ഇന്ന് ലോകം വിനോദസഞ്ചാര ദിനം:കോന്നിയില്‍ പുതിയ പദ്ധതികള്‍ ഒന്നും ഇല്ല

Spread the love

സ്റ്റോറി :ജയന്‍ കോന്നി 

konnivartha.com: ഇന്ന് ലോക വിനോദസഞ്ചാര ദിനം . കേരളത്തില്‍ മറ്റു ജില്ലകളില്‍ വിവിധ പുതിയ പദ്ധതികള്‍ നടപ്പിലാക്കി വരുമ്പോള്‍ പ്രഖ്യാപിച്ച പല പദ്ധതികളും പത്തനംതിട്ട ജില്ലയില്‍ തുടങ്ങിയില്ല . ഗവിയും കോന്നി ഇക്കോ ടൂറിസം പദ്ധതിയും അടവി കുട്ട വഞ്ചി സവാരിയും മാത്രം ആണ് മുന്‍പ് തുടങ്ങിയ പദ്ധതി നേട്ടം .പുതിയ പദ്ധതികള്‍ ജില്ലയില്‍ ഒന്നും ഇല്ല . കൊക്കാതോട് കാട്ടാത്തി ഇക്കോ ടൂറിസം പദ്ധതിയും വനത്തിലൂടെ ഉള്ള ടൂറിസം പദ്ധതികളും എല്ലാം കടലാസില്‍ മാത്രം .

പത്തനംതിട്ട ജില്ലയില്‍ നിരവധി ടൂറിസം സാധ്യത ഉണ്ട് .എന്നാല്‍ പഴയ പദ്ധതികള്‍ തന്നെ വികസിപ്പിക്കാന്‍ ഉള്ള നടപടികള്‍ പോലും ഇല്ല . വനത്തിലൂടെ ഉള്ള സാഹസിക സഞ്ചാരം , വെള്ളച്ചാട്ടങ്ങള്‍ കേന്ദ്രീകരിച്ചുള്ള വിപുലമായ പദ്ധതി . തുടങ്ങിയവ പഴയ പ്രഖ്യാപനം മാത്രം . ചരിത്രപ്രസിദ്ധമായ മണ്ണടി വേലുത്തമ്പി സ്മാരക മ്യൂസിയം ജില്ലയിലെ തന്നെ മികച്ച കേന്ദ്രം ആണെങ്കിലും ആവശ്യത്തിന് പ്രചാരണം നല്‍കാത്തതിനാല്‍ സഞ്ചാരികളുടെ കുറവ് ഉണ്ട് . പത്തനംതിട്ട ജില്ലയിലെ സ്കൂള്‍ കുട്ടികളെ പോലും ഇവിടെ എത്തിച്ചു പ്രാധാന്യം മനസ്സിലാക്കി നല്‍കുവാന്‍ അധികൃതര്‍ക്ക് ഇപ്പോള്‍ കഴിയുന്നില്ല . ജില്ലയിലെ ടൂറിസം സാധ്യതകള്‍ കണ്ടെത്തി അവയെ ജനകീയമാക്കി നിലനിര്‍ത്താന്‍ കഴിയുന്നില്ല .

ആദ്ധ്യാത്മികതയുടെ സംഗമ ഭൂമിയായ പത്തനംതിട്ട ജില്ലയിലെ തീർത്ഥാടക കേന്ദ്രങ്ങൾ ഉൾപ്പെടുത്തി ഫെസ്റ്റിവെൽ കലണ്ടർ പോലും തയാര്‍ ചെയ്തിട്ടില്ല . ഇവയെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഉള്ള പദ്ധതികള്‍ തുടങ്ങണം .

