നിയമപരമായ മുന്നറിയിപ്പ് : മദ്യപാനവും മറ്റു ലഹരി വസ്തുക്കളും ആരോഗ്യത്തിനു ഹാനികരം
konnivartha.com; പൊതു പ്രവര്‍ത്തകരുടെ ഇടപെടീല്‍ മൂലം പത്തനംതിട്ട റാന്നി കൊല്ലമുളയിലെ വീട്ടില്‍ നിന്നും സംസ്ഥാന എക്സൈസ് പാര്‍ട്ടി കണ്ടെത്തിയത് ലക്ഷങ്ങളുടെ ലഹരി ശേഖരണം ആണ് . നാളുകളായി ശേഖരിച്ചു വെച്ച് മദ്യ വില്‍പ്പന ശാലകള്‍ അവധിയുള്ള ദിനങ്ങളില്‍ കൂടിയ വിലയ്ക്ക് വിറ്റ് വന്‍ ലാഭം കൊയ്യുന്ന കച്ചവടം ആണ് നടന്നു വന്നത് . പലചരക്ക് കടകളില്‍ “സാധനം “ശേഖരിച്ചു വെച്ച് വില്‍ക്കുന്ന പോലെ വീട്ടിലെ ഓരോ മുറിയിലും ആയിരങ്ങളുടെ മദ്യം ആണ് ശേഖരിച്ചു വെച്ചത് . പല ബിവറേജസ്സില്‍ നിന്നും പലപ്പോഴായി വാങ്ങി ശേഖരിച്ചു കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തി ലക്ഷങ്ങളുടെ വരുമാനം ആണ് ഓരോ മാസവും നേടിയത് . മദ്യത്തോട് ഒപ്പം ഹാന്‍സ് പോലെയുള്ള നിരോധിത ലഹരി വസ്തുക്കളും കണ്ടെത്തി .
ഇതിലേറെ ഞെട്ടിപ്പിക്കുന്നത് മറ്റൊന്നാണ് . ഒന്നാം പ്രതിയുടെ മകൾ കേവലം ഒൻപത് വയസുള്ള പെൺകുട്ടിയാണ് ഇത് 100 മീറ്റർ അകലെയുള്ള ഈ വീട്ടിൽ നിന്ന് അച്ചനും അമ്മൂമ്മയും പറയുന്ന ബ്രാന്‍ഡ് പേരുകളില്‍ ഉള്ള മദ്യം നാലും അഞ്ചും എണ്ണം ഒന്നിച്ചു ആവശ്യക്കാരുടെ എണ്ണം അനുസരിച്ച് അമ്മൂമ്മയുടെ മാടക്കടയോട് ചേർന്ന താമസ സ്ഥലത്ത് എത്തിക്കുന്നത് . ഈ കുഞ്ഞിനെ വരെ മദ്യ വില്പനയ്ക്ക് ഉപയോഗിക്കുമ്പോള്‍ സംസ്ഥാന എക്സൈസ് വകുപ്പിലെ നിയമ പാലകര്‍ പോലും ഞെട്ടി .ഈ കുഞ്ഞിന്‍റെ അവസ്ഥ ഇത് വായിക്കുന്നവർ ചിന്തിക്കുക.
281 കുപ്പികളിലായി 140 ലിറ്ററിലധികം ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് കണ്ടെടുത്തത്.റാന്നി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ബിജു ഫിലിപ്പ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ജഗൻകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അഫ്സൽ നാസർ, എബിൻ സുരേഷ് എന്നിവർ ചേർന്നാണ് കേസ് കണ്ടെടുത്തത്.