
നവരാത്രി വിഗ്രഹ ഘോഷയാത്ര ഇന്ന് തുടങ്ങും; ശുചീന്ദ്രം ക്ഷേത്രത്തിൽ നിന്നാണ് മുന്നൂറ്റി നങ്ക ദേവിയുടെ തുടക്കം
konnivartha.com: നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് തമിഴ്നാട്ടിലെ പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് സരസ്വതിദേവി വിഗ്രഹവും, ശുചീന്ദ്രത്ത് നിന്നും ശുചീന്ദ്രം ദേവി (മുന്നൂറ്റി നങ്ക) വിഗ്രഹവും കുമാരകോവിലിൽ നിന്നും കുമാരസ്വാമി വിഗ്രഹവും വെള്ളിക്കുതിരയും പത്മനാഭപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാളിനോടൊപ്പം ഘോഷയാത്രയായി സെപ്റ്റംബർ മാസം 20ന് തമിഴ്നാട്ടിൽ നിന്നും യാത്ര തിരിക്കും. നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്ക് മികവ് കൂട്ടാനായി തമിഴ്‌നാട് മുതൽ തിരുവനന്തപുരം വരെയും തിരുവനന്തപുരം മുതൽ തമിഴ്‌നാട് വരെയും സജന്യമായി കേരള പോലീസും തമിഴ്നാട് പോലീസും ഗാർഡ് ഓഫ് ഓണർ നൽകി വിഗ്രഹത്തോടൊപ്പം അകമ്പടി സേവിക്കും .
വിഗ്രഹ ഘോഷയാത്ര സെപ്റ്റംബർ 20ന് രാത്രി തമിഴ്നാട് കഴിത്തുറ മഹാദേവക്ഷേത്രത്തിൽ എത്തി അവിടെ 21ന് രാവിലെ വിഗ്രഹങ്ങളെ ഇറക്കിപൂജ നടത്തും. സെപ്റ്റംബർ 21ന് കഴിത്തുറ മഹാദേവക്ഷേത്രത്തിൽ നിന്ന് യാത്രതിരിച്ച് ഉച്ചക്ക് 12 മണിയോടെ സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിൽ എത്തിചേരും. അവിടെ കേരള സർക്കാരിന്റെ സ്വീകരണം ഏറ്റുവാങ്ങി തുടർന്ന് പാറശ്ശാല ശ്രീ മഹാദേവക്ഷേത്രത്തിൽ വിഗ്രഹങ്ങളെ ഇറക്കി പൂജ നടത്തുകയും 3 മണിയോടുകൂടി അവിടെ നിന്നും യാത്ര തിരിച്ച് നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരുകയും ചെയ്യും.
സെപ്റ്റംബർ 22ന് രാവിലെ നെയ്യാറ്റിൻകരയിൽ നിന്നും ഘോഷയാത്രയായി തിരുവനന്തപുരത്തേക്ക് തിരിച്ച് തിരുവനന്തപുരം നേമം വില്ലേജ് ഓഫീസിൽ വിഗ്രഹങ്ങളെ ഇറക്കി പൂജ നടത്തും. അവിടെനിന്നും 2 മണിക്ക് യാത്രതിരിച്ച് കരമന ആവണി അമ്മൻ കോവിലിൽ 4 മണിക്ക് എത്തി ചേരുന്നതും അവിടുത്തെ പൂജയ്ക്ക് ശേഷം 5 മണിയോടു കൂടി ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് തിരിക്കും.
തിരുവനന്തപുരത്ത് എത്തിയ ശേഷം സരസ്വതി ദേവിയും ഉടവാളും ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു മുമ്പിലുള്ള നവരാത്രി മണ്ഡപത്തിലും, ശുചീന്ദ്രം ദേവിയും (മുന്നൂറ്റി നങ്ക) പല്ലക്കും ചെന്തിട്ട ദേവി ക്ഷേത്രത്തിലും, കുമാരസ്വാമിയും പല്ലക്കും വെള്ളിക്കുതിരയും ആര്യശാലാദേവി ക്ഷേത്രത്തിലുമായി സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 4 വരെ കുടിയിരുത്തും.