സാംസ്കാരികപരമായി ഉയര്‍ന്ന നിലവാരം ഉണ്ടായിരുന്ന ജില്ലയില്‍ നിലവില്‍ സാമൂഹിക സാംസ്കാരിക കാര്യത്തില്‍ പിന്നോക്കം ആണ് . ഓരോ ഗ്രാമത്തിലും ഉള്ള നാടന്‍ കലകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു പഠന വിഷയമാക്കിയിട്ടില്ല . ലോകം ടൂറിസം രംഗത്ത് മികച്ച കാഴ്ചകള്‍ നല്‍കി വരുന്നു എങ്കിലും പ്രാദേശിക ടൂറിസം സാധ്യതകളെ കണ്ടറിഞ്ഞു വികസിപ്പിക്കാന്‍പത്തനംതിട്ട ജില്ലയ്ക്ക് കഴിഞ്ഞില്ല . ഗവിയും കോന്നി എക്കോ ടൂറിസം കേന്ദ്രവും മാത്രം കാണിച്ചു സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയില്ല . പുതിയ കാഴ്ചകള്‍ കാണുവാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് മുന്നില്‍ പത്തനംതിട്ട ജില്ല ഏറെ പിന്നില്‍ ആണ് .മാറ്റം ഉണ്ടാകണം . അതിനു പ്രാദേശിക രംഗത്ത്‌ അറിവ് ഉള്ളവരെ ചേര്‍ത്ത് ജില്ലാ ടൂറിസം പ്രമോഷന്‍ വിഭാഗം വിപുലീകരിക്കണം .കോന്നി ഇക്കോ ടൂറിസം കോന്നി ആനക്കൂട്ടിലും അടവി കുട്ടവഞ്ചി സവാരിയിലും മാത്രം ഒതുക്കി നിര്ത്തുന്ന അധികാരികള് കാഴ്ചകളിലേക്ക് ഇനിയെങ്കിലും മിഴി തുറക്കുക:

കാട്ടാത്തി പാറ

കാട്ടാത്തി പാറ ചൊല്ലി …കാട്ടു പെണ്ണിന് കഥ ചൊല്ലി…കൂട്ട്കൂടാന്‍ വന്ന കാട്ടു തുമ്പി പെണ്ണിനോട്…കാട്ടാത്തി പാറ ചൊല്ലി………….പ്രകൃതി മാടി വിളിക്കുന്നു ..കാട്ടാത്തി പാറയെ അടുത്തറിയാന്‍ .എന്നാല്‍ എല്ലാത്തിനും ഉടമകള്‍ തങ്ങള്‍ ആണെന്ന ഭാവത്തോടെ വനം വകുപ്പ് സഞ്ചാരികളെ തടയുന്നു . മുന്‍പ് സഞ്ചാരികള്‍ ഈ പാറ മുകളിലേക്ക് എത്തിയിരുന്നു ഇന്ന് വനം വകുപ്പ് സഞ്ചാര സ്വാതന്ത്ര്യം വിലക്കി .പേരില്‍ കാട്ടാന ശല്യം എന്നാണു പറയുന്നത് .എന്നാല്‍ വനത്തിലേക്ക് ആരും പ്രവേശിക്കരുത് എന്നുള്ള കാടന്‍ കാട്ടു നീതി ആണ് ഇവിടെ പ്രയോഗിക്കുന്നത് .

എന്നാല്‍ കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ആദ്യ കാലത്ത് ഇവിടെയ്ക്ക് വിനോദ സഞ്ചാരം ലക്ഷ്യമാക്കി പദ്ധതികള്‍ വിഭാവന ചെയ്തിരുന്നു . എന്നാല്‍ തുടക്കത്തിലേ ആവേശം നിലനിര്‍ത്തി പദ്ധതി കൊണ്ട് വരാന്‍ ബന്ധപെട്ടവര്‍ തയാറായില്ല . എന്തായാലും ഈ പാറയെ അടുത്തറിയാം .

സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ ഇവിടെ ഇതാ ആകാശത്തോളം തല പൊക്കത്തില്‍ കാട്ടാത്തി പാറ.അരികില്‍ അണയുന്നവരില്‍ പ്രകൃതിയുടെ പച്ചപ്പ്‌ കുളിര് തെന്നലായ് തഴുകി എത്തും.ഇത് വനാന്തരത്തില്‍ ഉള്ള പ്രകൃതിയുടെ വര പ്രസാദം.

