
കേരളത്തിന്റെ ആരോഗ്യ മേഖല ‘വിഷന്‍ 2031’ നയരേഖ മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും:ആരോഗ്യ സെമിനാര്‍ ചൊവ്വാഴ്ച (ഒക്ടോബര്‍ 14) തിരുവല്ലയില്‍
‘കേരളത്തിന്റെ ആരോഗ്യ മേഖല വിഷന്‍ 2031’ നയരേഖ ഒക്ടോബര്‍ 14 ന് (ചൊവ്വ) പത്തനംതിട്ട തിരുവല്ല ബിലിവേഴ്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും. രാവിലെ 9.30ന് ആരംഭിക്കുന്ന ചടങ്ങില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ സ്വാഗതം ആശംസിക്കും. ആരോഗ്യ രംഗത്തെ കഴിഞ്ഞ ദശകത്തിലെ നേട്ടത്തെ കുറിച്ച് ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ വിശദീകരിക്കും.
ആരോഗ്യ രംഗത്തെ വിവിധ വിഷയങ്ങളില്‍ അധിഷ്ഠിതമായ 10 പാനല്‍ ചര്‍ച്ചകള്‍ നാല് വേദികളിലായി അരങ്ങേറും. അതാത് രംഗത്തെ വിദഗ്ധര്‍ മോഡറേറ്ററുകളായും പാനലിസ്റ്റുകളായും പങ്കെടുക്കും. കാന്‍സര്‍, വയോജന പരിപാലനം, പാലിയേറ്റീവ് കെയര്‍ തുടങ്ങിയ സെഷനില്‍ മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ബി സതീശനും ഹൃദ്രോഗങ്ങള്‍, സ്‌ട്രോക്ക്, പ്രമേഹം, രക്തസമര്‍ദം, കുട്ടികളിലെ ജീവിതശൈലീ രോഗങ്ങള്‍, സിഒപിഡി വിഷയങ്ങളില്‍ അമൃത ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. ജയ്ദീപ് സി മേനോനും മോഡറേറ്ററാകും.
മെഡിക്കല്‍ ഗവേഷണം, ടെറിഷ്യറി കെയര്‍ ശാക്തീകരണം വിഷയങ്ങളില്‍ ജവഹര്‍ലാര്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്‍സ് റിസര്‍ച്ചിലെ പ്രൊഫ. ചന്ദ്രഭാസ് നാരായണ, പൊതുജനാരോഗ്യത്തിന്റെ സാമ്പത്തിക ശാസ്ത്രത്തില്‍ പ്ലാനിംഗ് ബോര്‍ഡ് വിദഗ്ധ അംഗം ഡോ. പി. കെ. ജമീല, ആയുഷ് മേഖലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയിലെ ഡോ. വി.ജി. ഉദയകുമാര്‍, ഹോമിയോപ്പതി പ്രിന്‍സിപ്പല്‍ ആന്റ് കണ്‍ട്രോളിംഗ് ഓഫീസര്‍ ഡോ. ടി.കെ. വിജയന്‍, സാംക്രമിക രോഗങ്ങള്‍, ഏകാരോഗ്യ പദ്ധതി എന്നിവയില്‍ ഐഎവി ഡയറക്ടര്‍ ഡോ. ഇ. ശ്രീകുമാര്‍ എന്നിവര്‍ മോഡറേറ്ററാകും.
