പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 27/09/2025 )

Spread the love

ശിശുദിനാഘോഷം ജില്ലയില്‍ വിപുലമായി സംഘടിപ്പിക്കും

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം  ( വര്‍ണോല്‍സവം 2025 )  വിപുലമായി സംഘടിപ്പിക്കാന്‍ എ.ഡി എം ബി ജ്യോതിയുടെ അധ്യക്ഷതയില്‍  കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ഒക്ടോബര്‍ 18, 19 തീയതികളില്‍ ജില്ലാതല മല്‍സരങ്ങള്‍ കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌ക്കൂളിലും  കോഴഞ്ചേരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സംഘടിപ്പിക്കും. ഇതേ വേദികളില്‍ ഒക്ടോബര്‍ 25 ന് ചിത്രരചനാ മത്സരങ്ങള്‍ നടക്കും.

സര്‍ക്കാര്‍ / എയ്ഡഡ് / അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ എല്‍.പി / യു .പി / എച്ച് .എസ് / എസ്. എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് നേരിട്ട്  പങ്കെടുക്കാം. സ്‌കൂള്‍ തലങ്ങളിലെ പട്ടിക ഒക്ടോബര്‍ 15ന്  മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം .

നവംബര്‍ 14ന് പത്തനംതിട്ടയില്‍ നടക്കുന്ന ശിശുദിന റാലിയില്‍ നഗര പ്രദേശത്തെ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍  പങ്കെടുക്കും.  രാവിലെ എട്ടിന്  കലക്ടറേറ്റ് അങ്കണത്തില്‍ നിന്ന്  ആരംഭിക്കുന്ന ശിശുദിന റാലി നഗരം  ചുറ്റി മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിക്കും.  തുടര്‍ന്ന് പൊതു സമ്മേളനം.

ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി പൊന്നമ്മ,  ജില്ല വൈസ് പ്രസിഡന്റ് ആര്‍ അജിത് കുമാര്‍, ജില്ല ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ , ജില്ല ട്രഷറാര്‍ ഏ. ജി ദീപു , അംഗങ്ങളായ എസ് മീരാസാഹിബ് , സുമ നരേന്ദ്ര , ശിശു സംരക്ഷണ ഓഫീസര്‍ ടി .ആര്‍  ലതാകുമാരി, കുഞ്ഞനാമ്മ കുഞ്ഞ് , കലാനിലയം രാമചന്ദ്രന്‍നായര്‍ , സി. ആര്‍ കൃഷ്ണകുറുപ്പ് , രാജന്‍ പടിയറ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു .

 

ജില്ല കലക്ടര്‍ എസ് .പ്രേംകൃഷ്ണന്‍ ( ചെയര്‍പേഴ്‌സണ്‍), കുഞ്ഞന്നാമ്മ കുഞ്ഞ്, ആര്‍ അജിത് കുമാര്‍ , ടി.ആര്‍ ലതാകുമാരി , എ.എസ് നൈസാം, സി.റ്റി ജോണ്‍, കെ.വി ആശാമോള്‍, പ്രൊഫ. ടി. കെ. ജി നായര്‍ ( വൈസ് ചെയര്‍മാന്‍മാര്‍ ) ജി. പൊന്നമ്മ ( ജനറല്‍ കണ്‍വീനര്‍ ) , ബി.ആര്‍ അനില ( കണ്‍വീനര്‍ ) എന്നിവര്‍ ഭാരവാഹികളായും  സലിം പി. ചാക്കോ ( ചെയര്‍മാന്‍ പബ്‌ളിസിറ്റി ),   പ്രവീണ്‍ ജി.നായര്‍ ( കണ്‍വീനര്‍ പബ്‌ളിസിറ്റി ), കലാനിലയം രാമചന്ദ്രന്‍ നായര്‍ ( പ്രോഗ്രാം ചെയര്‍മാന്‍ ) , സി. ആര്‍. കൃഷ്ണകുറുപ്പ് ( പ്രോഗ്രാം കണ്‍വീനര്‍ ) , ആര്‍ അജിത് കുമാര്‍  ( ചെയര്‍മാന്‍ ഫിനാന്‍സ് ) , ജി. പൊന്നമ്മ ( കണ്‍വീനര്‍ ഫിനാന്‍സ് ) , രാജന്‍ പടിയറ ( ചെയര്‍മാന്‍ ഫുഡ് ) എ ജി ദീപു ( കണ്‍വിനര്‍ ഫുഡ് ),പത്തനംതിട്ട ഡി. വൈ എസ് പി ( ചെയര്‍മാന്‍ റാലി ) എന്നിവര്‍ സബ്  കമ്മറ്റി ഭാരവാഹികളായും സംഘാടക സമിതി രൂപീകരിച്ചു.

