
70-ാമത് റെയിൽവേ വാരാഘോഷം: പുരസ്കാരത്തിളക്കത്തിൽ തിരുവനന്തപുരം ഡിവിഷൻ
konnivartha.com; ദക്ഷിണ റെയിൽവേയുടെ 70-ാമത് റെയിൽവേ വാരാഘോഷങ്ങളുടെ ഭാഗമായി നടന്ന ‘വിശിഷ്ട് റെയിൽ സേവാ പുരസ്‌കാരം 2025’ അവാർഡ് വിതരണച്ചടങ്ങിൽ തിളങ്ങി തിരുവനന്തപുരം റെയിൽവേ ഡിവിഷൻ.
കൊമേഴ്‌സ്യൽ, അക്കൗണ്ട്സ്, മെഡിക്കൽ, പാസഞ്ചർ അമിനിറ്റി വർക്ക്സ്, സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് (സേലം ഡിവിഷനുമായി പങ്കിട്ടു), ഇന്റർ-ഡിവിഷണൽ ഓവറോൾ എഫിഷ്യൻസി റണ്ണേഴ്‌സ്-അപ്പ് ഷീൽഡ് (ചെന്നൈ ഡിവിഷനുമായി സംയുക്തമായി) എന്നിങ്ങനെ ആറ് എഫിഷ്യൻസി ഷീൽഡുകളാണ് തിരുവനന്തപുരം ഡിവിഷൻ സ്വന്തമാക്കിയത്. തിരുവനന്തപുരം ഡിവിഷനു വേണ്ടി ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ത് ചന്ദ്രകാർ ഷീൽഡുകൾ ഏറ്റുവാങ്ങി.
തിരുവനന്തപുരം ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥരായ ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. ശോഭ ജാസ്മിൻ, സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ വൈ. സെൽവിൻ, സീനിയർ ഡിവിഷണൽ ഫിനാൻസ് മാനേജർ മീര വിജയ രാജ്, സീനിയർ ഡിവിഷണൽ സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് എഞ്ചിനീയർ കെ.പി. രഞ്ജിത്ത്, സീനിയർ ഡിവിഷണൽ മെഡിക്കൽ ഓഫീസർ ഡോ. ലിവിന നരേന്ദ്രൻ എന്നിവരും ഡിവിഷണൽ റെയിൽവേ മാനേജർക്കൊപ്പം പുരസ്കാരം ഏറ്റുവാങ്ങി. തിരുവനന്തപുരം ഡിവിഷനിലെ 2 ഓഫീസർമാർ ഉൾപ്പെടെയുള്ള 15 ജീവനക്കാരെ 2024–25 കാലയളവിലെ സ്തുത്യർഹവും പ്രശംസനീയവുമായ പ്രവർത്തനങ്ങൾക്ക് വിശിഷ്ട് റെയിൽ സേവാ പുരസ്‌കാരം നൽകി ആദരിച്ചു.
ചെന്നൈയിലെ ഐസിഎഫിലെ ഡോ. ബി.ആർ. അംബേദ്കർ ഹാളിൽ നടന്ന പരിപാടിയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ. എൻ. സിംഗ് മുഖ്യാതിഥിയായി. ഇന്ത്യൻ റെയിൽവേയുടെ വളർച്ചയ്ക്കും കാര്യക്ഷമതയ്ക്കും നൽകിയ മികച്ച സംഭാവനകൾക്ക് ആർ. എൻ. സിംഗ് അവാർഡ് ജേതാക്കളെ അഭിനന്ദിച്ചു. പ്രോജക്ട് കമ്മീഷൻ ചെയ്യൽ, അടിസ്ഥാന സൗകര്യ നവീകരണം, മെച്ചപ്പെട്ട സെക്ഷണൽ വേഗത, ആധുനിക കോച്ചുകളുടെ അവതരണം, മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങളും ഓൺ-ബോർഡ് സേവനങ്ങളും ഉൾപ്പെടെയുള്ള ദക്ഷിണ റെയിൽവേയുടെ നേട്ടങ്ങൾ അദ്ദേഹം എടുത്തുപറഞ്ഞു.
2024–25 കാലയളവിലെ ദക്ഷിണ റെയിൽവേയുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു വീഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു. സതേൺ റെയിൽവേ പ്രിൻസിപ്പൽ ചീഫ് മെക്കാനിക്കൽ എഞ്ചിനീയറും അഡീഷണൽ ജനറൽ മാനേജരുമായ (ഐ/സി) മഹേഷ്, പ്രിൻസിപ്പൽ ചീഫ് പേഴ്‌സണൽ ഓഫീസർ ഹരികൃഷ്ണൻ, മറ്റ് പ്രിൻസിപ്പൽ വകുപ്പ് മേധാവികൾ, ആറ് ഡിവിഷനുകളിലെയും ഡിവിഷണൽ റെയിൽവേ മാനേജർമാർ, നിരവധി ഉദ്യോഗസ്ഥർ ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.