ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഒരുക്കം വിലയിരുത്തി
ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന് മുന്നോടിയായി ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കം വിലയിരുത്തി. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ സൗകര്യ ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്കി.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങിലെ പൊലിസ് സിസിടിവി ദൃശ്യങ്ങള്‍ ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ ലഭിക്കും. ന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പന്തളം, കുളനട എന്നിവിടങ്ങിലെ സുരക്ഷ ശക്തമാക്കും. കുള്ളാര്‍ അണക്കെട്ടിലും പൊലിസുകാരെ സുരക്ഷയ്ക്ക് നിയോഗിക്കും.
അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങളും മരച്ചില്ലകളും വനം വകുപ്പ് മുറിച്ചു നീക്കും. പ്ലാസ്റ്റിക് നിരോധനത്തിനായി ജാഗ്രത നിര്‍ദേശം അടങ്ങിയ ബോര്‍ഡുകള്‍ വിവിധ ഭാഷകളില്‍ സ്ഥാപിക്കും. ളാഹ മുതല്‍ പമ്പ വരെ 23 ആനത്താരകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടാകും.
ജില്ലയിലെ എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും സേവനം ഉറപ്പുവരുത്തും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പത്തനംതിട്ട, റാന്നി, റാന്നി- പെരുനാട് എന്നിവിടങ്ങളിലെ ആശുപത്രികള്‍ പൂര്‍ണ സജ്ജമാക്കും.
പന്തളം വലിയകോയിക്കല്‍ ക്ഷേത്ര പരിസരത്ത് മെഡിക്കല്‍ യൂണിറ്റിനെ നിയോഗിക്കും. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ താല്‍ക്കാലിക ആയുര്‍വേദ, ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിക്കും. പമ്പ ത്രിവേണി സ്നാന സരസിലും അനുബന്ധ കടകവുകളിലും ബാരിക്കേഡുകള്‍ ദേവസ്വം ബോര്‍ഡ് നിര്‍മിക്കും. ദര്‍ശന സമയം സംബന്ധിച്ച ബോര്‍ഡുകള്‍ വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളിലെ കടകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും.
മെലപ്ര- മണ്ണാറക്കുളഞ്ഞി, മണ്ണാറക്കുളഞ്ഞി- ചാലക്കയം- പമ്പ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി തീര്‍ത്ഥാടനത്തിന് മുമ്പ് പൂര്‍ത്തിയാക്കും.
നിലയ്ക്കല്‍ ബേസ് ക്യാമ്പ്, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ കിയോസ്കുകളില്‍ ആവശ്യമായ കുടിവെള്ളം ഉറപ്പുവരുത്തും. ശുദ്ധത പരിശോധിക്കാനും സൗകര്യമുണ്ടാകും. നദികളിലെ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ മുന്നറിയിപ്പ് ബോര്‍ഡുകളും ബാരിക്കേഡുകളും സ്ഥാപിക്കും. സന്നിധാനം, പമ്പ, നിലയ്ക്കല്‍ ബേസ് ക്യാമ്പ് എന്നിവിടങ്ങളില്‍ 24 മണിക്കൂറും വൈദ്യുതി ഉറപ്പാക്കും.
പന്തളത്ത് അഗ്നിരക്ഷ വകുപ്പ് താല്‍ക്കാലിക ഫയര്‍ സ്റ്റേഷന് സ്ഥാപിക്കും. അനിധികൃത്മായി എല്‍പിജി സിലിണ്ടറുകള്‍ സൂക്ഷിക്കാന്‍ അനുവദിക്കില്ല. പമ്പയില്‍ സ്കൂബ ഡെവിംഗ് സേവനം ഉറപ്പാക്കും. പമ്പ, എരുമേലി, പന്തളം എന്നിവിടങ്ങളില്‍ സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തുനിന്നും കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തും. ബസുകളില്‍ തീര്‍ഥാടകര്‍ ഓടിക്കയറുന്നത് ഒഴിവാക്കാന്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തും. ഭക്ഷണ സാധനങ്ങളുടെ വില വിവരപട്ടിക കടകളില്‍ പ്രദര്‍ശിപ്പിക്കും. ആഹാരത്തില്‍ മായം കലര്‍ത്തിയാല്‍ പരാതി നല്‍കാനുള്ള ടോള്‍ ഫ്രീ നമ്പര്‍ എല്ലാ പ്രധാന സ്ഥലങ്ങളിലുമുണ്ടാകും. വനപാതകളില്‍ ഉള്‍പ്പെടെ നെറ്റ്വര്‍ക്ക് കവറേജ് ഉറപ്പാക്കാന്‍ ബിഎസ്എന്‍എല്‍ ൗ ടവറുകള്‍ സ്ഥാപിക്കും. ഭക്ഷണ സാധനങ്ങളുടെ അളവും വിലയും ലീഗല്‍ മെട്രോളജി വകുപ്പിന്റെ കീഴില്‍ പരിശോധിക്കും.
ജില്ലാ പൊലിസ് മേധാവി ആര് ആനന്ദ്, റാന്നി- പെരുന്നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്, തിരുവല്ല സബ് കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ഡെപ്യൂട്ടി കലക്ടര്‍ ആര് രാജലക്ഷ്മി, വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.