അടൂര്‍ കെ.എസ്.ആര്‍.ടി.സി യാര്‍ഡ് നിര്‍മാണത്തിന് ഭരണാനുമതി

അടൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ ഓപ്പറേറ്റിങ് യാര്‍ഡ് നിര്‍മാണത്തിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറിയിച്ചു. നിര്‍വഹണ ചുമതലയുള്ള പൊതുമരാമത്ത് നിരത്ത് വിഭാഗവുമായി ബന്ധപ്പെട്ട് സാങ്കേതിക അനുമതി നടപടി പുരോഗമിക്കുന്നു. സമയബന്ധിതമായി ടെന്‍ഡറിങ് സാധ്യമാക്കുമെന്നും ഡെപ്യൂട്ടിസ്പീക്കര്‍  അറിയിച്ചു.  ഡിപ്പോയില്‍ ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കുന്നതിന് ഒരു കോടി രൂപയ്ക്കുളള അന്തിമ ഭരണാനുമതി അവസാന ഘട്ടത്തിലാണെന്നും  ഡെപ്യൂട്ടി സ്പീക്കര്‍ സൂചിപ്പിച്ചു.

റേഷന്‍ കാര്‍ഡ് തരം മാറ്റം

പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ/ പി.എച്ച്.എച്ച് വിഭാഗത്തിലേക്ക് തരംമാറ്റുന്നതിന്  അപേക്ഷ ക്ഷണിച്ചു. പഞ്ചായത്ത്/ നഗരസഭയില്‍ നിന്നുള്ള ബി.പി.എല്‍ സാക്ഷ്യപത്രം, കാര്‍ഡിലെ ഏതെങ്കിലും അംഗത്തിന് ഗുരുതര രോഗങ്ങളായ അര്‍ബുദം, കിഡ്‌നി, ഹൃദയ സംബന്ധമായ അസുഖം, പക്ഷാഘാതം എന്നീ അസുഖങ്ങള്‍ക്ക് ചികിത്സയിലാണെങ്കില്‍ ആയത് സംബന്ധിച്ച ഡോക്ടറുടെ സാക്ഷ്യപത്രം, ഭൂ/ ഭവന രഹിതരാണെങ്കില്‍ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, ഏതെങ്കിലും പദ്ധതിപ്രകാരം വീട് ലഭ്യമായിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട പഞ്ചായത്ത്/ ബ്ലോക്ക്/ ജില്ലാ പഞ്ചായത്ത്/ നഗരസഭയില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നിവ അക്ഷയ വഴിയോ സിറ്റിസണ്‍ ലോഗിന്‍ വഴിയോ ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാമെന്ന് റാന്നി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 04735 227504.


ക്വട്ടേഷന്‍

ജില്ലാ ടൂറിസം  പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുളള വടശേരിക്കര തീര്‍ഥാടന വിശ്രമകേന്ദ്രവും കംഫര്‍ട്ട് സ്റ്റേഷനും 2025 ഒക്ടോബര്‍ 15 മുതല്‍ 2028 ഒക്ടോബര്‍ 14 വരെ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 2025  നാല്. ഫോണ്‍: 9447709944, 0468 2311343.


ഖാദിക്ക് 30 ശതമാനം റിബേറ്റ്

ഗാന്ധിജയന്തിയോടനുബന്ധിച്ച്  സെപ്റ്റംബര്‍ 29  മുതല്‍  ഒക്ടോബര്‍ നാലുവരെ ഖാദി തുണിത്തരങ്ങള്‍ക്ക്   30 ശതമാനം വരെ റിബേറ്റ് അനുവദിച്ചു. ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റേയും ഖാദി കമ്മീഷന്റെ അംഗീകാരമുള്ള മറ്റു സ്ഥാപനങ്ങളുടേയും  ഷോറൂമുകളില്‍  നിന്ന് റിബേറ്റ്  ലഭിക്കും. ഫോണ്‍ :0468-2362070.
ഇ-മെയില്‍ : [email protected]


ഗാന്ധിജയന്തി പ്രശ്‌നോത്തരി

‘ഗാന്ധിജിയും ഖാദിയും, സ്വാതന്ത്ര്യ സമരവും, പൊതുവിജ്ഞാനവും വിഷയത്തില്‍ കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന പ്രശ്‌നോത്തരിക്ക് മുന്നോടിയായി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍  വിദ്യാര്‍ഥികള്‍ക്ക്  ജില്ലാതല പ്രാഥമിക സ്‌ക്രീനിംഗ് ഒക്ടോബര്‍ ആറിന് രാവിലെ 11ന്  ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നടക്കും.  പ്രശ്‌നോത്തരിയില്‍ പങ്കെടുക്കുന്ന  വിദ്യാര്‍ഥികളുടെ പേര് സെപ്റ്റംബര്‍ 30ന് മുമ്പ്  [email protected] ലേക്ക് അയക്കണം. ജില്ലാ തല വിജയികള്‍ക്ക് സമ്മാന തുകയും സംസ്ഥാനതല മത്സരയോഗ്യതയും ലഭിക്കും. ഫോണ്‍ :0468-2362070.