എമര്‍ജന്‍സി ആന്റ് ട്രോമകെയര്‍, ദുരന്ത നിവാരണം വിഷയങ്ങളില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഷീബ ജോര്‍ജ്, സ്ത്രീകളുടേയും കുഞ്ഞുങ്ങളുടേയും ആരോഗ്യം, തീരദേശ മേഖലയിലേയും ഗോത്ര വിഭാഗങ്ങളുടേയും ആരോഗ്യം വിഷയങ്ങളില്‍ കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി എസ് ഇന്ദു, മരുന്ന് ഗവേഷണം, ഉല്‍പാദനം, ചികത്സയുടെ ഭാവി വിഷയങ്ങളില്‍ അസി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഡോ. ഷാജി എം വര്‍ഗീസ്, ഭക്ഷ്യ സുരക്ഷയില്‍ ഡബ്ല്യുഎച്ച്ഒ കണ്‍സള്‍ട്ടന്റ് ഡോ. എന്‍. ആനന്ദവല്ലി എന്നിവര്‍ മോഡറേറ്ററാകും. ലോകബാങ്ക് ലീഡ് എക്കണോമിസ്റ്റ് ഡോ. അജയ് ടണ്ടന്‍, ആരോഗ്യ വിദഗ്ധ ഡോ. ദേവകി നമ്പ്യാര്‍ എന്നിവരും പങ്കെടുക്കും.
വൈകിട്ട് 3.30 മുതല്‍ ചര്‍ച്ചയുടെ ആശയ ക്രോഡീകരണം മന്ത്രി വീണാ ജോര്‍ജ് അവതരിപ്പിക്കും. സെമിനാറില്‍ ഉരുത്തിരിയുന്ന ആശയങ്ങള്‍ ആരോഗ്യ മേഖലയിലെ ഭാവി പദ്ധതികളുടെ ആസൂത്രണത്തിന് സഹായിക്കും. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അരുണ്‍ എസ് നായര്‍ നന്ദി രേഖപ്പെടുത്തും.
ആരോഗ്യ സൂചകങ്ങളിലും പൊതുജനാരോഗ്യ നിലവാരത്തിലും വികസിത രാജ്യങ്ങള്‍ക്കൊപ്പമാണ് കേരളം. ആര്‍ദ്രം മിഷന്റെ ഭാഗമായുള്ള ജനസൗഹ്യദ പരിവര്‍ത്തനം, ആരോഗ്യ മേഖലയുടെ ഡിജിറ്റലൈസേഷന്‍, സാര്‍വത്രിക സാന്ത്വന പരിചരണം, ഗുണനിലവാരമുള്ള ആധുനിക ലാബ് ശൃംഖല, നൂതന ചികത്സാ സംവിധാനം, ജീവിതശൈലീ രോഗങ്ങളുടേയും പകര്‍ച്ച വ്യാധികളുടേയും പ്രതിരോധത്തിനായുള്ള ജനകീയ കാമ്പയിന്‍ തുടങ്ങിയവ ആരോഗ്യ മേഖലയുടെ പുരോഗതിക്ക് ഇടയാക്കി. സംസ്ഥാനത്തിന്റെ ഭാവി വികസനം ആസൂത്രണം ചെയ്യുന്നതിനും 2031ല്‍ കേരളം എങ്ങനെയായിരിക്കണം എന്നതാണ് സെമിനാറിന്റെ ലക്ഷ്യം. സംസ്ഥാനമാകെ 33 വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കും. 2016 മുതല്‍ ആരോഗ്യ മേഖലയിലെ സുപ്രധാന പദ്ധതികളും കൈവരിച്ച നേട്ടങ്ങളും വിശകലനം ചെയ്യും. നിലവില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളി അപഗ്രഥിച്ച് അവയെ നേരിടുന്നതിനുള്ള പദ്ധതികളും ഭാവി വികസനത്തിനുളള മാര്‍ഗ രേഖയും ആവിഷ്‌കരിക്കും. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധരും ആരോഗ്യ പ്രവര്‍ത്തകരും അനുഭവങ്ങളും ആശയങ്ങളും നിര്‍ദേശങ്ങളും സെമിനാറില്‍ പങ്കുവയ്ക്കും.
വിഷന്‍ 2031:ഗതാഗത വകുപ്പ് സെമിനാര്‍ ബുധനാഴ്ച (ഒക്ടോബര്‍ 15)
വിഷന്‍ 2031 ന്റെ ഭാഗമായി ‘ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യങ്ങള്‍’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല സെമിനാര്‍ ബുധനാഴ്ച (ഒക്ടോബര്‍ 15) രാവിലെ 8.30 മുതല്‍ തിരുവല്ല ബിലിവേഴ്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ‘വിഷന്‍ 2031’ അവതരിപ്പിക്കും. ഗതാഗത വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പി ബി നൂഹ് വകുപ്പിന്റെ നേട്ടങ്ങള്‍ വിവരിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുഖ്യാതിഥിയാകും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എംപി, എംഎല്‍മാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, കേരള റോഡ് സേഫ്റ്റി കമ്മീഷണര്‍ യോഗേഷ് ഗുപ്ത, ഗതാഗത കമ്മീഷണര്‍ നാഗരാജു ചകിലം, പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, തിരുവല്ല നഗരസഭ ചെയര്‍പേഴ്സന്‍ അനു ജോര്‍ജ്, ജലഗതാഗത വകുപ്പ് ഡയറക്ടര്‍ ഷാജി വി നായര്‍, കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ആനി ജൂലാ തോമസ് എന്നിവര്‍ പങ്കെടുക്കും. കെഎസ്ആര്‍ടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. പി എസ് പ്രമോജ് ശങ്കര്‍ നന്ദി പറയും. വിദഗ്ധര്‍ മോഡറേറ്റര്‍മാരായി ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട് വിവിധ പാനല്‍ ചര്‍ച്ചകളും നടക്കും. ചര്‍ച്ചയുടെ ആശയക്രോഡീകരണം മന്ത്രി കെ ബി ഗണേഷ് കുമാര്‍ അവതരിപ്പിക്കും.
സുസ്ഥിര ഗതാഗതവും സുരക്ഷിത സഞ്ചാരവുമുള്ള നവകേരളം സൃഷ്ടിക്കുകയാണ് സെമിനാറിന്റെ ലക്ഷ്യം.
പൊതു ഗതാഗത സംവിധാനങ്ങളെ കൂടുതല്‍ ആധുനികമാക്കി പരിസ്ഥിതി സൗഹൃദവും ജനകീയ പങ്കാളിത്തവുമുള്ള രീതിയില്‍ വികസിപ്പിക്കും. കെ.എസ്.ആര്‍.ടി.സി, മോട്ടോര്‍ വാഹന വകുപ്പ്, ജലഗതാഗത വകുപ്പ്, കേരള റോഡ് സേഫ്റ്റി അതോറിറ്റി, കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്പ്മെന്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനത്തിലൂടെ മേഖലയെ ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കും. സമഗ്ര ഡിജിറ്റല്‍ സേവനം, റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിരീക്ഷണ സംവിധാനം, അടിസ്ഥാന ഗതാഗത സൗകര്യങ്ങളുടെ നവീകരണം, ഇലക്ട്രിക് മൊബൈലിറ്റി പ്രോല്‍സാഹനം, ട്രാഫിക് മാനേജ്‌മെന്റ് ഓട്ടോമേഷന്‍, സ്മാര്‍ട്ട് ട്രാന്‍സിറ്റ് സംവിധാനം എന്നിവയോടൊപ്പം ട്രാന്‍സ്പോ 2025, ഡിജി ട്രാന്‍സ് പ്രോഗ്രാം, സ്മാര്‍ട്ട് മൊബൈലിറ്റി പ്രോജക്ട്, ബജറ്റ് ടൂറിസം തുടങ്ങിയ പദ്ധതികളിലൂടെ ഗതാഗത മേഖല വികസന പാതയിലാണ്.
ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യത്തിനൊപ്പം 2031ല്‍ ഗതാഗത സൗകര്യം എങ്ങനെ മാറണം, നിര്‍മിത ബുദ്ധി ഉള്‍പ്പെടെ നൂതന സാങ്കേതികവിദ്യയുടെ ഉപയോഗപ്പെടുത്തല്‍, ജനങ്ങള്‍ക്കായുള്ള സഞ്ചാര അനുഭവം എങ്ങനെ മെച്ചപ്പെടുത്താം എന്നീ വിഷയങ്ങള്‍ പാനല്‍ ചര്‍ച്ചയിലുണ്ടാകും. ഗതാഗത മേഖലയിലെ ഭാവി വികസനത്തിന്റെ മുതല്‍കൂട്ടായിരിക്കും ‘വിഷന്‍ 2031’ സെമിനാര്‍. ഗതാഗത രംഗത്ത് മാറ്റം സൃഷ്ടിക്കുന്ന അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവയ്ക്കുന്ന വേദിയായി സെമിനാര്‍ മാറും. ഗതാഗത മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍, ഉദ്യോഗസ്ഥര്‍, സംഘടന പ്രതിനിധികള്‍ ഉള്‍പ്പെടെ സെമിനാറില്‍ പങ്കെടുക്കും. ഗതാഗത മേഖലയില്‍ ചെയ്യുന്നതും ചെയ്യാന്‍ പോകുന്നതുമായ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.
കുന്നന്താനത്ത് വികസന സദസ് ചൊവ്വാഴ്ച (ഒക്ടോബര്‍ 14)
കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഇന്ന് (ഒക്ടോബര്‍ 14) രാവിലെ 10 ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ അഡ്വ. മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അധ്യക്ഷയാകും. പഞ്ചായത്തിന്റെ ‘വികസന നേട്ടങ്ങള്‍’ പുസ്തക പ്രകാശനം എംഎല്‍എ നിര്‍വഹിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ശില്‍പശാല
സംസ്ഥാന ദുരന്ത ലഘൂകരണ നിധി (എസ്ഡിഎംഎഫ്) കാര്യക്ഷമമായി ഉപയോഗിക്കുന്നതിന് സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സംയുക്തമായി സംഘടിപ്പിച്ച ശില്‍പശാല ജില്ലാ പഞ്ചായത്ത് ഹാളില്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. ദുരന്തം ഉണ്ടാകുമ്പോള്‍ പ്രതികരിക്കുന്നതിന് പകരം അവ ഒഴിവാക്കാനും നാശനഷ്ടം കുറയ്ക്കാനും സംസ്ഥാന ദുരന്ത ലഘൂകരണ നിധി സംവിധാനം നിര്‍ണായകമാണെന്ന് ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.
ദുരന്ത പ്രതികരണത്തില്‍ നിന്ന് ലഘൂകരണത്തിലേക്കും പ്രതിരോധശേഷിയിലേക്കും ശ്രദ്ധിക്കേണ്ട പ്രാധാന്യം ചര്‍ച്ച ചെയ്തു. പ്രതിരോധശേഷി നിക്ഷേപത്തില്‍ ജില്ലാ ഹസാര്‍ഡ് അനലിസ്റ്റ് ചന്ദിനി പി.സി സേനന്‍ ക്ലാസ് നയിച്ചു. എസ്ഡിഎംഎഫ് ഫണ്ട് ഉപയോഗിച്ച് ദുരന്തത്തെ അതിജീവിക്കുന്ന അടിസ്ഥാന സൗകര്യത്തിന്റെ നിര്‍മാണം, ദുരന്ത ലഘൂകരണ പദ്ധതിക്ക് ഫണ്ട് എങ്ങനെ ലഭ്യമാക്കാം എന്നിവ അവതരിപ്പിച്ചു. ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള ദിനാചരണത്തിന്റെ പ്രാധാന്യം ദുരന്ത നിവാരണ പ്ലാന്‍ കോര്‍ഡിനേറ്റര്‍ അനി തോമസ് ഇടിക്കുള വിശദീകരിച്ചു.
