തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്:പത്തനംതിട്ട ജില്ലയില്‍ 63 നാമനിര്‍ദേശ പത്രിക ലഭിച്ചു
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ഇന്ന് (നവംബര്‍ 18) 63 നാമനിര്‍ദേശ പത്രിക ലഭിച്ചു.
ജില്ലാ പഞ്ചായത്തിലേക്ക് രണ്ടും നഗരസഭയിലേക്ക് എട്ടും ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒന്നും ഗ്രാമപഞ്ചായത്തുകളിലേക്ക് 52 പത്രികയുമാണ് ലഭിച്ചത്.
ജില്ലാ പഞ്ചായത്തിലേക്ക് കോഴഞ്ചേരി, പള്ളിക്കല്‍ ഡിവിഷനില്‍ നിന്ന് ഒന്നു വീതവും നഗരസഭയിലേക്ക് തിരുവല്ല- 4, പന്തളം- 3, അടൂര്‍- 1 ഉം ബ്ലോക്ക് പഞ്ചായത്തിലേക്ക് മല്ലപ്പള്ളിയില്‍ നിന്ന് ഒന്നുമാണ് പത്രിക ലഭിച്ചത്.
ഗ്രാമപഞ്ചായത്തില്‍ നിന്ന് ആറന്മുള ആറ്, അരുവാപ്പുലം, അയിരൂര്‍, ഇലന്തൂര്‍, എഴുമറ്റൂര്‍, കോന്നി, റാന്നി പഴവങ്ങാടി, ആനിക്കാട്, പ്രമാടം മൂന്ന് വീതവും
കുറ്റൂര്‍, വെച്ചൂച്ചിറ, മൈലപ്ര, വടശേരിക്കര, ചെറുകോല്‍ രണ്ടു വീതവും കടപ്ര, കലഞ്ഞൂര്‍, കവിയൂര്‍, കോഴഞ്ചേരി, കുളനട, ഓമല്ലൂര്‍, പെരിങ്ങര, റാന്നി അങ്ങാടി, കൊടുമണ്‍, കൊറ്റനാട്, നാരാങ്ങാനം, തോട്ടപ്പുഴശേരി ഒന്ന് വീതവും നാമനിര്‍ദേശ പത്രിക ലഭിച്ചു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21 ആണ്. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബര്‍ 22 ഉം സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24 മാണ്.
തദ്ദേശ തിരഞ്ഞെടുപ്പ്: ജാതി, മതം, വംശം, ഭാഷ എന്നിവയുടെ പേരില്‍ സംഘര്‍ഷങ്ങളോ വിദ്വേഷമോ ഉണ്ടാകുന്ന രീതിയിലുള്ള പ്രചാരണം ഒഴിവാക്കണം
ജാതി, മതം, വംശം, ഭാഷ എന്നിവയുടെ പേരില്‍ സംഘര്‍ഷങ്ങളോ വിദ്വേഷമോ ഉണ്ടാകുന്ന രീതിയിലുള്ള പ്രചാരണം തദേശ തിരഞ്ഞെടുപ്പില്‍ ഒഴിവാക്കണം. ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് ചോദിക്കരുത്. സാമൂഹിക ബഹിഷ്കരണം, സാമൂഹിക ജാതി ഭ്രഷ്ട് തുടങ്ങിയ തരത്തിലുള്ള ഭീഷണി പാടില്ല.
ആരാധനാലയം മതസ്ഥാപനം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രചാരണത്തിന് ഉപയോഗിക്കരുത്.
എതിര് കക്ഷികളുടെ പൊതുപ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതം വിമര്‍ശിക്കുകയോ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുകയോ ചെയ്യരുത്. വീടുകള്‍ക്ക് മുമ്പില്‍ പ്രകടനം, പ്രതിഷേധം, പിക്കറ്റിംഗ് തുടങ്ങിയവ പാടില്ല. അടിസ്ഥാനരഹിതമായ ആരോപണം ഒഴിവാക്കുക. സ്ഥലം, കെട്ടിടം, മതില് എന്നിവയില്‍ ഉടമസ്ഥന്റെ അനുവാദം കൂടാതെയും സര്‍ക്കാര്‍ ഓഫീസുകളുടെ കോമ്പൗണ്ടിലും പരിസരത്തും പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കരുത്.