പത്തനംതിട്ട ജില്ലയില്‍ കോന്നി കൊക്കാതോട് എന്ന വനാന്തര ഗ്രാമം .അച്ഛന്‍ കോവില്‍ നദിയുടെ കുഞ്ഞോളങ്ങള്‍ തഴുകി വളര്‍ത്തിയ വനാന്തരം.കോന്നിവനം ഡിവിഷന്‍റെ ഭാഗം.കോന്നി -കല്ലേലി -കൊക്കാതോട് വനയാത്ര ആരിലും ഉണര്‍വ് പകരും .

വനത്തിലെ ഒരു പുല്‍ക്കൊടി പോലും നശിപ്പിക്കരുത് . വന നിയമം പാലിച്ചു കൊണ്ട് യാത്ര തുടരാം .മൃഗങ്ങളെശല്യംചെയ്യരുത്.വന വിഭവങ്ങള്‍ കവരുകയും ചെയ്യരുത് .പറ്റുംഎങ്കില്‍ ഒരു വൃഷതൈ നടുക.കല്ലേലിയിലൂടെ ഒഴുകുന്ന അച്ഛന്‍ കോവില്‍ നദിയില്‍ നീരാടി കൊക്കാതോട്ടിലേക്ക് പ്രവേശിക്കാം.

ഇന്ത്യബര്‍മ്മ യുദ്ധത്തില്‍ ഏര്‍പ്പെട്ട അംഗ ഭംഗം വന്ന പട്ടാളക്കാര്‍ക്ക് കൃഷി ചെയ്യാന്‍ അനുവദിച്ചു നല്കിയ വനമേഖല ആണ് കൊക്കാതോട് എന്ന് എത്ര പേര്‍ക്ക് അറിയാം എന്നറിയില്ല .ചിലര്‍ ഈ വാദത്തെ എതിര്‍ക്കുന്നു . കാരണം ഇന്നിന്‍റെ ആളുകള്‍ക്ക് പഴമയുടെ കാര്യങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്നില്ല . .വികസന പാതയില് അനേകം നേട്ടം കൊക്കാതോട് കൈ വരിച്ചു.അല്ലുങ്കല്‍ തുടങ്ങി കോട്ടാം പാറയില്‍ അവസാനിക്കുന്ന ഈ വനാന്തര ഗ്രാമം സഞ്ചാരികളെ കാത്തിരിക്കുന്നു.

ഇക്കോ ടൂറിസം വികസനത്തില്‍ കാട്ടാത്തി പാറക്കുള്ള സ്ഥാനം വലുതാണ്‌.കാട്ടാത്തി പാറയിലേക്കുള്ള യാത്ര തുടരാം. മലപണ്ടാരവിഭാഗത്തില്‍ ഉള്ള ആദിവാസികളുടെ ഊരിലൂടെ കടന്നു മല കയറാം.വനത്തിലൂടെ പിന്നെയും നാല് കിലോ മീറ്റര്‍ നടക്കാം.ചിലപ്പോള്‍ ആന,കാട്ടുപോത്ത്,കേഴ,മ്ലാവ്,കൂരന്,പന്നി എന്നിവയുടെ മുന്നില്‍ പെടാം.കാട്ടു വള്ളികള്‍ കുടപിടിച്ച വനം.