ഏകദിന പരിശീലനം
ജെന്‍ഡര്‍ ഡെസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ഏകദിന പരിശീലനം കുളനട കുടുംബശ്രീ കഫേ പ്രീമിയം ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമക്കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ജിജി മാത്യു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനായ ബീന പ്രഭ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍. അജിത് കുമാര്‍ വിഷയാവതരണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ അജയ് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം സി.കൃഷ്ണകുമാര്‍, ജില്ല വനിതശിശു വികസന ഓഫീസര്‍ കെ വി ആശാമോള്‍, പന്തളം എ. ഇ. ഒ സി.വി സജീവ് തുടങ്ങിയവര്‍ പങ്കെടുത്തു. ജെന്‍ഡര്‍ കാഴ്ചപ്പാടും ജെന്‍ഡര്‍ ഡസ്‌കിന്റെ പ്രാധാന്യവും എന്ന വിഷയത്തില്‍ എം വി രമാദേവി, ന്യൂജന്‍ അഡിക്ഷന്‍ വിഷയത്തില്‍ സൈക്കോളജിസ്റ്റ് ഡോ. പി ടി സന്ദീഷ് എന്നിവര്‍ ക്ലാസ് നയിച്ചു.
സീറ്റ് ഒഴിവ്
പട്ടികജാതി വികസന വകുപ്പിന്റെ പന്തളം സര്‍ക്കാര്‍ ഐടിഐയില്‍ പ്ലംബര്‍ എന്‍സിവിറ്റി ട്രേഡില്‍ പട്ടികജാതി/ പട്ടിക വര്‍ഗ/ ജനറല്‍ വിഭാഗത്തില്‍ സീറ്റ് ഒഴിവ്. ഹോസ്റ്റല്‍ സൗകര്യം, ഉച്ചഭക്ഷണം, പോഷകാഹാരം, പ്രതിമാസ അലവന്‍സ്, യൂണിഫോം അലവന്‍സ് എന്നിവ ലഭിക്കും. അസല്‍ എസ്.എസ്.എല്‍.സി, ടി.സി, മറ്റ് അനുബന്ധ രേഖ സഹിതം ഐടിഐയില്‍ ഒക്ടോബര്‍ 16 നകം ഹാജരാകണം. ഫോണ്‍: 9446444042.
നേരിട്ട് പ്രവേശനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ വനിത ഐടിഐയില്‍ വിവിധ എന്‍സിവിടി ട്രേഡുകളിലെ ഒഴിവുള്ള സീറ്റിലേക്ക് ഒക്ടോബര്‍ 17 ന് മുമ്പ് നേരിട്ട് പ്രവേശനം നേടാം. ഫോണ്‍: 0479 2457496, 9747454553.
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം പുനഃസ്ഥാപിക്കാം
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നഷ്ടമായ തൊഴിലാളികളില്‍ 10 വര്‍ഷം വരെ കുടിശികയുളളവര്‍ക്ക് പിഴ അടച്ച് അംഗത്വം പുനഃസ്ഥാപിക്കാം. 2015 സെപ്റ്റംബര്‍ ഒന്ന് മുതല്‍ കുടിശിക വരുത്തിയവര്‍ക്കാണ് ആനുകൂല്യം. 60 വയസ് പൂര്‍ത്തിയായ തൊഴിലാളികള്‍ കുടിശിക അടയ്ക്കണ്ട. അംഗത്വം പുതുക്കേണ്ടവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകര്‍പ്പും ഫോട്ടോയും സഹിതം 2025 ഡിസംബര്‍ 10 ന് മുമ്പ് ഓഫീസില്‍ എത്തി കുടിശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2327415.
