കോന്നി : 999 മാമലകള്‍ ഉണര്‍ത്തി കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ചിറപ്പ് മഹോത്സവത്തിന് ആരംഭം കുറിച്ചു . ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനം നിലനിര്‍ത്തി പ്രകൃതിയ്ക്ക് ഊട്ടും പൂജയും നല്‍കുന്ന നൂറ്റാണ്ട് പഴക്കം ഉള്ള കര്‍മ്മം ആണ് മലയ്ക്ക് പടേനി . മൂന്നു കരിക്ക് മുതല്‍ ആയിരത്തി ഒന്ന് കരിക്ക് വരെയുള്ള പടേനി നിത്യവും കല്ലേലി കാവില്‍ വഴിപാടായി നടക്കുന്നു .
മണ്ഡല മകര വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ഉള്ള ചിറപ്പിന് ആരംഭം കുറിച്ച് കൊണ്ട് ഊരാളിമാര്‍ കളരി വിളക്ക് തെളിയിച്ചു കൊണ്ട് പരമ്പ് നിവര്‍ത്തി താംബൂലവും കരിക്കും വിത്തും വിവിധ വിഭവങ്ങളുംകാട്ടിലയില്‍ സമര്‍പ്പിച്ചു കൊണ്ട് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പിച്ചു . മലകളുടെ ദാഹം ശമിപ്പിച്ചു കൊണ്ട് കരിക്ക് ഉടച്ചു .
ശബരിമലയിലെ 18 മലകള്‍ക്കും ഊട്ട് നല്‍കി . മണ്ഡല മകര വിളക്ക് തീര്‍ഥാടനത്തിനു മലകളുടെ അനുഗ്രഹത്തിന് വേണ്ടിയാണ് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ മലയ്ക്ക് പടേനി സമര്‍പ്പിച്ചത് . കരിക്ക് ഉടച്ചു രാശി നോക്കി ഊരാളിമാര്‍ ഫലം കണ്ടു .
കിഴക്ക് ഉദിമല മുതല്‍ പടിഞ്ഞാറ് തിരുവാര്‍കടല്‍ വരെ ഉള്ള മലകളുടെ അനുഗ്രഹമുണ്ടാകാന്‍ വിളിച്ചു ചൊല്ലി .പ്രഭാത വന്ദനത്തോടെ മന വിളക്ക്, നട വിളക്ക് ,ആറ്റു വിളക്ക് ,നാല്പത്തി ഒന്ന് തൃപ്പടി പൂജ , സ്വര്‍ണ്ണ മലക്കൊടി പൂജ ,മല വില്ല് പൂജ , വാനര ഊട്ട് , മീനൂട്ട് , ദീപ നമസ്ക്കാരം ദീപകാഴ്ച എന്നിവയും നടത്തി . പൂജകള്‍ക്ക് ഊരാളിമാര്‍ നേതൃത്വം നല്‍കി .