konnivartha.com; പട്ടയം ലഭ്യമാക്കുന്നതിന്റെ വാര്‍ഷിക വരുമാന പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. നെടുമ്പ്രം, കോന്നി ഐരവണ്‍ സ്മാര്‍ട്ട് വില്ലേജുകളുടെ നിര്‍മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പിണറായി വിജയന് സര്‍ക്കാരിന്റെ കാലത്ത് 4,10000 കുടുംബങ്ങള്‍ ഭൂമിയുടെ ഉടമകളായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് മാത്രം 2,33,947 കുടുംബങ്ങള്‍ക്ക് പട്ടയം കിട്ടി.
പട്ടയം മിഷന്, റവന്യൂ അസംബ്ലി എന്നിവയിലൂടെ കണ്ടെത്തുന്ന പ്രശ്നങ്ങളില്‍ ജില്ലയില്‍ പരിഹരിക്കാനാക്കാത്തവ പട്ടയ ഡാഷ് ബോര്‍ഡില്‍ ഉള്‍പെടുത്തി വകുപ്പ് നേരിട്ട് തീര്‍പ്പാക്കുന്നു. ഡിജിറ്റല്‍ റീസര്‍വേയിലൂടെ രണ്ട് വര്‍ഷത്തിനുള്ളില്‍ 8,87000 ഹെക്ടര്‍ ഭൂമിയും 64 ലക്ഷത്തിലേറെ ലാന്‍ഡ് പാഴ്സലുകളും അളന്നു. റീസര്‍വേ നടപടി പൂര്‍ണമായും ഡിജിറ്റലാക്കിയതോടെ ഭൂമിയുടെ അളവ്, കൈമാറ്റം തുടങ്ങിയ വിവരങ്ങള്‍ ഒറ്റ പോര്‍ട്ടലില്‍ ലഭ്യമായി.
രജിസ്ട്രേഷന് വകുപ്പിന്റെ പേള്‍, റവന്യൂ വകുപ്പിന്റെ റിലീസ്, സര്‍വേ വകുപ്പിന്റെ ഇ മാപ് പോര്‍ട്ടലുകള്‍ സംയോജിപ്പിച്ച് എന്റെ ഭൂമി പോര്‍ട്ടല്‍ സംവിധാനത്തിലൂടെ ഭൂമി ക്രയവിക്രയം എളുപ്പമാക്കി. എല്ലാവര്ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുദ്രാവക്യത്തോടെ റവന്യു വകുപ്പ് ശ്രദ്ധേയവും വിപ്ലവകരവുമായ പ്രവര്‍ത്തനം നടത്തുന്നു. പുതിയതായി ഭരണാനുമതി ലഭിച്ച 190 വില്ലേജുകളില്‍ 32 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു.
ഭൂവുടമകള്‍ക്ക് ഭൂമിയുമായി ബന്ധപ്പെട്ട വിശദാശംങ്ങള്‍ ഉള്‍ക്കൊള്ളുന്ന റവന്യു സ്മാര്‍ട്ട് കാര്‍ഡ് അടുത്ത വര്‍ഷത്തോടെ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നെടുമ്പ്രം ഉണ്ടപ്ലാവ് എന്‍എസ്എസ് കരയോഗ മന്ദിരം ഹാളില്‍ നടന്ന നെടുമ്പ്രം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തില്‍ മാത്യൂ ടി തോമസ് എംഎല്‍എ അധ്യക്ഷനായി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ അനു, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി, ജില്ലാ പഞ്ചായത്തംഗം മായ അനില്‍കുമാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
കോന്നി മുരിങ്ങമംഗലം ശബരി ഓഡിറ്റോറിയത്തില്‍ നടന്ന ഐരവണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തില്‍ കെ യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനായി. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ്, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, ബ്ലോക്ക് പഞ്ചായത്തംഗം തുളസീമണിയമ്മ, അരുവാപ്പുലം ഗ്രാമപഞ്ചായത്തംഗം വി ശ്രീകുമാര്‍, കോന്നി ഗ്രാമപഞ്ചായത്തംഗങ്ങളായ ജിഷ ജയകുമാര്‍, പുഷ്പ ഉത്തമന്, എഡിഎം ബി ജ്യോതി, കോന്നി തഹസില്‍ദാര്‍ സിനി മോള് എന്നിവര്‍ പങ്കെടുത്തു.