വിശാലമായ പുല്‍ പരപ്പ്,ചെറിയ നീരുറവയില്‍ മുഖം കഴുകി കാട്ടു പുല്ലുകളെ വകഞ്ഞു മലയേറാം.കുത്തനെഉള്ള മലകയറ്റം അങ്ങ് അകലെ കിഴക്ക് തലയുയര്‍ത്തിപ്പിടിച്ച് അനേക പാറകള്‍.ഉളക്ക ചാണ്ടി, കൊതകുത്തി,പാപ്പിനി,എന്നീ വിളി പേരുള്ള പാറകള്‍ .ഈ പാറകള്‍ എല്ലാം ഐതീഹ്യം ഉള്ള ചരിത്ര സത്യം ഉറങ്ങുന്ന സ്ഥലമാണ് ,അകലെ മഞ്ഞു മൂടി നില്കുന്ന കിഴക്കിന്‍റെ മല നിരകള്‍ .മല കയറുമ്പോള്‍ പേരറിയാത്ത അനേക കാട്ടു പൂക്കള്‍ ഇതള്‍ വിടര്‍ത്തി തുമ്പികളെ അരികിലേക്ക് ക്ഷണിക്കുന്നു .പൂമ്പൊടി തേടി തേനീച്ചകള്‍ വട്ടം ഇടുന്നു.താഴെ വന്യ മൃഗത്തോട് മല്ലിട്ട് കൃഷി ചെയുന്ന അനേകായിരങ്ങള്‍.

ഉച്ച സൂര്യന്‍റെ ചൂട് കൂടുമ്പോള്‍ നടത്തം മെല്ലെയാകുന്നു.എന്നാലും മുകള്‍പരപ്പില്‍ ചെന്ന് എത്താന്‍ ഉള്ള വെമ്പല്‍.ഒടുവില്‍ കാനന നടുവിലെ കാട്ടാത്തി പാറയുടെ നെറുകയില്‍ എത്തി.രണ്ടു കിലോമീറ്റര്‍ ഉള്ള മുകള്‍ പരപ്പ്.ചുറ്റും ബ്രഹത്‌ പാറകള്‍.അകലെ പുല്ലു തിന്നുന്ന ആനകള്‍.ശുദ്ധ വായു ഈ കാഴ്ചകള്‍ കാണാന്‍ വനം വകുപ്പ് കനിയണം .

ഇവിടെ നിന്നും സായംസന്ധ്യ കാണാന്‍ മനോഹരം അല്പം കൂടി നിന്നാല്‍ ആനകള്‍ തീറ്റ തേടി എത്തും.പഴമക്കാരുടെ വാ മൊഴിയിലൂടെ ഇവിടെ ഒരു കഥ കേള്‍ക്കാം.വനത്തിലെ ആദിവാസി പെണ്‍കൊടി ശാപം മൂലം പാറയായെന്നും,അതല്ല സ്നേഹിച്ച യുവാവിനെ കിട്ടാതെ ആദിവാസി യുവതി ഇവിടെ നിന്നും ചാടി മരിച്ചെന്നും,സ്നേഹിച്ച പുരുഷനെ ചതിയില്‍പെടുത്തിയ ആദിവാസിയെ യുവതി ഇവിടെ നിന്നും തള്ളി താഴെ ഇട്ടു എന്നുള്ള കഥകള്‍ പലരും പറയുന്നു.

എന്നാല്‍ ഒരു പ്രതികാര കഥയാണ് ഏറെ പേരും ചെവിയില്‍ ഓതിയത്.ഈ പാറയുടെ ചരുവില്‍ തീനീച്ചകൂടുകള്‍ ഉണ്ട് .ഇത് എടുക്കുക്ക പ്രയാസം.അകലെ സൂര്യന്‍ തന്‍റെ പകല്‍ പ്രഭാവം അവസാനിപ്പിക്കുന്നു.ആകാശം ചുമന്നു.മനോഹര കാഴ്ച.

