
◾ കേരളത്തെ അതിദാരിദ്ര്യ മുക്തമായി നവംബര്‍ 1ന് പ്രഖ്യാപിക്കും. ഇതോടെ അതിദാരിദ്ര്യം തുടച്ചുനീക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയും സംയുക്തമായി സെക്രട്ടേറിയറ്റ് പി ആര്‍ ചേംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 64,006 അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയ ഈ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്നും രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിഞ്ഞുവെന്നും ഇവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
◾ സംസ്ഥാനത്ത് ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അറബിക്കടലിലെ തീവ്ര ന്യൂനമര്‍ദവും, ബംഗാള്‍ ഉള്‍ക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദവും കാരണം കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മലയോര മേഖലയിലുള്ളവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. കേരള തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്.
◾ പീച്ചി ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി ഇന്ന് രാവിലെ ഒമ്പത് മുതല്‍ വെള്ളം തുറന്നുവിടുന്നതാണെന്ന് പീച്ചി ഹെഡ് വര്‍ക്ക്സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
◾ കേരളത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ കോണ്‍ഗ്രസിന് ഇനി സ്ഥാനമില്ലെന്നും സംസ്ഥാനത്ത് ഇനി ഒരിക്കലും ഒരു കോണ്‍ഗ്രസ് മുഖ്യമന്ത്രി ഉണ്ടാകില്ലെന്നും, മുഖ്യമന്ത്രി കുപ്പായമിട്ട് നടക്കാമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആഗ്രഹം വെറുതെയാണെന്നും സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍. കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക എന്നുള്ളതാണ് എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ പ്രഥമ ലക്ഷ്യമെന്നും കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്നും ജയരാജന്‍ വ്യക്തമാക്കി.
◾ പിഎം ശ്രീ പദ്ധതിയില്‍ ചേരാനുള്ള തീരുമാനത്തില്‍ മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പ് ഉയര്‍ത്തി സിപിഐ. കെ രാജന്‍ പാര്‍ട്ടിയുടെ ആശങ്ക അറിയിച്ചെങ്കിലും മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ മറുപടി നല്‍കിയില്ല. ഫണ്ട് വാങ്ങിയാലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കില്ലെന്ന ശിവന്‍കുട്ടിയുടെ വാദം ബിനോയ് വിശ്വം തള്ളി.
◾ ശബരിമല ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മു സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇറങ്ങിയ സ്ഥലത്തെ കോണ്‍ക്രീറ്റ് തറ താഴ്ന്നുപോയ സംഭവത്തില്‍ പ്രതികരിച്ച് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ഉണ്ടായത് അര ഇഞ്ചിന്റെ താഴ്ചമാത്രമാണെന്നും സുരക്ഷാ പ്രശ്നമുണ്ടായിരുന്നുവെങ്കില്‍ ഇവിടെ നിന്ന് തന്നെ ഹെലികോപ്റ്റര്‍ ടേക്ക് ഓഫ് ചെയ്യില്ലായിരുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി. ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റ് തറയില്‍ താഴ്ന്നുപോയ സംഭവം വിവാദമായപ്പോഴാണ് കളക്ടറിന്റെ പ്രതികരണം.
◾ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളില്‍ വീഴ്ച പറ്റിയെന്ന് ആന്റോ ആന്റണി എംപി. പ്ലാന്‍ ബിയെ കുറിച്ച് ഫലപ്രദമായി ആലോചിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ക്രീറ്റ് ഉണങ്ങാനുള്ള സമയം കിട്ടാത്തതാണ് ഹെലികോപ്റ്റര്‍ താഴാനുള്ള കാരണമെന്നും രാഷ്ട്രപതിയെത്തും മുന്‍പ് മൈതാനത്തേക്ക് തെരുവുനായ ഓടിക്കയറിയിരുന്നുവെന്നും രാഷ്ട്രപതി രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്നും എംപി പറഞ്ഞു.
