ജോയി കുറ്റിയാനി
konnivartha.com/മയാമി: അമേരിക്കന്‍ ആത്മീയ-മത-സാംസ്‌കാരിക ഭൂപടത്തില്‍ മലയാളികളുടെ ആത്മീയ യാത്രയ്ക്ക് മറ്റൊരു മഹത്തായ അദ്ധ്യായം കൂടി എഴുതിച്ചേര്‍ക്കുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി അഞ്ഞൂറോളം മലയാളി കത്തോലിക്ക വൈദികര്‍ ആത്മീയ, ദേവാലയ ശുശ്രൂഷകളിലും, വിവിധ സേവന, വിദ്യാഭ്യാസ ജീവകാരുണ്യ തൊഴില്‍ മേഖലകളിലുമായി അമേരിക്കന്‍ ജനതകള്‍ക്കായി അമേരിക്കന്‍ രൂപതകളിലും, സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഒരുവര്‍ഷം നീളുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഒരു ഒത്തുചേരലാണ് ”കേയ്‌നോനിയ” എന്നു പേരു നല്‍കിയിരിക്കുന്ന ഈ മഹാ വൈദിക സമ്മേളനം.
പങ്കാളിത്വം, സഹവര്‍ത്തിത്വം, ആത്മീയ ഐക്യം എന്ന അര്‍ത്ഥം വരുന്ന ഈ ഗ്രീക്ക് വാക്ക് ഇന്ന് ക്രൈസ്തവ സഭയുടെ ആത്മീയ സുവിശേഷവല്‍ക്കരണ പങ്കാളിത്വവും സഹവര്‍ത്വത്തെയും ഐക്യത്തെയും പ്രതിഫലിപ്പിക്കുന്നതു കൊണ്ടാണ് അമേരിക്കന്‍ മണ്ണില്‍ സേവനം ചെയ്യുന്ന മലയാളി കത്തോലിക്കാ വൈദികരുടെ ഈ സംഗമത്തിന് ‘കോയ്‌നോനിയ’ എന്ന് നാമകരണം നല്‍കിയിരിക്കുന്നത്.
കേരളത്തിന്റെ ആഴമേറിയ ആത്മീയ വിശ്വാസ പാരമ്പര്യവും, ഇന്ത്യന്‍ കത്തോലിക്ക സഭാ അനുഷ്ഠാനങ്ങളും ചേരുന്ന സീറോ മലബാര്‍ – സീറോ മലങ്കര – ലാറ്റിന്‍ റീത്തുകളും, കാനാനായ സഭയും വിവിധങ്ങളായ സന്യാസ സഭകളും, കോണ്‍ഗ്രിഗേഷനുകളില്‍ നിന്നുമുള്ള വൈദികരുമാണ് ഈ മഹാസമ്മേളനത്തിന് ഒത്തുചേരുന്നത്.
ഈ വൈദിക സമ്മേളനം ഒരു സാധാരണ വൈദിക ഒത്തുചേരലല്ല. അവരുടെ ജീവിത സമര്‍പ്പണത്തിന്റെ സംഭാവനകളെ ഒരു വേദിയില്‍ പ്രതിഫലിപ്പിക്കുന്ന ചരിത്രസ്മാരകമാക്കുകയാണ് ഇതുവഴി.
ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ വളര്‍ച്ചയുടെ നാള്‍വഴികളില്‍ ഇന്ന് അമ്പത്തിനാല് പള്ളികളും, മുപ്പത്തിയഞ്ച് മിഷനുകളും, എഴുപതോളം സമര്‍പ്പിത വൈദികരും ഒരു ലക്ഷത്തിലേറെ വരുന്ന വിശ്വാസ സമൂഹമായി അമേരിക്കയില്‍ ക്രൈസ്തവ സാക്ഷ്യത്തിനായി വളരുക
യാണ്.
ചിക്കാഗോ സീറോ മലബാര്‍ രൂപതയ്ക്കുവേണ്ടി 2025 നവംബര്‍ 18, 19 തീയതികളിലായി ഈ വൈദിക സമ്മേളനം അണിയിച്ചൊരുക്കുന്നത് കേരളം പോലെ മനോഹരമായ അമേരിക്കയിലെ കേരളം എന്നു വിശേഷിപ്പിക്കുന്ന മയാമി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫോറോന ദേവാലയത്തിന്റെ നേതൃത്വത്തിലാണ്.
ഏതാനും മാസങ്ങളായി ഈ മഹാസമ്മേളനത്തിന്റെ ഒരുക്കത്തിനായി ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് രക്ഷാധികാരിയും വികാരി ജനറാള്‍ ഫാ. ജോണ്‍ മേലേപ്പുറം സഹരക്ഷാധികാരിയും, ഫോറോനാ വികാരി ഫാ. ജോര്‍ജ്ജ് ഇളമ്പാശ്ശേരി ചെയര്‍മാനും, ജോഷി ജോസഫ് ജനറല്‍ കണ്‍വീനറുമായി ഇരുപതോളം വിവിധ കമ്മിറ്റി ചെയര്‍മാന്മാരും കൈക്കാരന്മാരും, പള്ളികമ്മിറ്റി അംഗങ്ങളും ഈ ആത്മീയ നേതാക്കന്മാരുടെ ഒത്തുചേരലിനായി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. ഇതിന്റെ വിജയത്തിനായി ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഇടവകസമൂഹം ഒന്നിച്ച് പരിശ്രമിക്കുന്നു. ആത്മീയതയും, സാംസ്‌കാരിക വൈവിധ്യവും, ഒന്നിക്കുന്ന അമേരിക്കന്‍ ഐക്യത്തിന്റെ ശക്തമായ പ്രതീതി പ്രതിഫലിപ്പിക്കുന്നതിനായി തിളക്കമാര്‍ന്ന അതിഥികളും പങ്കുചേരുന്നു.
അമേരിക്കന്‍ ബിഷപ്പ് കോണ്‍ഫ്രന്‍സ് അംഗമായ ബിഷപ്പ് വില്യം എ. വാക്ക് ബിഷപ്പ് ഓഫ് പെന്‍സിക്കോള, മയാമി ആര്‍ച്ച് ബിഷപ്പ് തോമസ് വെന്‍സ്‌കി, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ കോറല്‍ സ്പ്രിങ്ങ് മേയര്‍ സ്‌കോട്ട് ജെ. ബ്രൂക്ക് ചിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്, ബിഷപ്പ് എമിരറ്റസ് മാര്‍ ജേക്കബ്ബ് അങ്ങാടിയത്ത്. ഫ്‌ളോറിഡാ സംസ്ഥാനത്തെ രാഷ്ട്രീയ സാമൂഹ്യമണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ നേതാക്കന്മാര്‍ പങ്കെടുക്കുന്നു.
നവംബര്‍ പതിനെട്ടാം തീയതി ചൊവ്വാഴ്ച വൈകുന്നേരം നാല്മുപ്പതിന് കോറല്‍ സ്പ്രിങ്ങ്‌സിലെ സെന്റ് എലിസബത്ത് ആന്‍ സെന്റണ്‍ കാത്തലിക് പള്ളിയിലാണ് പരിപാടികള്‍ നടക്കുന്നത്. (Address: St. Elizabeth Ann Senton Catholic Church 1401 Coral Ridge Drive, Coral Springs Florida-33071).
വൈകിട്ട് 4.30ന് പള്ളി അങ്കണത്തില്‍ എത്തിച്ചേരുന്ന വിശിഷ്ടാതിഥികളെ താളമേള വാദ്യാഘോഷങ്ങളോടും, താലപ്പൊലിയും, മുത്തുക്കുടകളുടെ അകമ്പടിയോടും സ്വീകരിച്ച് പള്ളിയിലേക്ക് ആനയിക്കും.
വൈകിട്ട് അഞ്ചു മണിക്ക് അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഇരുന്നൂറോളം വൈദികരും ചേര്‍ന്ന് അര്‍പ്പിക്കുന്ന വിശുദ്ധബലിയില്‍ വലിയൊരു ജനസഞ്ജയം പങ്കെടുക്കും.
തുടര്‍ന്ന് അതിഥികളും, വൈദികരും ജനസമൂഹവും ഒന്നിച്ച് ചേരുന്ന അത്താഴ വിരുന്നും.ഏഴുമണിക്ക് പൊതുസമ്മേളനവും വൈവിദ്ധ്യമാര്‍ന്ന സാംസ്‌കാരിക കലാസന്ധ്യയും.നൂറ്റി ഇരുപതിലധികം കലാകാരന്മാര്‍ ചേര്‍ന്ന് ഒരുക്കുന്ന ”പാവനം” എന്ന പേരു ന്‍കി അണിയി ച്ചൊരുക്കുന്ന കലാവിരുന്ന് വേദിയില്‍ അവതരിപ്പിക്കപ്പെടും.
”കോയ്‌നോനിയ 2025” ഒരു വൈദിക സമ്മേളനം മാത്രമല്ല, ഒരു ആത്മീയ പുനര്‍ജ്ജനത്തിന്റെ വിളംബരവും; ചിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ജൂബിലി വര്‍ഷത്തിലെ പുതിയ ദിശാബോധത്തിന് വലിയൊരു പ്രകാശകിരണവുമായി മാറി തീരും.