പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 22/10/2025 )

Spread the love

മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്‌ഫോര്‍മര്‍ ജംഗ്ഷന്‍- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം ഒക്ടോബര്‍ 23ന്

അരുവാപ്പുലം പഞ്ചായത്തിലെ മഞ്ഞക്കടമ്പ്- മാവനാല്‍- ട്രാന്‍സ്‌ഫോര്‍മര്‍ ജംഗ്ഷന്‍- ആനകുത്തി- കുമ്മണ്ണൂര്‍- കല്ലേലി റോഡ് നിര്‍മാണോദ്ഘാടനം ഒക്ടോബര്‍ 23 രാവിലെ 10 ന് കുമ്മണ്ണൂരില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ബാബുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

കോന്നി മിനി ബൈപാസ് ഉദ്ഘാടനം ഒക്ടോബര്‍ 23 ന്

കോന്നി മിനി ബൈപ്പാസിന്റെ ഉദ്ഘാടനവും കോന്നി- വെട്ടൂര്‍ -കൊന്നപ്പാറ റോഡിന്റെ നിര്‍മ്മാണോദ്ഘാടനവും ഒക്ടോബര്‍ 23 രാവിലെ 10.30ന് കോന്നി മാര്‍ക്കറ്റ് ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എം പി , ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ബാബുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മലയാലപ്പുഴയില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബര്‍ 23 ന്

മലയാലപ്പുഴ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനം ഒക്ടോബര്‍ 23 രാവിലെ 11 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാവും. മലയാലപ്പുഴ പുതിയ ബസ് സ്റ്റാന്റ്, മണ്ണാറക്കുളഞ്ഞി മലയാലപ്പുഴ റോഡ്, വെട്ടൂര്‍ – കാഞ്ഞിരപ്പാറ – മലയാലപ്പുഴ റോഡ് തുടങ്ങിയവയാണ് പദ്ധതികള്‍. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ആന്റോ ആന്റണി എം പി, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, മുന്‍ എംഎല്‍എ രാജു എബ്രഹാം എന്നിവര്‍ മുഖ്യാതിഥികളാകും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ബാബുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ചള്ളം വേലിപ്പടി – പ്രമാടം ക്ഷേത്രം ഇരപ്പുകുഴി റോഡ് ഉദ്ഘാടനം ഒക്ടോബര്‍ 23ന്

പ്രമാടം ഗ്രാമപഞ്ചായത്തിലെ ചള്ളം വേലിപ്പടി- പ്രമാടം ക്ഷേത്രം ഇരപ്പുകുഴി റോഡ് ഉദ്ഘാടനം ഒക്ടോബര്‍ 23 രാവിലെ 11.30 ന് പൂങ്കാവ് ജംഗ്ഷനില്‍  പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും. പ്രമാടം പഞ്ചായത്ത് ഓഫീസ് കൊട്ടി പിള്ളേത്ത്- ഐരേത്ത് റോഡിന്റെ നിര്‍മ്മാണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍  ജി ബാബുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും

പത്തനംതിട്ടയില്‍ വിവിധ റോഡുകളുടെ ഉദ്ഘാടനം 23 ന്

പത്തനംതിട്ട നഗരസഭയില്‍ നിര്‍മാണം പൂര്‍ത്തികരിച്ച കുമ്പഴ-പ്ലാവേലി, പൊതുമരാമത്ത് റോഡുകളായ കൈപ്പട്ടൂര്‍-പത്തനംതിട്ട, പത്തനംതിട്ട-മൈലപ്ര, തിരുവല്ല-കുമ്പഴ, പത്തനംതിട്ട-താഴൂര്‍ക്കടവ്, ടിബി അപ്രോച്ച്, അഴൂര്‍-കാത്തോലിക്കേറ്റ് കോളജ് എന്നിവിടങ്ങളിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഒക്ടോബര്‍ 23 രാവിലെ 12.30 ന് കുമ്പഴ ലിജോ ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കും.
തിരുവല്ല-കുമ്പഴ റോഡില്‍ പരിയാരം- സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന്‍, പത്തനംതിട്ട നഗര സൗന്ദര്യവല്‍ക്കരണ പ്രവൃത്തി എന്നിവയുടെ നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജി ബാബുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. റ്റി സക്കീര്‍ ഹുസൈന്‍, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജനപ്രതിനിധികള്‍,   വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഏഴംകുളം-കൈപ്പട്ടൂര്‍ റോഡ് ഉദ്ഘാടനം ഒക്ടോബര്‍ 23ന്