യാത്ര ഇഷ്ടപെടുന്നവര്‍ക്ക് കൊക്കാതോട് കാട്ടാത്തി പാറ നല്ല ഒരു അനുഭവം പകരും.കോന്നി ഇക്കോ ടൂറിസം വിപുലീകരിക്കുമ്പോള്‍ കൊക്കാതോട് കാട്ടാത്തി പാറ ഇടം പിടിക്കും എന്നായിരുന്നു അന്നത്തെ പ്രഖ്യാപനം ..കാട്ടാത്തി പാറയോട് തല്‍ക്കാലം വിട പറയാം.കഥകള്‍ ഉറങ്ങുന്ന ഇവിടെ വീണ്ടും എത്താന്‍ എല്ലാവരും ആഗ്രഹിക്കും.കാരണം പ്രകൃതി നശീകരണം ഇവിടെ ഇല്ല.പച്ചപ്പ്‌ പുതച്ച ഈ വനം ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കണം .ജീപ്പില്‍ നിബിഡ വനത്തിലൂടെ 61 കിലോമീറ്റര് സഞ്ചരിച്ച് വൈകുന്നേരം 4 മണിക്ക് അവസാനിക്കുന്ന ഒരു അവിസ്മരണീയ യാത്ര കോന്നിയില് നിന്നും തുടങ്ങാം.

സഹാസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്കായി കാട്ടാത്തി- ചെളിക്കല്‍ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ജീപ്പ് സഫാരി ഒരു വ്യത്യസ്ത അനുഭവമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു .എന്നാല്‍ വനം വകുപ്പ് എന്തിനു തടസ്സം നില്‍ക്കുന്നു എന്ന് ചോദിച്ചാല്‍ വനത്തില്‍ കടന്നു കയറ്റം നടക്കുമെന്ന് ആണ് പറയുന്നത് .

മലമ്പണ്ടാര ഗോത്രസമൂഹത്തിന്‍റെ ആചാര വിശ്വാസങ്ങളുമായി ബന്ധപ്പെട്ട കാട്ടാത്തിപ്പാറയിലെ നയനസുന്ദരമായ കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് ഒരു വ്യത്യസ്ത അനുഭവമാകും. അച്ഛന്‍ കോവില്‍ നദീതട സംസ്‌കാരത്തിന്‍റെയും പ്രാചീന സംസ്‌കൃതിയുടെയും തിരുശേഷിപ്പുകളോടെ സ്ഥിതി ചെയ്യുന്ന വനാന്തര്‍ ഭാഗത്തെ പുരാതന ക്ഷേത്രങ്ങള്‍ വനം വകുപ്പിന്‍റെ മര്‍ക്കട മുഷ്ടിയില്‍ നാമാവിശേഷമായതിന്‍റെ തിരു ശേഷിപ്പുകള്‍ ഇന്നും കാണാന്‍ കഴിയും .

ഹൃദയത്തില് തട്ടുന്ന മനോഹരമായ ദൂരക്കാഴ്ചയാണ് നെല്ലിക്കപ്പാറ വ്യൂ പോയിന്‍റും . ഇതും സഞ്ചാരികളെ ആകര്‍ഷിക്കും . ഇവിടെയും അച്ഛന്‍ കോവില്‍ നദീതട സംസ്‌കാരത്തിന്‍റെ ഭാഗങ്ങള്‍ കാണാം. തലമാനം വനഭാഗത്തു നിന്ന് ഉത്ഭവിക്കുന്ന കാട്ടരുവിയിലെ മണ്ണീറ വെള്ളച്ചാട്ടവുംമറക്കാനാകാത്ത കാഴ്ചകളില്‍ ഒന്നാകുമെന്ന കാര്യത്തില് സംശയമില്ല.

പ്രകൃതിയുടെ കരലാളനകള്‍ കോന്നി വനാന്തരങ്ങള്‍ക്ക് ഒരു പ്രത്യേക ഭാവം നല്കി.കോന്നി ഇക്കോ ടൂറിസം കോന്നി ആനകൂട്ടിലും അടവി കുട്ടവഞ്ചി സവാരിയിലും മാത്രം ഒതുക്കി നിര്‍ത്തുന്ന അധികാരികള്‍ കാഴ്ചകളിലേക്ക് ഇനിയെങ്കിലും മിഴി  തുറക്കുക

error: Content is protected !!