പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 29/10/2025 )

Spread the love

പത്തനംതിട്ട നഗരസഭ വികസന സദസ് ഒക്ടോബര്‍ 30ന്:മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട നഗരസഭയിലെ വികസന സദസ് ഒക്ടോബര്‍ 30ന് രാവിലെ 10.30 ന് അബാന്‍ ഓഡിറ്റോറിയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും.

 

സെക്രട്ടറി എ. മുംതാസ് നഗരസഭയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസനനേട്ടം അവതരിപ്പിക്കും. റിസോഴ്‌സ് പേഴ്‌സണ്‍ വികസന സദസിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിക്കും. സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും വികസന- ക്ഷേമ പ്രവര്‍ത്തനം ജനങ്ങളിലെത്തിക്കുവാനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വരൂപിക്കാനുമാണ് വികസന സദസ് സംഘടിപ്പിക്കുന്നത്. നഗരസഭാംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

ജില്ലാ വികസന സമിതി യോഗം ഒക്ടോബര്‍ 30 ന്

പത്തനംതിട്ട ജില്ല വികസന സമിതി യോഗം ഒക്ടോബര്‍ 30 ന് രാവിലെ 10.30 മുതല്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

 

ജില്ലാതല പട്ടയമേള ഒക്ടോബര്‍ 31 ന്:റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ഉദ്ഘാടനം ചെയ്യും

ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം ഒക്ടോബര്‍ 31 രാവിലെ 10.30 ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ തിരുവല്ല വിജിഎം ഹാളില്‍  നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. തിരുവല്ല, ആറന്മുള, കോന്നി, അടൂര്‍ മണ്ഡലങ്ങളിലെ 35 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കും. എംഎല്‍എമാരായ മാത്യു ടി തോമസ്, കെ.യു ജനീഷ് കുമാര്‍, പ്രമോദ് നാരായണ്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

നവംബര്‍ മൂന്നിന് തിരുവല്ലയില്‍ പ്രാദേശിക അവധി

പരുമലപള്ളി പെരുനാളിനോടനുബന്ധിച്ച് തിരുവല്ല താലൂക്ക് പരിധിയിലുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജ് വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നവംബര്‍ മൂന്നിന് (തിങ്കള്‍) ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

 

വിജയാമൃതം പദ്ധതിക്ക് അപേക്ഷിക്കാം

ബിരുദം, ബിരുദാനന്തര ബിരുദം കോഴ്‌സുകളില്‍ ഉന്നത വിജയം നേടിയ ഭിന്നശേഷി കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്ന  സാമൂഹിക നീതി വകുപ്പിന്റെ വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0468 2325168.


അക്കൗണ്ടന്റ് നിയമനം

സമഗ്ര ശിക്ഷാകേരളം ജില്ലയില്‍ അക്കൗണ്ടന്റിന്റെ താല്‍കാലിക നിയമനത്തിന് നവംബര്‍ ഒന്നിന് അഭിമുഖം നടത്തും. തിരുവല്ല എസ് എസ് കെ യുടെ ജില്ലാ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10.30 ന് മുമ്പ് ഹാജരാകണമെന്ന് ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. പ്രായപരിധി 2025 നവംബര്‍ ഒന്നിന് 40 വയസ്. യോഗ്യത : ബി കോം, ഡബിള്‍ എന്‍ട്രി സിസ്റ്റത്തിലും അക്കൗണ്ടിംഗ് പാക്കേജിലും (ടാലി) പരിചയം. ഫോണ്‍ : 0469 1600167.

വാഹന ലേലം

കോയിപ്രം ശിശു വികസന പദ്ധതി ഓഫീസിലെ 2011 മോഡല്‍ മഹീന്ദ്ര ബൊലെറോ വാഹനം  ലേലം ചെയ്യുന്നു. തീയതി നവംബര്‍ 10ന് രാവിലെ 11.30.  ഫോണ്‍ :9961103039.