അപേക്ഷിക്കാം
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മാടമണ്‍, പൂവത്തുംമൂട്, എരുവാറ്റുപുഴ ജംഗ്ഷന്‍, പെരുനാട് മാര്‍ക്കറ്റ്, കക്കാട്ടു കോയിക്കല്‍ ക്ഷേത്രപടി, മഠത്തുംമൂഴി കൊച്ചുപാലം, മഠത്തുംമൂഴി വലിയപാലം, കൂനംകര, പുതുക്കട എന്നിവിടങ്ങളിലേക്ക് ശുചീകരണ തൊഴിലാളികള്‍, വിവിധ കടവുകളിലേക്ക് ലൈഫ് ഗാര്‍ഡ്, പമ്പ ഇന്‍ഫര്‍മേഷന്‍ കിയോസ്‌കിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഒക്ടോബര്‍ 15 വൈകിട്ട് നാലിന് മുമ്പ് പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.
അറിയിപ്പ്
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള തീര്‍ഥാടന പാതയുടെ വശങ്ങളില്‍ 2025 നവംബര്‍ 11 മുതല്‍ 2026 ജനുവരി 25 വരെ ആട് മാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിരോധിച്ചുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അറിയിപ്പ്
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് പമ്പ, നിലയ്ക്കല്‍, ശബരിമല സന്നിധാനം, റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള പാതയോരങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും മാലിന്യ നിര്‍മാര്‍ജന സൗകര്യം, ശുചിമുറി സംവിധാനം, മറ്റ് അടിസ്ഥാന സൗകര്യം ഉറപ്പാക്കണം. അല്ലാത്തപക്ഷം പഞ്ചായത്തില്‍ നിന്ന് ലൈസന്‍സ് അനുവദിക്കുകയില്ലെന്ന് സെക്രട്ടറി അറിയിച്ചു.
ചുരുക്കപട്ടിക
ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നമ്പര്‍ 604/24) തസ്തികയുടെ ചുരുക്കപട്ടിക നിലവില്‍ വന്നു. ഫോണ്‍:0468 2222665
ചുരുക്കപട്ടിക
പത്തനംതിട്ട ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ നഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 332/2024) തസ്തികയുടെ ചുരുക്കപട്ടിക നിലവില്‍ വന്നു. ഫോണ്‍:0468 2222665
പ്രവേശനം നീട്ടി
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയിലേയ്ക്കുള്ള പ്രവേശനം ഒക്ടോബര്‍ 17 വരെ നീട്ടി. അസല്‍രേഖ, ടിസി, ഫീസ് എന്നിവയുമായി രക്ഷിതാവിനൊപ്പം ഐടിഐയിലെത്തി പ്രവേശനം നേടണം. ഫോണ്‍: 0468 2258710, 9656472471.
അറിയിപ്പ്
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിന്റെ ഉടസ്ഥതയിലുള്ള കടത്ത് വള്ളം ഒക്ടോബര്‍ 15 ഉച്ചയ്ക്ക് മൂന്നിന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 7907203332.
പ്രവേശനം
അസാപ് കേരളയും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയും സംയുക്തമായി നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. യോഗ്യത: പ്ലസ് ടു. പ്രായപരിധി: 18-40. പുളിക്കീഴ്, മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ സ്ഥിരതാമസക്കാരായ 18-36 പ്രായമുള്ള വനിതകള്‍ക്ക് കോഴ്‌സ് ഫീസിന്റെ 75 ശതമാനം സ്‌കോളര്‍ഷിപ്പ് ലഭിക്കും. അവസാന തീയതി ഒക്ടോബര്‍ 16. ഫോണ്‍: 9495999688, 9496085912.
അഭിമുഖം
കൈപ്പട്ടൂര്‍ സര്‍ക്കാര്‍ വി.എച്ച്.എസ്.എസില്‍ എല്‍ പി വിഭാഗത്തില്‍ എല്‍പിഎസ്ടിയുടെ താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം ഒക്ടോബര്‍ 15 രാവിലെ 10.30 ന് നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, ബയോഡേറ്റ എന്നിവ സഹിതം സ്‌കൂളില്‍ എത്തണം. ഫോണ്‍: 0468 350548.