◾ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല ദര്‍ശനത്തെ വിമര്‍ശിച്ച് പാലക്കാട് ആലത്തൂര്‍ ഡിവൈഎസ്പി ആര്‍ മനോജ് കുമാറിന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ്. ഹൈക്കോടതി വിധി കാറ്റില്‍ പറത്തി, പലവിധ ആചാര ലംഘനങ്ങള്‍ നടത്തിയാണ് രാഷ്ട്രപതിയും സുരക്ഷാഉദ്യോഗസ്ഥരും ശബരിമല സന്ദര്‍ശനം നടത്തിയതെന്നായിരുന്നു വാട്സ്ആപ്പ് സ്റ്റാറ്റസിന്റെ ഉള്ളടക്കം. സംഘ്പരിവാറും കോണ്‍ഗ്രസും എന്തുകൊണ്ട് നാമജപയാത്ര നടത്തുന്നില്ലെന്നും പിണറായി വിജയനോ ഇടതുമന്ത്രിമാരോ ആണെങ്കില്‍ എന്തായിരിക്കും പുകിലെന്നും ഡിവൈഎസ്പി ചോദിക്കുന്നു. പ്രശ്‌നം വിശ്വാസമോ ആചാരമോ അല്ലെന്നും എല്ലാം രാഷ്ട്രീയമെന്നും സ്റ്റാറ്റസില്‍ വിമര്‍ശനമുണ്ട്. ട്രെയിന്‍ യാത്രക്കിടെ വാട്സ്ആപ്പില്‍ വന്ന കുറിപ്പ് അബദ്ധത്തില്‍ സ്റ്റാറ്റസാവുകയായിരുന്നുവെന്ന് ഡിവൈഎസ്പിയുടെ വിശദീകരണം. വിവാദമായതിന് പിന്നാലെ ഡിവൈഎസ്പി സ്റ്റാറ്റസ് ഡിലീറ്റ് ചെയ്തു.
◾ ശബരിമല ദര്‍ശനത്തിനു ശേഷം ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ രാഷ്ട്രപതിക്കായ് ഗവര്‍ണര്‍ രാജ്ഭവനില്‍ അത്താഴ വിരുന്നൊരുക്കി. 4 ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. ഇന്ന് രാവിലെ രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്റെ പ്രതിമ അനാഛാദനം ചെയ്തശേഷം ഉച്ചക്ക് ശിവഗിരിയിലെത്തി ശ്രീനാരായണഗുരു മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വൈകീട്ട് പാലാ സെന്റ് തോമസ് കോളജില്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തശേഷം കുമരകത്തെ റിസോര്‍ട്ടില്‍ താമസിക്കും. നാളെ കൊച്ചിയിലെത്തുന്ന രാഷ്ട്രപതി സെന്റ് തെരേസാസ് കോളജിലെ ശതാബ്ദി ആഘോഷ പരിപാടിയില്‍ സംബന്ധിച്ച ശേഷം വൈകീട്ട് ഡല്‍ഹിക്ക് തിരിക്കും
◾ ഓണറേറിയം വര്‍ധിപ്പിക്കുക, പെന്‍ഷന്‍ ക്രമീകരണങ്ങള്‍ ഉറപ്പാക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് മാസങ്ങളായി സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ സംഘര്‍ഷം. പ്രതിഷേധക്കാരെ നീക്കാനുള്ള ശ്രമം പോലീസ് നടത്തിയെങ്കിലും, പിരിഞ്ഞുപോകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ആശാ വര്‍ക്കര്‍മാര്‍. പിന്നീട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചതിനെ തുടര്‍ന്ന് സമരക്കാര്‍ സമരം അവസാനിപ്പിച്ചു.ആശാ പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പോലീസ് അഞ്ച് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചിരുന്നു.
◾ ആശ പ്രവര്‍ത്തകരുടെ ക്ലിഫ് ഹൗസ് മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് നടപടി ജനാധിപത്യ വിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ജനാധിപത്യ വിരുദ്ധ മാര്‍ഗങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും സതീശന്‍ പറഞ്ഞു. വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരം കേരളത്തില്‍ ഇതാദ്യമല്ലെന്നും എന്നാല്‍, ആശാ പ്രവര്‍ത്തകരെ ശത്രുക്കളെ പോലെയാണ് സര്‍ക്കാര്‍ നേരിടുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
◾ കെപിസിസി പുനഃസംഘടനയില്‍ ഇടഞ്ഞ ചാണ്ടി ഉമ്മന്‍ എംഎല്‍എക്കും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി. ടാലന്റ് ഹണ്ട് കോര്‍ഡിനേറ്റര്‍മാരായാണ് ഇരുവരെയും നിയമിച്ചിരിക്കുന്നത്. മേഘാലയുടെയും അരുണാചല്‍ പ്രദേശിന്റെയും ചുമതലയാണ് ചാണ്ടി ഉമ്മന് നല്‍കിയിരിക്കുന്നത്. ഷമ മുഹമ്മദിന് ഗോവയുടെയും ചുമതല നല്‍കി.
◾ ശബരിമല ദര്‍ശനത്തിനിടെയുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അനീഷ്.എ.ആര്‍ ഇനി 8 പേരിലൂടെ ജീവിക്കും. മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് ഹൃദയം, കരള്‍, വൃക്കകള്‍, നേത്രപടലങ്ങള്‍ എന്നിവ ഉള്‍പ്പെടെ 9 അവയവങ്ങള്‍ ദാനം ചെയ്താണ് അനീഷ് യാത്രയായത്.
◾ പത്തനംതിട്ട ജില്ലയിലെ പരുമല പള്ളി തിരുനാള്‍ ദിനമായ നവംബര്‍ മൂന്നിന് തിങ്കളാഴ്ച ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി അനുവദിച്ച് ഉത്തരവിറക്കി. പൊതുപരീക്ഷകള്‍ക്ക് ഉത്തരവ് ബാധകമല്ല.
◾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് 250 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാര്‍ 4618 കോടിയോളം രൂപ കാസ്പിനായി ലഭ്യമാക്കി. ഒരു കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്പില്‍ ദരിദ്രരും ദുര്‍ബലരുമായ 41.99 ലക്ഷം കുടുംബങ്ങള്‍ക്കാണ് സൗജന്യ ചികിത്സ ഉറപ്പാക്കുന്നത്.
◾ ‘ഓപ്പറേഷന്‍ ഹണിഡ്യൂക്സ്’ എന്ന പേരില്‍ സംസ്ഥാന വ്യാപകമായി റസ്റ്റോറന്റുകളില്‍ സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ പരിശോധന. സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഇന്റലിജന്‍സ് & എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സംയുക്തമായി ഇന്നലെ വൈകുന്നേരം 6 മണി മുതലാണ് പരിശോധന ആരംഭിച്ചത്.
◾ പാലക്കാട് അട്ടപ്പാടിയില്‍ കര്‍ഷകനായ കൃഷ്ണ സ്വാമി ആത്മഹത്യ ചെയ്തതില്‍ വില്ലേജ് ഓഫീസറുടെ ഭാഗത്ത് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. അട്ടപ്പാടി ലാന്‍ഡ് അക്വസിഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എസ് ശ്രീജിത്ത് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇന്നലെ രേഖകളുമായി എത്താനാണ് കൃഷ്ണസ്വാമിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നത്. അതിനിടെയാണ് കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തത്. കൃഷ്ണസ്വാമി നേരത്തെ നല്‍കിയ അപേക്ഷയിലും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു.
◾ എറണാകുളം പെരുമ്പാവൂരില്‍ ടണലില്‍ കുടുങ്ങി ഇതരസംസ്ഥാനതൊഴിലാളിക്ക് ദാരുണാന്ത്യം. പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ റൈസ്‌കോ കമ്പനിയില്‍ ആണ് അപകടം. ബിഹാര്‍ സ്വദേശിയായ രവി കിഷന്‍ എന്നയാളാണ് മരിച്ചത്. ചാരം പുറന്തള്ളുന്നതിനുള്ള ടണലില്‍ കാല്‍വഴുതി വീഴുകയായിരുന്നു രവി കിഷന്‍. ഒരാഴ്ച മുമ്പാണ് രവി കിഷന്‍ റൈസ്‌കോയില്‍ ജോലിയില്‍ ചേര്‍ന്നത്.
◾ തന്റെ ചിത്രവും പേരും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ അശ്ലീലവും ക്രിമിനല്‍ സ്വഭാവമുള്ളതുമായ പോസ്റ്റുകള്‍ പ്രചരിക്കുന്നുവെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.എം. നേതാവുമായ ജി. സുധാകരന്‍. ഫേസ്ബുക്കിലൂടെ ജി സുധാകരന്‍ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ‘സ. പിണറായി വിജയന് ജി. സുധാകരന്‍ അയച്ച കവിത വൈറലാകുന്നു’ എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പ്രചരിക്കുന്നത്. ഇത്തരം പ്രചാരണങ്ങള്‍ ഗുരുതരമായ സൈബര്‍ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സൈബര്‍ പോലീസ് ഈ വിഷയത്തില്‍ ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെട്ടു.
◾ ആറ്റിങ്ങലില്‍ ലോഡ്ജ് മുറിയില്‍ വിവാഹിതയായ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര സ്വദേശി അസ്മിനയെയാണ് ആറ്റിങ്ങല്‍ മൂന്നുമുക്കിലെ ലോഡ്ജില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പുതുപ്പള്ളി സ്വദേശിയും ലോഡ്ജിലെ ക്ലീനിങ് സ്റ്റാഫും യുവതിയുടെ സൂഹൃത്തുമായ ജോബിന്‍ ജോര്‍ജിനായി പൊലീസ് അന്വേഷണം തുടങ്ങി
◾ പാട്ടിന്റെ പകര്‍പ്പവകാശ കേസില്‍ സംഗീത സംവിധായകന്‍ ഇളയരാജയുടെ ആവശ്യം തള്ളി സോണി മ്യൂസിക്. പാട്ടുകളിലൂടെ കിട്ടിയ വരുമാനത്തിന്റെ കണക്ക് ഇളയരാജയ്ക്ക് നല്‍കാന്‍ ആകില്ലെന്ന് സോണി മ്യൂസിക് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ആപ്പിള്‍ മ്യൂസിക്, ആമസോണ്‍ മ്യൂസിക്, സ്പോട്ടിഫൈ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലെ വരുമാനത്തിന്റെ കണക്ക് നല്‍കാന്‍ കഴിയില്ലെന്നാണ് സോണി മ്യൂസിക് മദ്രാസ് കോടതിയെ അറിയിച്ചത്. നിര്‍മാതാക്കളില്‍ നിന്ന് പ്രതിഫലം വാങ്ങി പാടിയ പാട്ടുകളില്‍ പകര്‍പ്പവകാശം തനിക്കാണെന്ന് ഇളയരാജ ആദ്യം തെളിയിക്കട്ടെ എന്നും സോണി മ്യൂസിക് പ്രതികരിച്ചു.
◾ തമിഴ്നാട്ടില്‍ മഴക്കെടുതിയില്‍ രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വീടിന്റെ ചുമരിടിഞ്ഞു വീണ് അമ്മയും മകളുമാണ് മരിച്ചത്. കടലൂരിലാണ് സംഭവം. തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്.
◾ കര്‍ണാടകയിലെ ആലന്ദ് നിയമസഭാ സീറ്റില്‍ 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന വോട്ടര്‍ പട്ടികയിലെ തട്ടിപ്പ് സംബന്ധിച്ച കേസില്‍ ബിജെപി നേതാവുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ എസ്ഐടി റെയ്ഡ്. വോട്ടര്‍മാരെ ഒഴിവാക്കുന്നതിനായി ഇലക്ഷന്‍ കമ്മീഷന് സമര്‍പ്പിച്ച ഓരോ വ്യാജ അപേക്ഷയ്ക്കും ഡാറ്റാ സെന്റര്‍ ഓപ്പറേറ്റര്‍ക്ക് 80 രൂപ നല്‍കിയിരുന്നതായി കര്‍ണാടക പോലീസ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി.
◾ കര്‍ണാടകയില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, സിദ്ധരാമയ്യ രാഷ്ട്രീയ ജീവിതത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് മകന്‍ യതീന്ദ്ര സിദ്ധരാമയ്യ. രാഷ്ട്രീയ ജീവിതത്തില്‍ നിന്ന് വിരമിച്ച ശേഷം സിദ്ധരാമയ്യ, മന്ത്രി സതീഷ് ജാര്‍ക്കിഹോളിയുടെ ഉപദേഷ്ടാവാകുമെന്നും യതീന്ദ്ര പറഞ്ഞു. അതേസമയം, മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹം സിദ്ധരാമയ്യ തള്ളി.
◾ ബിഹാറില്‍ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ മഹാസഖ്യത്തില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍. തേജസ്വിയെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായെന്നും ഇക്കാര്യം ഇന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. സഖ്യത്തിലെ ഭിന്നത ഒഴിവാക്കാനാണ് തീരുമാനമെന്നും പ്രചാരണത്തിലെ ആശയക്കുഴപ്പം ഇതോടെ തീരുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.
◾ ദീപാവലി ദിനത്തിലും ശമ്പളം ലഭിക്കാതെ വന്നതോടെ ബീഹാറിലെ കുപിതരായ ശുചീകരണ തൊഴിലാളികള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മാലിന്യം കൊണ്ടിട്ട് പ്രതിഷേധിച്ചു. ബീഹാറിലെ നവാഡ ജില്ലയിലെ രജൗലി നഗര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് മാലിന്യം തള്ളിയത്. ദീപാവലിക്ക് മുന്‍പ് ശമ്പളം കുടിശിക തീര്‍ത്ത് നല്‍കുമെന്ന വാക്ക് അധികൃതര്‍ പാലിക്കാതെ വന്നതോടെയാണ് പ്രതിഷേധം. അഞ്ച് മാസത്തോളമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ല.
