പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് : കേരള പോലീസ് മുന്നറിയിപ്പ് നല്‍കി

Spread the love

പുതിയ ഓണ്‍ലൈന്‍ തട്ടിപ്പ് : കേരള പോലീസ് മുന്നറിയിപ്പ് നല്‍കി :ഡോക്ടറുടെ സേവനത്തിനായി ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നവരെ തട്ടിപ്പിനിരയാക്കുന്നു

 

konnivartha.com; ഡോക്ടറുടെ സേവനത്തിനായി ഓണ്‍ലൈനായി ബുക്ക് ചെയ്യുന്നതിന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് ലഭിക്കുന്ന ഹോസ്പിറ്റലിന്‍റെ നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് സേവനത്തിനായി ബുക്ക് ചെയ്യേണ്ടതെന്ന് അറിയിക്കുന്നു.

കൂടാതെ ഈ സമയം തന്നെ സേവനത്തിനായി ബന്ധപ്പെടുന്ന വ്യക്തിയുടെ വാട്സ് ആപ്പിലേക്ക് ‘hi’ സന്ദേശത്തോടൊപ്പം ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്കും കൂടി തട്ടിപ്പുകാര്‍ അയക്കുന്നു. തുടര്‍ന്ന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് നിശ്ചിത ഫീസ് അടച്ച് ഡോക്ടറുടെ അപ്പോയ്ന്‍റ്മെന്‍റ് എടുക്കുവാനുള്ള നിര്‍ദ്ദേശവും ലഭിക്കുന്നു. എന്നാല്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്‍ വഴി പണമടക്കാന്‍ കഴിയാതെ വരുന്നു. ഈ പ്രശ്നം തട്ടിപ്പുകാരെ അറിയിക്കുമ്പോള്‍ അവര്‍ പുതിയ വ്യാജ ലിങ്ക് അയച്ചുനല്‍കുന്നു. തുടര്‍ന്ന് ഫോണിന്‍റെ നിയന്ത്രണം നേടിയെടുക്കുന്ന തട്ടിപ്പുകാര്‍ ബാങ്ക് അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുന്നു.

അക്കൗണ്ടിലുള്ള പണം പിന്‍വലിച്ചതായുള്ള സന്ദേശം ലഭിക്കുമ്പോഴാണ് യഥാര്‍ഥ തട്ടിപ്പ് ബോധ്യപ്പെടുന്നത്. പൊതുജനങ്ങള്‍ ഇത്തരം തട്ടിപ്പുകളില്‍പ്പെടാതെ ജാഗ്രത പാലിക്കണം എന്ന് കേരള പോലീസ് മുന്നറിയിപ്പ് നല്‍കി . ഗൂഗിളിന്‍റെ സഹായത്തോടെ ലഭിക്കുന്ന കസ്റ്റമര്‍ കെയര്‍ സേവനങ്ങളുടെ ആധികാരികത ഉറപ്പുവരുത്തിയശേഷം മാത്രം സേവനങ്ങള്‍ക്കായി ബന്ധപ്പെടുക.