ഏഴംകുളം-കൈപ്പട്ടൂര്‍ റോഡ് ഉദ്ഘാടനം ഒക്ടോബര്‍ 23 (വ്യാഴം) ഉച്ചയ്ക്ക് 2.30ന് കൊടുമണ്‍ ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. ആന്റോ ആന്റണി എം പി, കെ യു ജനീഷ് കുമാര്‍ എംഎല്‍എ എന്നിവര്‍ മുഖ്യ സാന്നിധ്യമാകും. റോഡ് ഫണ്ട് ബോര്‍ഡ് ടീം ലീഡര്‍ പി ആര്‍ മഞ്ചുഷ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ,  ഗ്രാമപഞ്ചായത്ത് അധ്യക്ഷരായ കെ കെ ശ്രീധരന്‍, വി എസ് ആശ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.


മെഴുവേലി, കോയിപ്രം വികസന സദസ് ഒക്ടോബര്‍ 23 ന്

കോയിപ്രം  ഗ്രാമപഞ്ചായത്ത് വികസന സദസ് രാവിലെ 10.30 ന് പുല്ലാട് സെന്റ് ആന്റണിസ് പാരിഷ് ഹാളില്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യും. വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ലിജോയ് കുന്നപ്പുഴ അധ്യക്ഷനാകും. മെഴുവേലി ഗ്രാമപഞ്ചായത്ത് വികസന സദസ് ഉച്ചയ്ക്ക് 2.30 ന് ഇലവുംതിട്ട ജെ പി ഓഡിറ്റോറിയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്  ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍ അധ്യക്ഷയാകും.

ക്വട്ടേഷന്‍

ജില്ലയിലെ സബ് രജിസ്ട്രാര്‍ ഓഫീസുകളിലേക്ക് ക്യാമറ ബാറ്ററി വാങ്ങി നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നവംബര്‍ മൂന്ന് ഉച്ചയ്ക്ക് മൂന്നിന് മുമ്പായി ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ്, കണ്ണങ്കര, പത്തനംതിട്ട വിലാസത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2223105.

ടെന്‍ഡര്‍

പന്തളം ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലെ ആവശ്യത്തിലേക്ക് 2025 ഡിസംബര്‍ മുതല്‍ ഒരു വര്‍ഷ കാലയളവിലേക്ക് കാര്‍ /ജീപ്പ് (എസി) പ്രതിമാസ വാടകയ്ക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 31 വൈകിട്ട് മൂന്നുവരെ. ഫോണ്‍: 04734 256765, 9188959674.

മെഗാ തൊഴില്‍മേള ഒക്ടോബര്‍ 23ന്

വിജ്ഞാനകേരളം ഹയര്‍ ദി ബെസ്റ്റ് പദ്ധതിയുടെ ഭാഗമായി ആറന്മുള എഞ്ചിനീയറിങ് കോളജില്‍  മെഗാ തൊഴില്‍മേള ഒക്ടോബര്‍ 23 ന് നടക്കും. ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം രാവിലെ 10 ന് നിര്‍വഹിക്കും. യോഗ്യത: എസ്എസ്എല്‍സി. പ്രായപരിധി: 18-45. ആറന്മുള എഞ്ചിനീയറിങ് കോളജ്, പന്തളം ബ്ലോക്ക് പഞ്ചായത്ത്, കുടുംബശ്രീ, കെ-ഡിസ്‌ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് തൊഴില്‍മേള.

ക്വട്ടേഷന്‍

ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ ഔദ്യോഗികാവശ്യത്തിലേക്ക് 1200 സിസി യില്‍ കുറയാത്ത 5 സീറ്റ് ടാക്സി എ സി വാഹനം അഞ്ച് മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 27 വൈകിട്ട് മൂന്നുവരെ. ഫോണ്‍: 0468 2222725.

അപേക്ഷ ക്ഷണിച്ചു

ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ- പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് ബിരുദം/പ്ലസ് ടു /എസ്എസ്എല്‍സി യോഗ്യതയുള്ള വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.