◾ കൊല്‍ക്കത്ത സ്വദേശിയായ യുവതിയെ ബെംഗളൂരുവില്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വീട്ടില്‍ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘത്തിലെ മൂന്നുപേരാണ് ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. സംഘത്തിലെ രണ്ടു പേര്‍ പിടിയിലായി. സംഭവത്തിന് പിന്നില്‍ അയല്‍ക്കാരിയായ ടീച്ചര്‍ നല്‍കിയ ക്വട്ടേഷനാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
◾ ലഡാക്കിലെ സംഘടനകളുമായി കേന്ദ്ര സര്‍ക്കര്‍ ചര്‍ച്ച നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നടന്ന ചര്‍ച്ചയില്‍ കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ്, ലേ അപെക്സ് ബോഡി എന്നീ സംഘടനകളുമായാണ് ചര്‍ച്ച നടന്നത്. രണ്ട് സംഘടനകളുടെയും മൂന്ന് പ്രതിനിധികള്‍ വീതം ചര്‍ച്ചയില്‍ പങ്കെടുത്തു. ലഡാക്ക് എംപിയും അഭിഭാഷകരും ചര്‍ച്ചയില്‍ ഉണ്ടായിരുന്നു. ലഡാക്കിന് സംസ്ഥാന പദവി നല്‍കണമെന്നതും, ലഡാക്ക് നിവാസികളെ സര്‍ക്കാര്‍ ജോലിയില്‍ നിയമിക്കണമെന്ന ആവശ്യങ്ങളാണ് സംഘടനകള്‍ ചര്‍ച്ചയില്‍ ഉയര്‍ത്തിയത്.
◾ പുതിയ ബിഎംഡബ്ല്യു കാറുകള്‍ക്കായി അഴിമതി വിരുദ്ധ സ്ഥാപനമായ ലോക്പാല്‍ ടെന്‍ഡര്‍ ക്ഷണിച്ച നടപടി വിവാദത്തില്‍. ഒക്ടോബര്‍ 16 നാണ് അഴിമതി വിരുദ്ധ അതോറിറ്റി ഏഴ് ബിഎംഡബ്ല്യു കാറുകള്‍ വാങ്ങുന്നതിനായി ടെന്‍ഡര്‍ ക്ഷണിച്ചത്. പിന്നാലെ ലോക്പാലിനെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. വിഷയത്തില്‍ എ.ഐ.സി.സി വക്താവ് ഡോ. ഷാമ മുഹമ്മദ് ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി മോദിയെയും രൂക്ഷമായി വിമര്‍ശിച്ചു.
◾ ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്‍പ്പന്നങ്ങള്‍ വാങ്ങരുതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹലാല്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പന സംസ്ഥാനം നിരോധിച്ചിട്ടുണ്ടെന്നും അത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്ന് ലഭിക്കുന്ന ലാഭം തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും ലവ് ജിഹാദിനും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
◾ വഴിമുട്ടിയ ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ യാഥാര്‍ഥ്യത്തിലേക്ക് എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേലുള്ള നികുതി 15 മുതല്‍ 16 ശതമാനം ആക്കി കുറയ്ക്കുന്ന വ്യാപാര കരാറാണ് തയ്യാറാകുന്നതെന്നാണ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
◾ വേഗതയില്‍ ലോകത്തെ ഞെട്ടിച്ച് ചൈന. ഏറ്റവും പുതിയ ബുള്ളറ്റ് ട്രെയിനായ സിആര്‍ 450 ലോകത്തിലെ ഏറ്റവും വേഗതയേറിയ അതിവേഗ ട്രെയിന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. പരീക്ഷണ ഓട്ടത്തില്‍ അതിവേഗ ട്രെയിന്‍ മണിക്കൂറില്‍ 453 കിലോമീറ്റര്‍ വേഗത കൈവരിച്ചു. ഷാങ്ഹായ്ക്കും ചെങ്ഡുവിനും ഇടയിലുള്ള 1965 കിമീ അതിവേഗ റെയില്‍ റൂട്ടിലാണ് വേഗപരീക്ഷണം നടത്തുന്നത്.
◾ ഐക്യരാഷ്ട്രസഭ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് സ്ത്രീകള്‍ക്കായി ഭീകരവാദം പരിശീലിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ കോഴ്സ് ആരംഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഫണ്ട് ശേഖരിക്കുന്നതിനും റിക്രൂട്ട്‌മെന്റ് നടത്തുന്നതിനുമായി ഗ്രൂപ്പ് തുഫത് അല്‍-മുമിനത്ത് എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ പരിശീലന കോഴ്‌സ് ആരംഭിക്കുന്നതായാണ് പുതിയ വാര്‍ത്ത. എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
◾ ഉത്തര കൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയെന്ന് ദക്ഷിണ കൊറിയ. അഞ്ച് മാസത്തിനിടെ ആദ്യമായാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകളുടെ പരീക്ഷണം നടത്തിയതെന്ന് ദക്ഷിണ കൊറിയ സൈന്യം വിവരിച്ചു. പ്യോങ്യാങിന് തെക്കുള്ള പ്രദേശത്ത് നിന്ന് ഒന്നിലധികം ഹ്രസ്വദൂര മിസൈലുകള്‍ വിക്ഷേപിച്ചതായും, ഇവ വടക്കുകിഴക്കന്‍ മേഖലയിലേക്ക് ഏകദേശം 350 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതായും സൈന്യം വ്യക്തമാക്കി.
◾ യുവതാരം സര്‍ഫറാസ് ഖാനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതെ സെലക്ടര്‍മാര്‍ തുടര്‍ച്ചയായി അവഗണിക്കുന്നതിനെച്ചൊല്ലി കോണ്‍ഗ്രസവും ബിജെപിയും തമ്മില്‍ വാക് പോര്. സര്‍ഫറാസ് ഖാനെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാത്തതിന് കാരണം, അവന്റെ പിതാവിന്റെ പേരാണോ എന്നും ഈ വിഷയത്തില്‍ ഗൗതം ഗംഭീര്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് എക്സില്‍ പോസ്റ്റിട്ടതോടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ തുടങ്ങിയത്.
◾ യുവതാരം സര്‍ഫറാസ് ഖാനെ ഇന്ത്യ എ ടീമിലേക്ക് പോലും പരിഗണിക്കാത്തതില്‍ കോണ്‍ഗ്രസും ബിജെപിയും വാക് പോര് നടത്തുന്നടിനിടെ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. സര്‍ഫറാസിന്റെ കാര്യത്തില്‍ സെലക്ടര്‍മാര്‍ക്കും പരിശീലകനും കൃത്യമായ പദ്ധതിയുണ്ടാകുമെന്നും അരാധകരുടെ കണ്ണില്‍ ചിലപ്പോഴത് തെറ്റായി തോന്നാമെന്നും പക്ഷെ അതുകൊണ്ട് മാത്രം കാര്യങ്ങളെ വളച്ചൊടിക്കരുതെന്നും സത്യവുമായി പുലബന്ധംപോലുമില്ലാത്ത ആരോപണങ്ങളുമായി രംഗത്തുവരരുതെന്നും ഇര്‍ഫാന്‍ പത്താന്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു.
◾ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ സൗദീ പ്രോ ലീഗ് ടീമായ അല്‍ നസ്റിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പൊരുതി തോറ്റ് എഫ് സി ഗോവ. ഇന്ത്യയിലെ സൂപ്പര്‍ കപ്പില്‍ ജേതാക്കളായതോടെയാണ് എഫ് സി ഗോവ എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫിന് യോഗ്യത നേടിയത്.
◾ ഓസ്്‌ട്രേലിയുമായുള്ള ഇന്ത്യയുടെ രണ്ടാമത്തെ ഏകദിനം ഇന്ന് അഡലെയ്ഡില്‍ നടക്കും. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഇന്ത്യന്‍ സമയം രാവിലെ 9 മണി മുതലാണ് മത്സരം ആരംഭിക്കുക.
◾ രാജ്യത്ത് ദീപാവലി കാലത്തെ റീട്ടെയ്ല്‍ വില്പന സര്‍വകാല റെക്കോഡില്‍. കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് റിപ്പോര്‍ട്ടനുസരിച്ച് ദീപാവലി കാലത്ത് ആകെ നടന്നത് 5.4 ലക്ഷം കോടി രൂപയുടെ വില്പനയാണ്. ഇതിനൊപ്പം 65,000 കോടി രൂപയുടെ ബിസിനസ് സര്‍വീസ് മേഖലയിലും നടന്നു. സര്‍വകാല റെക്കോഡാണിത്. കഴിഞ്ഞ വര്‍ഷം ദീപാവലി കാലത്തെ വില്പന 4.25 ലക്ഷം കോടി രൂപയുടേതായിരുന്നു. മെട്രോ നഗരങ്ങള്‍ക്കൊപ്പം ടിയര്‍ 1, ടിയര്‍ 2 സിറ്റികളിലും വില്പനയില്‍ കുതിച്ചു ചാട്ടമുണ്ടായി. ജനങ്ങള്‍ക്കിടയില്‍ മുമ്പത്തേക്കാള്‍ പ്രാദേശിക ഉത്പന്നങ്ങള്‍ക്ക് ആവശ്യകത വര്‍ധിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് നിര്‍മിത ഉത്സവകാല ഉത്പന്നങ്ങള്‍ക്ക് 1.25 ലക്ഷം കോടി രൂപയുടെ ബിസിനസ് ഈ വര്‍ഷം നഷ്ടപ്പെട്ടെന്ന് സിഎഐടി വ്യക്തമാക്കുന്നു. ദീപാവലിക്ക് രണ്ടു ദിവസം മുമ്പുള്ള ധന്‍തെരാസ് ദിനത്തില്‍ 50,000 കോടി രൂപയുടെ സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ വിറ്റുപോയതായാണ് കണക്ക്. സമീപകാലത്തൊന്നും ഇത്രയധികം വില്പന നടന്നിട്ടില്ല. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഏകദേശം 48 ലക്ഷം കല്യാണങ്ങള്‍ രാജ്യത്ത് നടക്കുമെന്നാണ് കണക്ക്. ഇത് ആറ് ലക്ഷം കോടി രൂപയുടെ ബിസിനസിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷ.
◾ മലയോരത്തിന്റെ കരുത്തും ആക്ഷന്‍ ത്രില്ലറിന്റെ തീവ്രതയും ഒരുമിപ്പിച്ച് ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘വരവ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജീപ്പിന്റെ പൊട്ടിയ ഗ്ലാസുകള്‍ക്കിടയിലൂടെ അതിതീഷ്ണമായി നോക്കുന്ന ജോജുവാണ് പോസ്റ്ററില്‍. അതിജീവനത്തിന്റെ കളി എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചിത്രത്തിന്റെ എല്ലാവിധ ഭാവങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്നു. ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പെണ്‍കരുത്തേകാന്‍ മലയാളത്തിന്റെ ആക്ഷന്‍ റാണിയായ വാണി വിശ്വനാഥ് കൂടി ജോജുവിനൊപ്പം ചേരുന്നു. മറ്റൊരു പ്രത്യേകത മലയാളത്തിന്റെ പ്രിയ നടിയായ സുകന്യയുടെ തിരിച്ചുവരവാണ്. മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ബാബുരാജ്, വിന്‍സി അലോഷ്യസ്, സാനിയ ഇയ്യപ്പന്‍, അശ്വിന്‍ കുമാര്‍, അഭിമന്യു ഷമ്മി തിലകന്‍, ബിജു പപ്പന്‍, ബോബി കുര്യന്‍, അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോല്‍, കോട്ടയം രമേഷ്, ബാലാജി ശര്‍മ്മ, ചാലി പാലാ, രാധിക രാധാകൃഷ്ണന്‍ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. എ. കെ. സാജനാണ് ഈ ചിത്രത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.
◾ മലയാളിയായ ഫൈസല്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച പുതിയ തമിഴ് ചിത്രം ‘പകല്‍ കനവ്’ തമിഴ്നാട്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലെ തിയറ്ററുകളില്‍ അടുത്ത മാസം റിലീസ് ചെയ്യും. ജാസ്മിന്‍ ഫിലിംസ് ഇന്റര്‍നാഷണലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗ്രാമീണ കഥാ പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ സിനിമ സസ്പെന്‍സും ത്രില്ലും നിറഞ്ഞതാണ്. വളരെ ആകസ്മികമായി രണ്ട് ചെറുപ്പക്കാരുടെ ജീവിതത്തിലുണ്ടാകുന്ന ചില പ്രശ്നങ്ങളെ തുടര്‍ന്നാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തമിഴ് ചിത്രത്തിലൂടെ ഒരു കൂട്ടം മലയാളികള്‍ ഒരുമിക്കുന്നു എന്ന പുതുമയും ചിത്രത്തിനുണ്ട്. സമീപകാലത്ത് തമിഴില്‍ ഇറങ്ങിയ ചിത്രങ്ങളില്‍ നിന്ന് ഏറെ പുതുമയുള്ള ചിത്രമാണ് പകല്‍ കനവ് എന്ന് അണിയറക്കാര്‍ അവകാശപ്പെടുന്നു. മലയാളികളുടെ പ്രിയതാരം ഷക്കീലയും ഈ സിനിമയില്‍ വ്യത്യസ്തമായ ഒരു കഥാപാത്രം ചെയ്യുന്നുണ്ട്. ഏറെ പുതുമുഖങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്.
◾ ഒക്ടോബര്‍ 30 ന് നടക്കുന്ന ജപ്പാന്‍ മൊബിലിറ്റി ഷോയ്ക്ക് മുന്നോടിയായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്‍ വിഷന്‍- ഇ- സ്‌കൈ ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റ് പുറത്തുവിട്ടു. താങ്ങാനാവുന്നതും ഒതുക്കമുള്ളതുമായ ഭാവി ഇലക്ട്രിക് വാഹനത്തെക്കുറിച്ചുള്ള കമ്പനിയുടെ കാഴ്ചപ്പാട് വെളിവാക്കുന്നതാണ് പുതിയ ഇലക്ട്രിക് കാറിന്റെ ചിത്രം. ഈ പ്ലാറ്റ്ഫോം അടുത്ത തലമുറ വാഗണ്‍-ആര്‍ ഇവിയാണോ എന്ന തരത്തില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്. ടോള്‍ ബോയ്, ബോക്സി ഡിസൈനിലെത്തുന്ന സുസുക്കി വിഷന്‍ ഇ-സ്‌കൈ ഇലക്ട്രിക് കാറിന് വാഗണ്‍ ആറുമായി സാമ്യം ഏറെയാണ്. ജപ്പാനില്‍ സുസുക്കി വില്‍ക്കുന്ന പെട്രോള്‍ വാഗണ്‍ ആറിനോട് സമാനമായ രൂപമാണ് സുസുക്കി വിഷന്‍ ഇ-സ്‌കൈ കണ്‍സെപ്റ്റിനുള്ളത്. 3,395എംഎം നീളവും 1,475എംഎം വീതിയും 1,625 എംഎം ഉയരവുമുള്ള വാഹനമാണ് വിഷന്‍ ഇ-സ്‌കൈ. ഈ അളവുകളും ജപ്പാനിലെ വാഗണ്‍ ആറുമായി ചേര്‍ന്നു പോവുന്നതാണ്. വലിയ ടച്ച്സ്‌ക്രീനും ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പ്രതീക്ഷിക്കാം. ഏതാണ്ട് 12 ഇഞ്ചിനോട് അടുത്ത വലിപ്പമുള്ളവയായിരിക്കും ഇവയെല്ലാം.
◾ മാര്‍പ്പാപ്പയെ സംബന്ധിച്ച് ഇത് വരെ ലോകം അറിയാത്ത സംഭവങ്ങള്‍. മാര്‍പ്പാപ്പയുടെ ജനനം മുതല്‍ കബറടക്കം വരെയുള്ള സംഭവങ്ങളുടെ സമ്പൂര്‍ണ അവതരണം. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രഥമ സമ്പൂര്‍ണ സചിത്ര ജീവചരിത്രഗ്രന്ഥം. ‘ഫ്രാന്‍സിസ് മാര്‍പ്പാപ്പ – സ്നേഹത്തിന്റെ പ്രകാശഗോപുരം’. ഫാ. ബിജു പി തോമസ്. ലിപി പബ്ളിക്കേഷന്‍സ് കോഴിക്കോട്. വില 300 രൂപ.
◾ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റി ഓക്സിഡന്റുകള്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയതാണ് അയമോദകം. ഇവയ്ക്ക് ആന്റി മൈക്രോബയല്‍, ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. കലോറി കുറഞ്ഞ അയമോദക വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും സഹായിക്കും. നാരുകളാല്‍ സമ്പന്നമായ അയമോദക വെള്ളം കുടിക്കുന്നത് ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്ന അവസ്ഥ, അസിഡിറ്റി, നെഞ്ചെരിച്ചില്‍, മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പതിവായി അയമോദകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. അയമോദക വെള്ളം കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ളതിനാല്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സന്ധിവേദനയെ ലഘൂകരിക്കുന്നതിനും അയമോദക വെള്ളം കുടിക്കുന്നത് നല്ലതാണ്. ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ അയമോദക വെള്ളം കുടിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. നാരുകളാല്‍ സമ്പന്നമായ അയമോദക വെള്ളം കുടിക്കുന്നത് ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാന്‍ സഹായിക്കും. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അയമോദക വെള്ളം പതിവാക്കുന്നത് നല്ലതാണ്.