ഘോഷയാത്രയുടെ തിരിച്ചെഴുന്നള്ളത്ത് നവരാത്രി മഹോത്സവം കഴിഞ്ഞ് ഒക്ടോബർ 4-ന് രാവിലെ വിഗ്രഹങ്ങൾ മടക്കയാത്ര ആരംഭിക്കും. മടക്കയാത്രാ വേളയിൽ കിള്ളിപ്പാലത്ത് വെച്ച് കേരള സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്ന് യാത്രയയപ്പ് നൽകും. അന്ന് രാത്രി നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തി ഇറക്കി പൂജ നടത്തും. ഒക്ടോബർ 5ന് രാവിലെ നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ഘോഷയാത്രയായി തിരിച്ച് രാത്രി തമിഴ്നാട് കഴിത്തുറൈ മഹാദേവക്ഷേത്രത്തിൽ എത്തിച്ചേരും. ഒക്ടോബർ 6ന് രാവിലെ അവിടെ നിന്നും യാത്ര തിരിച്ച് വൈകിട്ട് 5 മണിയോടെ പത്മനാഭപുരം കൊട്ടാരത്തിൽ എത്തുകയും സരസ്വതിദേവിയെ സരസ്വതിക്ഷേത്രത്തിൽ കുടിയിരുത്തുകയും ഉടവാൾ ഉപ്പിരിക്ക മാളികയിൽ സൂക്ഷിക്കുകയും ചെയ്യും. തുടർന്ന് 6.30 മണിയോടുകൂടി കുമാരസ്വാമിയെ കുമാരകോവിലിൽ പ്രതിഷ്ഠിക്കുകയും വെള്ളിക്കുതിരയെ കുമാരകോവിലിലെ സ്‌ട്രോങ്ങ് റൂമിൽ സൂക്ഷിക്കുകയും ചെയ്യും.
ശുചീന്ദ്രം ദേവിയെ പത്മനാഭപുരത്തുള്ള കൽക്കുളം മഹാദേവക്ഷേത്രത്തിൽ ഇറക്കി പൂജ നടത്തും. ഒക്ടോബർ 7ന് ശുചീന്ദ്രം ദേവി കൽക്കുളം മഹാദേവക്ഷേത്രത്തിൽ നിന്നും യാത്രതിരിച്ച് ശുചീന്ദ്രത്ത് എത്തുകയും ശുചീന്ദ്രം ദേവിയെ ശുചീന്ദ്രം ക്ഷേത്രത്തിൽ ഇറക്കി പ്രതിഷ്ഠിക്കുന്നതോടുകൂടി നവരാത്രി ഉത്സവം അവസാനിക്കുകയും ചെയ്യുന്ന രീതിയിലാണ് ക്രമീകരണം.
നവരാത്രി എഴുന്നള്ളിപ്പ് സമയം
ശുചീന്ദ്രം മുന്നൂറ്റി നങ്ക ദേവി പുറത്തിറങ്ങുന്നത് 19-09-2025
9.15 AM നും 10.15 AM നും ഇടയ്ക്ക്
പത്മനാഭപുരം കൊട്ടാരത്തിലെ ഉടവാൾ കൈമാറ്റം 20-09-2025
7.30 AM നും 8.30 AM നും ഇടയ്ക്ക്
നവരാത്രി വിഗ്രഹങ്ങൾക്ക് കളിയിക്കാവിളയിൽ സ്വീകരണം
21-09-2025
10.30 AM നും 11.00 AM നും ഇടയ്ക്ക്
നവരാത്രി വിഗ്രഹങ്ങൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ നവരാത്രി മണ്ഡപത്തിൽ എത്തുന്നത്
22-09-2025 വൈകുന്നേരം 6.30 PM നും 7.30 PM നും ഇടയ്ക്ക്
നവരാത്രി മണ്ഡപത്തിലെ പൂജവെപ്പ് സമയം
23-09-2025, രാവിലെ 8.30