ജില്ലയുടെ സമഗ്രവികസനത്തിന് ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം കരുത്ത് പകരും: മന്ത്രി വീണാ ജോര്‍ജ് : ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം മന്ത്രി ഉദ്ഘാടനം ചെയ്തു
പത്തനംതിട്ടയുടെ സമഗ്രവികസനത്തിന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം കരുത്തു പകരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കലക്ടറേറ്റ് അങ്കണത്തില്‍ നിര്‍മിച്ച ആസൂത്രണ സമിതി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ സമസ്ത മേഖലയിലും വികസനങ്ങള്‍ നടക്കുന്നു. വനിതാ പോലിസ് സ്റ്റേഷന്, ജില്ലാ പോലിസ് കണ്ട്രോള് റൂം, വനിതകള്‍ക്കായി ഹോസ്റ്റല്‍ ഉള്‍പ്പെടെ ജില്ലാ ആസ്ഥാനത്ത് നിരവധി കാര്യാലയങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മലയോര ഹൈവേ, റോഡ്, പാലം, കോന്നി മെഡിക്കല്‍ കോളജ്, ജില്ലാ-താലൂക്ക് ആശുപത്രികള്‍, നാലു നഴ്സിംഗ് കോളജുകള്‍ എന്നിങ്ങനെ എല്ലാ മേഖലയിലും അടിസ്ഥാന സൗകര്യം വികസിപ്പിച്ചു. 50 കോടി രൂപ വിനിയോഗിച്ച് നിര്‍മിക്കുന്ന ജില്ലാ സ്റ്റേഡിയത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ജില്ലാ കോടതി സമുച്ചയത്തിന് സ്ഥലം ഏറ്റെടുത്തതായും നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ ആസൂത്രണസമിതികളെ ശക്തിപ്പെടുത്തുന്നതിന് ആസൂത്രണ ബോര്‍ഡ്, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ്്, ടൗണ്‍ പ്ലാനിംഗ് വകുപ്പുകളുടെ ജില്ലാ ഓഫീസുകളെ ഉള്‍പ്പെടുത്തിയാണ് മന്ദിരം നിര്‍മിച്ചത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വാര്‍ഷിക പദ്ധതി വിഹിതവും സംസ്ഥാന ആസൂത്രണ ബോര്‍ഡ് ലഭ്യമാക്കിയ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതവും വിനിയോഗിച്ചാണ് മന്ദിരം പൂര്‍ത്തിയാക്കിയത്. സെല്ലാര്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍ ഉള്‍പ്പെടുന്ന ഗ്രൗണ്ട് ഫ്ളോര്‍, ഒന്നാം നിലയില്‍ ജില്ലാ പ്ലാനിംഗ് ഓഫീസ്, രണ്ടാം നിലയില്‍ ടൗണ്‍ പ്ലാനിംഗ് ജില്ലാ ഓഫീസ്, മൂന്നാം നിലയില്‍ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഓഫീസ്, നാലാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയുണ്ട്. 2937.54 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമാണ് കെട്ടിടത്തിന്. ശീതീകരിച്ച കോണ്‍ഫറന്‍സ് ഹാളില്‍ 200 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യവും സെല്ലാര്‍ ഫ്ളോറില്‍ കാര്‍ പാര്‍ക്കിംഗ് സൗകര്യവുമുണ്ട്്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷനായി. ആന്റോ ആന്റണി എംപി താക്കോല്‍ദാനം നിര്‍വഹിച്ചു. സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ പ്രൊഫ. വി കെ രാമചന്ദ്രന് മുഖ്യസന്ദേശം നല്കി. പ്രമോദ് നാരായണ്‍ എംഎല്‍എ, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ. ജിജു പി അലക്സ്, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ ടി സക്കീര്‍ ഹുസൈന്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വികേന്ദ്രീകൃതാസൂത്രണവിഭാഗം മേധാവി ജെ ജോസഫൈന്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഓമല്ലൂര്‍ ശങ്കരന്, രാജി പി രാജപ്പന്, വി ടി അജോമോന്‍, സി കെ ലതാകുമാരി, ലേഖ സുരേഷ്, സാറാ തോമസ്, ആര് അജയകുമാര്‍, ജിജി മാത്യു, ജില്ലാ ആസൂത്രണ സമിതി അംഗം രാജി ചെറിയാന്, പി കെ അനീഷ്, സര്‍ക്കാര്‍ നോമിനി എസ് വി സുബിന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപാ ചന്ദ്രന്, ജില്ലാ ടൗണ്‍ പ്ലാനര്‍ ജി അരുണ്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