ശിശുദിനാഘോഷം: പ്രസംഗ മല്‍സരം ഒക്ടോബര്‍ 18ന്
ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ശിശുദിനാഘോഷത്തിന്റെ മുന്നോടിയായി മലയാളം, ഇംഗ്ലീഷ് പ്രസംഗ മല്‍സരം ഒക്ടോബര്‍ 18 രാവിലെ 9.30 ന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. [email protected], childwelfarepathanamthitta@
അപേക്ഷ ക്ഷണിച്ചു
മല്ലപ്പള്ളി കെല്‍ട്രോണ്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി എസ് സി നിയമനത്തിന് യോഗ്യതയുള്ള പിജിഡിസിഎ, ഡിസിഎ, വേര്‍ഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റ എന്‍ട്രി, കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംങ്, ഓഫീസ് ഓട്ടോമേഷന്‍, തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഓട്ടോകാഡ്, അഡ്വാന്‍സ്ഡ് ഗ്രാഫിക് ഡിസൈന്‍ തുടങ്ങിയവയിലേക്ക് അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് പേര്, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, കോഴ്‌സ് എന്ന ക്രമത്തില്‍ 8281905525 ലേക്ക് വാട്‌സ്ആപ് ചെയ്യുക.
അഭിമുഖം
ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ ഒഴിവ് വരുന്നതിനനുസരിച്ച് താല്‍ക്കാലിക ഫാര്‍മസിസ്റ്റുമാരുടെ പട്ടിക തയാറാക്കുന്നതിന് അഭിമുഖം നടത്തുന്നു. ഹോമിയോ ഫാര്‍മസിയില്‍ സര്‍ക്കാര്‍ അംഗീകൃത എന്‍സിപി, സിസിപി യോഗ്യത വേണം. ദിവസ വേതനം 820 രൂപ. പരമാവധി വേതനം 22,140 രൂപ. വിദ്യാഭ്യാസ യോഗ്യത തെളിക്കുന്ന അസല്‍ രേഖ സഹിതം ഒക്ടോബര്‍ 17 രാവിലെ 10.30ന് അടൂര്‍ റവന്യു ടവറിലുള്ള ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04734 226063.
ക്വട്ടേഷന്‍
പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ സേവന പ്രവര്‍ത്തനത്തിന് ടൂറിസ്റ്റ്/ ടാക്‌സി പെര്‍മിറ്റുള്ള കാര്‍ മാസ വാടക വ്യവസ്ഥയില്‍ നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി: ഒക്ടോബര്‍ 27.
ഓണ്‍ലൈന്‍ പ്രശ്നോത്തരി
നാശാ മുക്ത ഭാരത് അഭിയാന്‍ പദ്ധതിയുടെ ആറാം വാര്‍ഷികത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ജില്ലാതലത്തില്‍ ഓണ്‍ലൈന്‍ പ്രശ്നോത്തരി സംഘടിപ്പിക്കുന്നു. ജില്ലാതല വിജയികള്‍ക്ക് സംസ്ഥാന/ ദേശീയതല മത്സരങ്ങളില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് MyGov പോര്‍ട്ടല്‍ സന്ദര്‍ശിക്കുക.
അഭിമുഖം
ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന്റെ പരിധിയിലുള്ള ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തിലേക്ക് എസ് സി പ്രൊമോട്ടറുടെ അഭിമുഖം ഒക്ടോബര്‍ 18 രാവിലെ 11 ന് ജില്ല പട്ടികജാതി വികസന ഓഫീസില്‍ നടക്കും. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. പ്രായപരിധി 18-40. താല്‍പര്യമുള്ളവര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്തില്‍ സ്ഥിരതാമസം ആണെന്നുള്ള സാക്ഷ്യപത്രം, പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0468 2322712