തിരുമുല്ലവാരം ഡിബിഎൽപി സ്‌കൂളിന്റെ 15 വർഷത്തെ ആവശ്യത്തിന് ഒരാഴ്ചക്കുള്ളിൽ പരിഹാരം

Spread the love

 

തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന തിരുമുല്ലവാരം ഡി.ബി.എൽ.പി. സ്‌കൂളിലെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന 15 വർഷത്തെ സ്‌കൂൾ അധികൃതരുടെ ആവശ്യത്തിന് പരിഹാരം. സംസ്ഥാന സർക്കാരിന്റെ മുഖ്യമന്ത്രി എന്നോടൊപ്പം (സി എം വിത്ത് മി) സിറ്റിസൺ കണക്ട് സെന്ററിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒരാഴ്ചക്കുള്ളിൽ പരിഹാരമായത്.

1957-ൽ വിദ്യാലയം ആരംഭിച്ചത് മുതൽ കെട്ടിടങ്ങളുടെ അപര്യാപ്തത കാരണം ഒന്നും രണ്ടും ക്ലാസ്സുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചിരുന്നത്. രണ്ട് ക്ലാസ്സുകൾക്കും കൂടി ഒരു അധ്യാപകനെ മാത്രമാണ് അനുവദിച്ചിരുന്നത്. ഇത് കാരണം ഒരു ക്ലാസ്സിലെ കുട്ടികൾക്ക് ഉച്ച വരെയും അടുത്ത ക്ലാസ്സിലെ കുട്ടികൾക്ക് ഉച്ചയ്ക്ക് ശേഷവുമാണ് പഠനം ക്രമീകരിച്ചിരുന്നത്. ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നതിനാൽ രക്ഷിതാക്കൾ കുട്ടികളെ ഈ സ്‌കൂളിൽ ചേർക്കാൻ വിമുഖത കാണിക്കുകയും, സ്‌കൂൾ ‘മതിയായ കുട്ടികളില്ലാത്ത വിദ്യാലയം’ എന്ന ശ്രേണിയിൽ ഉൾപ്പെടുകയും ചെയ്തു.

2010-ൽ പുതിയ കെട്ടിടം ലഭിച്ചതോടെ ക്ലാസ് മുറികളുടെ ക്ഷാമം മാറിയെങ്കിലും ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കാനുള്ള അപേക്ഷകൾ ഓരോരോ കാരണങ്ങൾ പറഞ്ഞ് തള്ളുകയായിരുന്നു. കഴിഞ്ഞ 15 വർഷക്കാലമായി മാനേജ്‌മെന്റും അധ്യാപകരും പി.റ്റി.എ.യും നിരന്തരം ഇതിനായി ശ്രമിച്ചിരുന്നു.

2025-26 അധ്യയന വർഷാരംഭത്തിലും ഷിഫ്റ്റ് സമ്പ്രദായം തുടർന്നതോടെ നിരാശയിലായപ്പോഴാണ് സ്‌കൂൾ അധികൃതർ ‘സി.എം. വിത്ത് മി’ പദ്ധതിയെക്കുറിച്ച് അറിയുന്നത്. പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശാ സനൂജ് വഴി വിവരം അറിയിച്ചതിനെ തുടർന്ന് ഫയൽ അതിവേഗം നീങ്ങി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദേശത്തിന് പിന്നാലെ കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചുകൊണ്ട് ഉത്തരവ് നൽകി. ദീർഘകാലത്തെ ആവശ്യം ഒരാഴ്ചക്കുള്ളിൽ പരിഹരിച്ചതിന് പ്രഥമാധ്യാപിക എസ്. വിജയലക്ഷ്മിയും പി.റ്റി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആശാ സനൂജും സ്നേഹത്തിനും കരുതലിനും മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി കത്തയക്കുകയും ചെയ്തു.