ക്വട്ടേഷന്‍

പത്തനംതിട്ട ജനറല്‍ ആശുപത്രി ദന്തയൂണിറ്റിലേക്ക് ഉപകരണം  വിതരണം ചെയ്യാന്‍ താല്‍പര്യമുളള അംഗീകൃത ജിഎസ്ടി രജിസ്റ്റേര്‍ഡ് സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ ഒമ്പത് പകല്‍ മൂന്നുവരെ. ഫോണ്‍: 0468 2222364.

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ നാലിന്

കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍ നാലിന് രാവിലെ 10.30 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.


കോന്നി താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍  നാലിന്

കോന്നി താലൂക്ക് വികസന സമിതി യോഗം ഒക്ടോബര്‍  നാലിന് രാവിലെ 11ന്  കോന്നി താലൂക്ക് ഓഫീസില്‍ നടക്കും.


കയര്‍ഫെഡ് മേള

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ ഗാന്ധിജയന്തി, നവരാത്രി എന്നിവയോടനുബന്ധിച്ച് ഒക്‌ടോബര്‍ അഞ്ചുവരെ മേള നടക്കും. മെത്തകള്‍ക്ക് 35 മുതല്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടും കയറുല്‍പ്പന്നങ്ങള്‍ക്ക് 10  മുതല്‍ 30 ശതമാനം വരെ ഡിസ്‌കൗണ്ടും 2000 രൂപയ്ക്ക് മുകളിലുള്ള ഓരോ പര്‍ച്ചേസിനും ഒരു ബില്ലിന് ഒരു കൂപ്പണ്‍ വീതവും നല്‍കുന്നു. നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനം 55 ഇഞ്ച് എല്‍.ഇ.ഡി. സ്മാര്‍ട്ട് ടിവി, രണ്ടാം സമ്മാനം വാഷിംഗ് മെഷീന്‍ (രണ്ട് പേര്‍ക്ക്), മൂന്നാം സമ്മാനം മെക്രോവേവ് ഓവന്‍ (മൂന്ന് പേര്‍ക്ക്), 20 പേര്‍ക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയുടെ സമ്മാനകൂപ്പണും ലഭിക്കും. സ്പ്രിംഗ്‌മെത്തകള്‍ക്കൊപ്പം റോളപ്പ്, ഊഞ്ഞാല്‍, തലയിണ, ബെഡ്ഷീറ്റ്, ആര്‍. സി. മൂന്ന് ഡോര്‍മാറ്റ് എന്നിവയും സൗജന്യം. ഡബിള്‍കോട്ട് മെത്തകള്‍ 3400രൂപ മുതല്‍ ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍, സഹകരണ ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍, കുടുംബശ്രീ ഗ്രൂപ്പംഗങ്ങള്‍ എന്നിവര്‍ക്ക് പ്രത്യേക ഡിസ്‌ക്കൗണ്ടും പലിശ രഹിത വായ്പയും ഉണ്ട്്.  ഫോണ്‍: 9447861345, 9447958445

തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ജോലിയെടുക്കുന്നവര്‍ക്ക് തൊഴിലുറപ്പു ക്ഷേമനിധിയില്‍ അംഗത്വം എടുക്കുന്നതിന് അവസരം. അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസാനുകൂല്യം, പെണ്‍മക്കളുടെ വിവാഹം, പ്രസവാനുകൂല്യം, തൊഴിലാളികളുടെ ചികിത്സ ചെലവ്, മരണാനന്തര ചെലവുകള്‍ തുടങ്ങിയവയാണ് ലഭിക്കുന്നത്.  പ്രതിമാസ അംശദായം 50 രൂപ. തൊഴിലുറപ്പു പദ്ധതിയില്‍ ജില്ലയിലെ ഏതെങ്കിലും ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ കാര്‍ഡ് എടുക്കുകയും 18-55 പ്രായമുള്ളതും ഈ വര്‍ഷമോ മുന്‍വര്‍ഷങ്ങളിലോ കുറഞ്ഞത് 20 ദിവസമെങ്കിലും അവിദഗ്ധ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ക്കാണ് അംഗത്വം.  https://kegwwfb.kerala.gov.in  ലൂടെയോ അക്ഷയകേന്ദ്രത്തിലോ ഗ്രാമ/ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വിഭാഗത്തിലൂടെയോ  അപേക്ഷിക്കാം.  ഫോണ്‍  – 0468 2962038.

