
konnivartha.com: പ്രവാസിസംരംഭകർക്കായി നോർക്ക റൂട്ട്സും ഇന്ത്യൻ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക വായ്പാ നിർണ്ണയക്യാമ്പ് ഒക്ടോബർ നാലിന് കൊല്ലം കരുനാഗപ്പള്ളിയിൽ. രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തശേഷം നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് അഥവ എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി മിനി കോൺഫറൻസ് ഹാളിലാണ് ക്യാമ്പ്. പങ്കെടുക്കാൻ താൽപര്യമുള്ളവർ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യേണ്ടതാണ്.
പാസ്സ്പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകർപ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകൾ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൊസൈറ്റികൾ എന്നിവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. പ്രവാസികൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുളളവയുടെ വിപുലീകരണത്തിനും എൻ.ഡി.പി.ആർ.ഇ.എം പദ്ധതി പ്രയോജനപ്പെടുത്താം. സംരംഭങ്ങൾക്ക് 30 ലക്ഷം രൂപ വരെയുളള വായ്പകൾ പദ്ധതി വഴി ലഭിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും മുന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും. നോർക്ക റൂട്ട്സിന്റെ www.norkaroots.kerala.gov.in വെബ്സൈറ്റു വഴി പ്രവാസികൾക്ക് അപേക്ഷ നൽകാവുന്നതാണ്.