വികാസ് ഭവൻ പിഒ, തിരുവനന്തപുരം എന്ന വിലാസത്തിലും സമർപ്പിക്കാം.

തദ്ദേശസ്വയംഭരണവകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജ്ജ്, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ എച്ച്.ദിനേശൻ, ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ്, തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്.പ്രകാശ്, മറ്റു ഉന്നതോദ്യോഗസ്ഥർ, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

error: Content is protected !!