തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം:ബിഎല്‍ഒമാര്‍ നവംബര്‍ നാലു മുതല്‍ വീടുകള്‍ കയറും: ജില്ലാ കലക്ടര്‍

Spread the love

 

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ പത്തനംതിട്ട ജില്ലയില്‍ നവംബര്‍ നാലു മുതല്‍ ഒരു മാസം വീടുകള്‍ സന്ദര്‍ശിച്ച് എന്യുമറേഷന്‍ ഫോം വിതരണം ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍.

ബിഎല്‍ഒ മാരുടെ ഭവന സന്ദര്‍ശനം മുന്‍കൂട്ടി രാഷ്ട്രീയ പാര്‍ട്ടികളെ അറിയിക്കും. എന്യുമറേഷന്‍ ഫോം ശേഖരിക്കുന്നതിന് വില്ലേജ് ഓഫീസുകളില്‍ കളക്ഷന്‍ സെന്ററുകള്‍ സജ്ജീകരിക്കും. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ ഒമ്പതിന് പ്രസിദ്ധീകരിക്കും. പട്ടികയെ കുറിച്ചുള്ള എതിര്‍പ്പുകളും ആവശ്യങ്ങളും അപേക്ഷിക്കാനുള്ള കാലയളവ് ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി എട്ടുവരെയാണ്.

ഹിയറിംഗും പരിശോധനയുമുള്ള നോട്ടീസ് ഘട്ടം ഡിസംബര്‍ ഒമ്പത് മുതല്‍ 2026 ജനുവരി 31 വരെ നടക്കും. അവസാന വോട്ടര്‍ പട്ടിക 2026 ഫെബ്രുവരി ഏഴിന് പ്രസിദ്ധീകരിക്കും.
ബൂത്ത് ലെവല്‍ ഓഫിസര്‍മാരായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സേവനം പൂര്‍ണമായും വിട്ടു നല്‍കുന്നതിന് എല്ലാ ഓഫീസ് മേധാവികള്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

തങ്ങളുടെ കാര്യാലയത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഹിച്ചിരുന്ന ചുമതലകള്‍ക്ക് പകരം ക്രമീകരണം ഒരുക്കാനും നിര്‍ദേശിച്ചു. ജില്ലയില്‍ 1077 ബൂത്ത് ലെവല്‍ ഓഫീസര്‍മാരാണുള്ളത്. 10 ബില്‍ഒ മാര്‍ക്ക് ഒരു ബിഎല്‍ഒ സൂപ്പര്‍വൈസറുണ്ടാകും. അനാഥ മന്ദിരങ്ങള്‍, ഉന്നതികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ എന്യുമറേഷന്‍ ഫോം വിതരണം ചെയ്യും. ആദ്യ രണ്ടു ദിവസം പ്രമുഖ വ്യക്തികളുടെ വീടുകളും സന്ദര്‍ശിക്കും. വിദേശത്ത് താമസിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ മുഖേനെയോ വാട്ട്സ്ആപ്പിലൂടെയോ ഫോം സമര്‍പ്പിക്കാന്‍ അവസരമുണ്ട്. ബിഎല്‍ഒ മാര്‍ മൂന്നു തവണ വീടുകള്‍ സന്ദര്‍ശിക്കും. 13 തിരിച്ചറിയല്‍ രേഖകളിലൊന്ന് വോട്ടര്‍മാര്‍ക്ക് ഹാജരാക്കണം. ഫോം പൂരിപ്പിച്ച് തിരികെ ബിഎഒമാര്‍ക്ക് നല്‍കണം.

എന്യുമറേഷന്‍ ഫോം വിതരണം, ഫോം തിരകെ സ്വീകരിച്ച് ഇലക്ടറല്‍ രജിസ്ട്രഷേന്‍ ഓഫീസര്‍ക്ക് കൈമാറുന്നത് തുടങ്ങി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും സുഗമമാക്കുന്നതിന് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ബി എല്‍ ഒ സൂപ്പര്‍വൈസര്‍മാര്‍ നിര്‍ദേശം നല്‍കണമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ബീന എസ് ഹനീഫും പങ്കെടുത്തു. വോട്ടര്‍മാരുടെ സംശയനിവാരണത്തിനായി ജില്ലാ ഇലക്ഷന്‍ വിഭാഗത്തില്‍ ക്രമീകരിച്ചിട്ടുളള ഹെല്‍പ് ഡസ്‌കിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു.
ഹെല്‍പ് ഡസ്‌ക് ഫോണ്‍ : 0468 2224256