പി എസ് സി അഭിമുഖം

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍പിഎസ് (മൂന്ന് എന്‍സിഎ-എസ് സി) (കാറ്റഗറി നം. 107/24) തസ്തികയുടെ ചുരുക്കപട്ടികയില്‍ ഉള്‍പെട്ടവര്‍ക്ക് ഒക്ടോബര്‍ ഒമ്പതിന് പി എസ് സി ആലപ്പുഴ ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും. ഫോണ്‍ : 0468 2222665.

സംസ്ഥാന യുവജന കമ്മീഷന്‍ ഇ.എം.എസ് മെമ്മോറിയല്‍ പ്രസംഗമത്സരം

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച്  സംസ്ഥാന യുവജന കമ്മീഷന്‍ ഒക്ടോബര്‍ എട്ടിന്  കോഴിക്കോട് ഐ.എച്ച്.ആര്‍.ഡി കോളേജില്‍ പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.  ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 20,000, 15,000, 10,000 രൂപ സമ്മാനവും ഇ.എം.എസ് സ്മാരക ട്രോഫിയും  ലഭിക്കും. പ്രായപരിധി : 18 – 40.   ചിത്രം ഉള്‍പ്പെടെ ബയോഡേറ്റ [email protected]  ലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33
നല്‍കാം.  അവസാന തീയതി ഒക്ടോബര്‍ ആറ്. ഫോണ്‍ : 8086987262, 0471-2308630.


ഐ ടി ഐ സീറ്റ് ഒഴിവ്

മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി.ഐ യിലെ എന്‍സിവിടി അംഗീക്യത കോഴ്‌സുകളായ ഡ്രാഫ്റ്റ്‌സ്മാന്‍  സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളില്‍ സീറ്റ് ഒഴിവുണ്ട്. അസല്‍ സര്‍ട്ടിഫിക്കറ്റ് , ടി സി, ഫീസ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം. അവസാന തീയതി സെപ്റ്റംബര്‍ 30.
ഫോണ്‍ : 0468 2259952, 9961276122, 9995686848, 8075525879.

ഏകദിന പരിശീലനം മാറ്റിവച്ചു

വയര്‍മാന്‍ പെര്‍മിറ്റ് ലഭിക്കുന്നതിന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് സെപ്റ്റംബര്‍ 30 ന് നടത്താനിരുന്ന ഏകദിന പരിശീലനം മാറ്റിവച്ചതായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.  ഫോണ്‍ : 0468 2223123. ഇ-മെയില്‍ : [email protected]


ഗതാഗത നിയന്ത്രണം

വട്ടകുളഞ്ഞി-പുലരി റോഡില്‍ കോണ്‍ക്രീറ്റ് നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 29 മുതല്‍ വാഹന ഗതാഗതം നിരോധിച്ചിരിക്കുന്നു. വട്ടകുളഞ്ഞി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ മല്ലശ്ശേരിമുക്ക് റോഡുവഴിയും പുലരി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ ഈട്ടിമൂട്ടില്‍പടി വഴിയും പോകണം.

ആധാരം കൈമാറി

ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് 2025- 26 ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂരഹിതര്‍ക്ക് പഞ്ചായത്ത് നേരിട്ട് വാങ്ങി നല്‍കിയ വസ്തുവിന്റെ ആധാരം ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരന്‍ പിള്ള കൈമാറി. വൈസ് പ്രസിഡന്റ് സാലി ജേക്കബ് അധ്യക്ഷയായി. പഞ്ചായത്തില്‍ 2020-25 കാലയളവില്‍  137 പേര്‍  ഭവന നിര്‍മാണം പൂര്‍ത്തിയാക്കി. മനസോടെ ഇത്തിരി മണ്ണ് എന്ന കാമ്പയിനില്‍ നാലുപേര്‍ക്ക് സൗജന്യമായി നാല് സെന്റ് വീതം ഭൂമി പൊതുജനങ്ങളില്‍ നിന്ന് കണ്ടെത്തി സൗജന്യമായി നല്‍കിയതായും പ്രസിഡന്റ് പറഞ്ഞു. സ്ഥിരം സമിതി അധ്യക്ഷരായ അമിത രാജേഷ്, ജോസഫ് മാത്യു, അംഗങ്ങളായ കെ കെ വിജയമ്മ, ത്രേസ്യാമ്മ കുരുവിള, പഞ്ചായത്ത് സെക്രട്ടറി എസ് മനേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!