ജില്ലാ ക്ഷീരസംഗമം: അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ജില്ലാ ക്ഷീരസംഗമം നിറവ് 2025-26 നോടനുബന്ധിച്ച് വിവിധ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ക്ഷീരമേഖലയില്‍ കൂടുതല്‍ തുക വകയിരുത്തിയ ബ്ലോക്ക് പഞ്ചായത്ത്- പന്തളം, ഗ്രാമപഞ്ചായത്ത് – പള്ളിക്കല്‍. മികച്ച ക്ഷീരകര്‍ഷകന്‍- വിമല്‍ വിനോദ്, പൈക്കരയില്‍, കൊറ്റന്‍കുടി, മികച്ച വനിതാ ക്ഷീരകര്‍ഷക – ലിറ്റി ബിനോയി, വട്ടംതൊടിയില്‍, വെച്ചൂച്ചിറ, മികച്ച എസ് സി വിഭാഗം ക്ഷീരകര്‍ഷകന്‍ – വി ജെ ബിനോയ്, അരയാഞ്ഞിലിമണ്‍. കൂടുതല്‍ പാല്‍ സംഭരിച്ച ക്ഷീരസംഘം – വെച്ചൂച്ചിറ കെയുസിഎസ്. മികച്ച കര്‍ഷകനുള്ള ക്ഷേമനിധി അവാര്‍ഡ് – ലിറ്റി ബിനോയി, വട്ടംതൊടിയില്‍, വെച്ചൂച്ചിറ. മികച്ച പാല്‍ ഗുണനിലവാരമുള്ള ക്ഷീരസംഘം – ഓതറ ഈസ്റ്റ് കെയുസിഎസ്. മികച്ച യുവ കര്‍ഷകന്‍ – കെ എം ജോസഫ്, കുറ്റിക്കാട്ടില്‍, വെച്ചൂച്ചിറ, മികച്ച ക്ഷീരസംഘം സെക്രട്ടറി – ബി ഷിബു, കടമ്പനാട് കെയുസിഎസ്.
ഒക്ടോബര്‍ 24 ന് നടക്കുന്ന ജില്ലാ ക്ഷീരസംഗമത്തില്‍ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവര്‍ അവാര്‍ഡ് നല്‍കും.


റേഷന്‍കട ലൈസന്‍സി നിയമനം

ജില്ലയിലെ റേഷന്‍ കടകളില്‍ പുതുതായി ലൈസന്‍സികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  താലൂക്ക്, റേഷന്‍ കട നമ്പര്‍, പഞ്ചായത്ത്/ മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, വില്ലേജ്, വാര്‍ഡ്, റേഷന്‍കട സ്ഥിതി ചെയ്യുന്ന സ്ഥലം, സംവരണ വിഭാഗം ക്രമത്തില്‍.
അടൂര്‍, 14 (43) (1314043), അടൂര്‍ മുനിസിപ്പാലിറ്റി, അടൂര്‍, അടൂര്‍, 5, അടൂര്‍, ജനറല്‍.
തിരുവല്ല, 137 (1313137), നിരണം, പുളിക്കീഴ്, കടപ്ര, 2, നിരണം വടക്കുംഭാഗം, പട്ടികജാതി (എസ് സി)
കോന്നി, 13 (1373013), കോന്നി, കോന്നി, ഐരവണ്‍, 7, പയ്യനാമണ്‍, പട്ടികജാതി (എസ് സി )
റാന്നി, 68 (1315068), റാന്നി പഴവങ്ങാടി, റാന്നി, ചേത്തയ്ക്കല്‍, 2, ചേത്തയ്ക്കല്‍, ജനറല്‍
മല്ലപ്പള്ളി, 34 (1316034), എഴുമറ്റൂര്‍, മല്ലപ്പള്ളി, എഴുമറ്റൂര്‍, 1, എഴുമറ്റൂര്‍, പട്ടികജാതി (എസ് സി)
അടൂര്‍, 152 (11) (1314011), തുമ്പമണ്‍, പന്തളം, തുമ്പമണ്‍, 9, തുമ്പമണ്‍, പട്ടികജാതി (എസ് സി )
അപേക്ഷയിലെ എല്ലാ കോളങ്ങളും പൂരിപ്പിച്ച് ഫോട്ടോ പതിപ്പിച്ച് നവംബര്‍ 20  ന് വൈകിട്ട് മൂന്നിന്  മുമ്പ് നേരിട്ടോ തപാല്‍ മുഖേനയോ  ജില്ലാ സപ്ലൈ ഓഫീസില്‍ ലഭിക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും (www.civilsupplieskeraala.gov.in) അതത് ജില്ലാ/താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്. ഫോണ്‍: 0468 2222612, 2320509.

