വിജയ്‌യുടെ റാലി: തിക്കിലും തിരക്കിലുംപെട്ട് 39 മരണം

Spread the love

 

തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു. ഇതിൽ 8 കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടുന്നു. 29 പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യൻ അറിയിച്ചു.

 

കുഴഞ്ഞു വീണ കുട്ടികളട‌ക്കം 107 പേർ ചികിത്സയിലുണ്ട്. ഇതിൽ 17 പേരുടെ നില ഗുരുതരമാണ്.മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.മൃതദേഹങ്ങൾ അമരാവതി മെഡിക്കൽ കോളജ് ആശുപത്രിയിലും കരൂർ സർക്കാർ ആശുപത്രിയിലുമാണ്.തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പുലർച്ചെ കരൂരിലെത്തി.തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.

 

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയും പരുക്കേറ്റു ചികിത്സയിലുള്ളവർക്ക് ഒരു ലക്ഷം രൂപയും നൽകുമെന്നു മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രഖ്യാപിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി വി.പി.മതിയഴകനെതിരെ പൊലീസ് കേസെടുത്തു.

ദുരന്തത്തിൽ പൊലീസിന് വീഴ്ചയില്ലെന്ന് തമിഴ്നാട് ഡിജിപി. വിജയ് എത്താൻ വൈകിയതാണ് കാരണമെന്നും ഡിജിപി പറഞ്ഞു.കരൂർ ദുരന്തത്തിൽ തമിഴ്നാട് സർക്കാരിനോട് കേന്ദ്ര സർക്കാർ റിപ്പോർട്ടാവശ്യപ്പെട്ട് കത്ത് നല്‍കി .

സ്റ്റാലിനെ ഫോണിൽ വിളിച്ച് അമിത് ഷാ. കേന്ദ്രസഹായം വാഗ്ദാനം ചെയ്തു. തമിഴ് നാട് ഹെൽപ്‌ലൈൻ നമ്പറുകൾ തുറന്നു
വാട്സാപ്: 70108 06322 ലാൻഡ് ലൈൻ: 04324 – 256306 04324 – 25751 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം

കരൂർ ദുരന്തം; കേരള മുഖ്യമന്ത്രിയുടെ അനുശോചനം

തമിഴ്നാട്ടിലെ കരൂരിൽ റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുകയും പരിക്കേൽക്കുകയും ചെയ്ത സംഭവം അത്യധികം ദുഃഖകരമാണ്. മരണങ്ങളിൽ അതീവ ദുഃഖം രേഖപ്പെടുത്തുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു.ആവശ്യമെങ്കിൽ സഹായം വാഗ്ദാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു