എൻഎച്ച് എം ജില്ലാ പ്രോഗ്രാം മാനേജർക്കെതിരെ അവകാശലംഘനത്തിന് സ്പീക്കർക്ക് പരാതി നൽകി കൊടിക്കുന്നിൽ സുരേഷ് എം പി
konnivartha.com/കൊല്ലം: കേന്ദ്ര ആവിഷ്കൃത പദ്ധതികളുടെ അവലോകനയോഗങ്ങളിൽ നിന്നും തുടർച്ചയായി വിട്ടുനിൽക്കുകയും, ദേശീയ ആരോഗ്യ ദൗത്യവും (NHM) ആരോഗ്യവകുപ്പും നടത്തുന്ന വിവിധ പരിപാടികളിൽ കേന്ദ്ര പ്രതിനിധികളായ എംപിമാരെയും കേന്ദ്ര മന്ത്രിമാരെയും അവഹേളിക്കുകയും ചെയ്ത സംഭവത്തിൽ, കൊല്ലം ജില്ലാ പ്രോഗ്രാം മാനേജർ ദേവ് കിരൻ, ജില്ലാ മെഡിക്കൽ ഓഫീസർ (DMO) അനു എം.എസ്. എന്നിവർക്കെതിരെ പാർലമെന്റ് അംഗങ്ങളുടെ അവകാശലംഘനം (Breach of Privilege) സംബന്ധിച്ച് സ്പീക്കർക്ക് പരാതി നൽകി കൊടിക്കുന്നിൽ സുരേഷ് എംപി.
മൂന്നു മാസത്തിലൊരിക്കൽ ജില്ലാതലത്തിൽ നടക്കുന്ന കേന്ദ്രവിഷ്കൃത പദ്ധതികളുടെ അവലോകനയോഗമായ “ദിശ”യിൽ ഈ ഉദ്യോഗസ്ഥൻ സ്ഥിരമായി പങ്കെടുക്കാറില്ല. എംപി വിളിച്ചു ചേർക്കുന്ന കേന്ദ്ര പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനുള്ള യോഗങ്ങളിൽ പങ്കെടുക്കാതെ ജൂനിയർ ഉദ്യോഗസ്ഥരെ അയയ്ക്കുകയും, റിപ്പോർട്ടുകൾ സമയബന്ധിതമായി സമർപ്പിക്കാതിരിക്കുകയും, എംപിയുടെ നിർദേശങ്ങളെ അപമാനകരമായി അവഗണിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മൺട്രോത്തുരുത്തിലെ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിൽ, കേന്ദ്ര സഹമന്ത്രിയും എംപിയും പങ്കെടുത്തിട്ടും ജില്ലാ പ്രോഗ്രാം മാനേജർ, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവർ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് അത്യന്തം അവഹേളനപരമായ നടപടിയാണെന്ന് എംപി വ്യക്തമാക്കി. ഇതിൽ കൂടുതൽ ഗുരുതരമായത്, മറ്റ് ആരോഗ്യ ഉദ്യോഗസ്ഥരോട് “പങ്കെടുക്കരുത്” എന്ന നിർദേശം നൽകുകയായിരുന്നുവെന്നും എംപി പറഞ്ഞു.