 

കോന്നി താലൂക്ക് വികസന സമിതി യോഗം നവംബര്‍ ഒന്നിന്

കോന്നി താലൂക്ക് വികസന സമിതി യോഗം നവംബര്‍ ഒന്ന് രാവിലെ 11ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.

 

സ്‌കോളര്‍ഷിപ്പ്

ജില്ലാ ഭാഗ്യകുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ഉപരിപഠനത്തിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പ് വിതരണത്തിന് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം മാര്‍ക്കോടെ എസ്എസ്എല്‍സി പാസായവര്‍ക്ക് ഹയര്‍ സെക്കന്‍ഡറിതല കോഴ്സുകള്‍ക്കും മെഡിക്കല്‍, എഞ്ചിനിയറിംഗ്, നഴ്സിംഗ്, പാരാമെഡിക്കല്‍ ബിരുദം,  പോളിടെക്നിക് ത്രിവത്സര കോഴ്സുകള്‍, ബിരുദ കോഴ്സുകള്‍, ബിരുദാനന്തര ബിരുദ കോഴ്സുകള്‍, എംബിഎ, എംസിഎ തുടങ്ങിയ റഗുലര്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാ ഫോം ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസില്‍ നിന്ന് ലഭിക്കും. അവസാന തീയതി നവംബര്‍ 20. ഫോണ്‍: 0468 2222709.

ജലമാണ് ജീവന്‍ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം

‘ജലമാണ് ജീവന്‍’ കാമ്പയിന്‍ രണ്ടാംഘട്ട പ്രവര്‍ത്തനോദ്ഘാടനം കൊറ്റനാട് എസ്.വി.എച്ച്.എസ്.എസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപി നിര്‍വഹിച്ചു. ഹരിതകേരളം മിഷന്‍, ഗ്രാമപഞ്ചായത്ത്, ആരോഗ്യ വകുപ്പ് എന്നിവ സംയുക്തമായാണ് കാമ്പയിന്‍ നടത്തുന്നത്. കൊറ്റനാട് ഗ്രാമപഞ്ചായത്തിലെ 100 വീടുകളിലെ കിണറുകളിലെ ജലം ഹരിതകേരളം മിഷന്റെ ലാബുകളില്‍ വിദ്യാര്‍ഥികളായ അഞ്ജന രാജേഷ്, വൈഗ സുമോദ് എന്നിവര്‍ പരിശോധന നടത്തി. മാതൃകാപരമായ പ്രവര്‍ത്തനത്തിന് വിദ്യാര്‍ഥികള്‍ക്ക് ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി അനില്‍കുമാര്‍ അഭിനന്ദന പത്രം നല്‍കി. കുട്ടികള്‍ തയാറാക്കിയ പ്രൊജക്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനു കൈമാറി.
ജില്ലയില്‍ 21 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ലാബുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതുവരെ 5245 സാമ്പിളുകള്‍ പരിശോധന നടത്തി.

തൊഴില്‍ മേള ഒക്ടോബര്‍ 25 ന്

വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബര്‍ 25 രാവിലെ ഒമ്പത് മുതല്‍ റാന്നി വൈക്കം ഗവ.യു.പി സ്‌കൂളില്‍ തൊഴില്‍ മേള സംഘടിപ്പിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 8714699499

ഓണ്‍ലൈന്‍ ക്വിസ് മത്സരം

സാമൂഹിക നീതി വകുപ്പിന്റെ നഷാ മുക്ത് ഭാരത് അഭിയാന്‍  പദ്ധതിയുടെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് ദേശീയതല ടാലന്റ് ഹണ്ട് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒന്നാംഘട്ടമായ ജില്ലതല ക്വിസില്‍ MyGov പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി വിദ്യാര്‍ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം. ജില്ലാതല വിജയികള്‍ക്ക് സംസ്ഥാന/ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാം. അവസാന തീയതി ഒക്ടോബര്‍ 24. ഫോണ്‍: 0468 2325168.

error: Content is protected !!