ഇരു വശത്തും കടുവയുംപുലിയും മറു വശങ്ങളില്‍ ആന നടുക്ക് കുമ്പളത്താമൺ ഗ്രാമം

Spread the love

 

konnivartha.com; വന്യമൃഗ ആക്രമണങ്ങളിൽ കന്നുകാലികള്‍ക്കും കൃഷിയ്ക്കുംനാശനഷ്ടം നേരിടുന്ന മേഖലയായി വടശ്ശേരിക്കര കുമ്പളത്താമൺ ഗ്രാമം മാറുന്നു .നാല് വശത്ത് നിന്നും വന്യ മൃഗങ്ങള്‍ ആക്രമിക്കാന്‍ തുടങ്ങതോടെ നടുക്കുള്ള കുമ്പളത്താമൺ ഗ്രാമത്തിലെ താമസക്കാര്‍ ആശങ്കയില്‍ ആണ് .

 

ഇരു വശത്തും കടുവയുംപുലിയും മറു വശങ്ങളില്‍ ആന നടുക്ക് കുമ്പളത്താമൺ ഗ്രാമം എന്ന സ്ഥിതിയില്‍ ആണ് ജനം .ജനങ്ങളുടെ പ്രതികരണങ്ങളില്‍ വനം വകുപ്പിന് ഇളക്കം ഇല്ല . ഒരു കൂട് കൊണ്ട് വെച്ചിട്ട് വന്യ മൃഗം ഇതില്‍ കയറിയാല്‍ പിടികൂടി വനത്തില്‍ വിടാം എന്ന മനോഭാവം മുറുകെ പിടിക്കുന്ന വകുപ്പ് ആണ് വനം വകുപ്പ് . മനുഷ്യ വന്യ മൃഗ സംഘര്‍ഷം കുറയ്ക്കാന്‍ ആധുനിക ഹാളുകളില്‍ യോഗം കൂടുന്ന വകുപ്പുകള്‍ സാധാരണ ജനത്തിന്‍റെ ആത്മ രോക്ഷം തിരിച്ചറിയണം .

കടുവയുടെ ആക്രമണത്തിൽ കഴിഞ്ഞ ദിവസം കുമ്പളത്താമൺ ഡയറി ഫാമിലെ ഒരു പോത്ത് ചത്തു . പ്രാഥമിക അന്വേഷണത്തിൽ വനപാലകർക്ക് മൃഗത്തെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ലെങ്കിലും തുടർന്ന് സ്ഥാപിച്ച നിരീക്ഷണ ക്യാമറകളിൽ കടുവയുടെ ദൃശ്യങ്ങൾ പതിഞ്ഞു.പതിവായി കാട്ടാനക്കൂട്ടം എത്തിയിരുന്ന മേഖലയിൽ കടുവ കൂടി എത്തിയെന്നത് നാട്ടുകാരുടെ ഭീതി ഇരട്ടിയാക്കി .

പുലിയുടെ നിരന്തര സാന്നിധ്യം കൂടി ഉണ്ടായതോടെ ഈ ഗ്രാമീണ ജനത നിസഹായ അവസ്ഥയില്‍ ആണ് . രാത്രിയില്‍ മാത്രമല്ല പട്ടാപ്പകലും കാട്ടാന ശല്യം ഇവിടെ അതി രൂക്ഷമാണ് . കുമ്പളത്താമൺ, ഒളികല്ല്, ബൗണ്ടറി, ചെമ്പരത്തിമൂട്, ആർക്കേമൺ ഭാഗങ്ങളിലാണ് കാട്ടാന ഭീതിപരത്തുന്നത്.

ഒളികല്ല്, കുമ്പളത്താമൺ മേഖലകളിൽ ഭീതി വിതയ്ക്കുന്ന കാട്ടാന വടശേരിക്കര ടൗണിനു സമീപം വരെയെത്തിയിരുന്നു .വടശ്ശേരിക്കര പഞ്ചായത്തിൽ ഒളികല്ല് കുമ്പളത്താമൺ നിവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായി വന്യ മൃഗ ശല്യം കൂടിയതോടെ ഈ ഗ്രാമത്തില്‍ എങ്ങനെ ജീവിക്കും എന്നാണ് ജനം ചോദിക്കുന്നത് .