നോർക്ക റൂട്സ് പി.ഡി.ഒ.പി പ്രോഗ്രാമുകള്‍ക്ക് തുടക്കമായി

Spread the love

നോർക്ക റൂട്സ് പി.ഡി.ഒ.പി പ്രോഗ്രാമുകള്‍ക്ക് തുടക്കമായി; തിരുവനന്തപുരം നഴ്സിംഗ് കോളേജില്‍ നോര്‍ക്ക മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കും: പി ശ്രീരാമകൃഷ്ണൻ

konnivartha.com; വിദേശ തൊഴിൽ കുടിയേറ്റത്തിനു മുന്നോടിയായി നോർക്ക റൂട്സ് നടപ്പാക്കുന്ന പരിശീലന പരിപാടിയായ പ്രീ ഡിപാർച്ചർ ഓറിയന്റേഷൻ പ്രോഗ്രാമിന്റെ (പി.ഡി.ഒ.പി) നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ ക്യാമ്പ് തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്സിംങില്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്സിംങില്‍ വിദേശഭാഷാ പഠനത്തിനുളള നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജസിന്റെ (എന്‍.ഐ.എഫ്.എല്‍) സാറ്റലൈറ്റ് സെന്റര്‍ ഉള്‍പ്പെടെയുളള മൈഗ്രേഷന്‍ ഫെസിലിറ്റേഷന്‍ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ഈ വര്‍ഷം വിവിധ ഇടങ്ങളിലായി നാല്പത് പി.ഡി.ഒ.പി ക്യാംപുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷിതവും, ക്രമബദ്ധവും നിയമാനുസൃതവുമായ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് നോർക്ക റൂട്സിന്റെ ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിച്ച നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി പറഞ്ഞു. നോർക്ക റൂട്സ് എല്ലായ്പ്പോഴും പൂർണമായ ബോധ്യത്തോടെയുള്ള കുടിയേറ്റത്തിന് വേണ്ടിയാണ് നിലകൊള്ളുന്നത്. ഉദ്യോഗാർത്ഥി പോകുന്ന രാജ്യത്തിലെ ലഭ്യമായ അവസരങ്ങളും അവിടുത്തെ ആചാരങ്ങളും പാരമ്പര്യങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിലൊക്കെ ആധികാരികമായ പ്രത്യക്ഷ വിവരം ഉള്ള ഏക സർക്കാർ ഏജൻസിയാണ് നോർക്ക റൂട്സ് എന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം ഗവണ്‍മെന്റ് കോളേജ് ഓഫ് നഴ്സിംങ് പ്രിൻസിപ്പൽ പ്രൊഫസ്സർ ഗീതാകുമാരി എസ് , നോർക്ക റൂട്സ് റിക്രൂട്ട്മെന്റ് മാനേജർ പ്രകാശ് പി ജോസഫ്, അസിസ്റ്റന്റ് മാനേജർ സാനുകുമാർ എസ്, വിദ്യാർത്ഥി പ്രതിനിധി അർജുൻ ആർ എന്നിവർ സംബന്ധിച്ചു. പ്രൊഫഷണല്‍ കോഴ്സുകള്‍ക്കു പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായാണ് നോര്‍ക്ക റൂട്ട്സ് പി.ഡി.ഒ.പി പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.