രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മികച്ച ക്രമീകരണമൊരുക്കിയ വിവിധ വകുപ്പുകളെ ജില്ലാ ഭരണകൂടം ആദരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പ്രശംസാപത്രം സമ്മാനിച്ചു.
കൂട്ടായ പ്രവര്‍ത്തനമാണ് ഉദ്യോഗസ്ഥര്‍ കാഴ്ചവച്ചതെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. ആദ്യമായി വനിതാ രാഷ്ട്രപതി ശബരിമല സന്ദര്‍ശിച്ച മുഹൂര്‍ത്തം അവിസ്മരണീയമാക്കി. കാര്യക്ഷമമായും ഏകോപനത്തോടെയും പ്രവര്‍ത്തിച്ച് വകുപ്പുകള്‍ മികച്ച അന്തരീക്ഷം ഒരുക്കി. തിരുവല്ല സബ്കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍ ലെയ്സണ്‍ ഓഫീസറായി പ്രവര്‍ത്തിച്ചു.
പൊതുവായ ഏകോപനം കലക്ടറേറ്റ് ദുരന്തനിവാരണ വിഭാഗം കാര്യക്ഷമമായി നിര്‍വഹിച്ചു. പോലിസിന്റെ പ്രവര്‍ത്തനം എടുത്തുപറയണം. പ്രതികൂല കാലാവസ്ഥമൂലം രാഷ്ട്രപതിയുടെ യാത്രാ പാതയില്‍ വ്യത്യാസം ഉണ്ടായെങ്കിലും കൃത്യമായ ആസൂത്രണത്തോടെ തരണം ചെയ്തു. ജില്ലാ ഭരണകൂടത്തെ രാഷ്ട്രപതിയുടെ കാര്യാലയം അഭിനന്ദിച്ചതായും വിലപ്പെട്ട അനുവഭ സമ്പത്ത് സന്ദര്‍ശനത്തിലൂടെ ലഭിച്ചതെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി.
സബ് കലക്ടര്‍ സുമിത്ത് കുമാര്‍ താക്കൂര്‍, ഡെപ്യൂട്ടി കലക്ടര്‍ രാജലക്ഷ്മി, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു