ശബരിമലയിലെ പുതിയ പുറപ്പെടാ മേൽശാന്തിയായി ഇ ഡി പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എം ജി മനു നമ്പൂതിരിയും ചുമതല ഏറ്റെടുത്തു. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവന്ന ഇരുവരേയും സ്ഥാനമൊഴിഞ്ഞ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളിൽ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിച്ചു.
തുടർന്ന് ഇ ഡി പ്രസാദ് നമ്പൂതിരിയെ തന്ത്രി കണ്ഠര് മഹേഷ് മോഹനര്, അയ്യപ്പന് മുന്നിൽ വച്ച് കലശാഭിഷേകം നടത്തി മേൽശാന്തിയായി അവരോധിക്കുകയും, അദ്ദേഹത്തെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തു. നട അടച്ച ശേഷം അയ്യപ്പന്റെ മൂലമന്ത്രം മേൽശാന്തിയുടെ കർണങ്ങളിലേക്ക് തന്ത്രി പകർന്നു നൽകി. തുടർന്ന് മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നിൽ കലശാഭിഷേകം നടത്തി എംജി മനു നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി അവരോധിച്ചു.
പുതിയ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയാണ് വൃശ്ചികം ഒന്നിന് തിങ്കളാഴ്ച നട തുറക്കുക.
ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ, അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.