പൊതുയോഗം നടത്തുന്ന സ്ഥലം, സമയം, ജാഥ റൂട്ട് തുടങ്ങിയ വിവരം പോലീസ് അധികാരികളെ മുന്‍കൂട്ടി അറിയിക്കണം. പൊതുയോഗം, ജാഥ എന്നിവ സംഘടിപ്പിക്കുമ്പോള്‍ നിയമവ്യവസ്ഥയും കോടതി ഉത്തരവും കൃത്യമായി പാലിക്കണം. ഗതാഗതക്കുരുക്ക് ഒഴിവാക്കിയും ട്രാഫിക് നിയന്ത്രണം പാലിച്ചും ജാഥ സംഘടിപ്പിക്കണം.
ലഘുലേഖ, പോസ്റ്റര്‍ തുടങ്ങിയവയില്‍ അച്ചടിച്ച പ്രസിന്റെയും പ്രസാധകന്റെയും മേല്‍വിലാസം നിര്‍ബന്ധമായി ഉണ്ടാകണം. വ്യക്തിയുടെ അനുമതിയില്ലാതെ അവരുടെ സ്ഥലം, കെട്ടിടം, മതില് എന്നിവയില്‍ പോസ്റ്റര്‍ ഒട്ടിക്കുകയോ മുദ്രാവാക്യം എഴുതുകയോ കൊടിമരം നാട്ടുകയോ ചെയ്യരുത്. പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാകുന്ന വിധത്തില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കരുത്. പത്രം, ടി.വി, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമങ്ങളില്‍ നല്കുന്ന പരസ്യം നിയമാനുസൃതമായിരിക്കണം.
വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി പ്രത്യേക പ്രചാരണവാഹനമായോ മറ്റോ ഉപയോഗിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി വാങ്ങണം.
തദ്ദേശ തിരഞ്ഞെടുപ്പ്: ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനം നിയമപരമാണോയെന്ന് പരിശോധിക്കാന്‍ ആന്റി ഡിഫെയ്സ്മെന്റ് സ്ക്വാഡ് രൂപീകരിക്കും.
ജില്ലാ തലത്തില്‍ വരണാധികാരിയുടെ ചുമതലയില്ലാത്ത അസിസ്റ്റന്റ് കലക്ടര്‍/ സബ് കലക്ടര്‍/ ഡെപ്യൂട്ടി കലക്ടറിന്റെ നേതൃത്വത്തില്‍ ഒരു സ്ക്വാഡും താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍/ ഗസറ്റഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ ഒരു സ്ക്വാഡും രൂപീകരിക്കും. നോട്ടീസ്, ബാനര്‍, ബോര്‍ഡ്, പോസ്റ്റര്‍, ചുവരെഴുത്ത്, മൈക്ക് അനൗണ്‍സ്മെന്റ്, പൊതുയോഗം, മീറ്റിംഗ്, മറ്റ് സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനെയുള്ള പ്രചാരണ പരിപാടി എന്നിവയുടെ നിയമസാധുത സ്ക്വാഡ് പരിശോധിക്കും.
നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങള്‍ സ്ഥാപിക്കുന്നതും സംബന്ധിച്ച് കമ്മീഷന് പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശം പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. പ്ലാസ്റ്റിക്, ഫ്ളക്സ് മുതലായവയുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ കമ്മീഷന്റെ ഉത്തരവ് പ്രകാരം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം പാലിക്കുന്നുണ്ടോയെന്ന് സ്ക്വാഡ് പരിശോധിക്കും.
നിയമപരമല്ലാത്ത പ്രചാരണപരിപാടി അനുവദിക്കില്ല. അനധികൃതമായോ നിയമപരമല്ലാതെയോ സ്ഥാപിച്ച നോട്ടീസ്, ബാനര്‍, ചുവരെഴുത്ത്, പോസ്റ്റര്‍, ബോര്‍ഡ് എന്നിവ നീക്കം ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കും. നിര്‍ദേശം പാലിക്കുന്നില്ലെങ്കില്‍ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിച്ച് അതിന്റെ ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കും. അനധികൃതമായതും അനുവദനീയമല്ലാത്ത രീതിയിലുള്ള മൈക്ക് അനൗണ്‍സ്മെന്റ് അനുവദിക്കില്ല. കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും കടന്നുപോകുന്നതിന് തടസമാകുന്ന രീതിയില്‍ അനുമതിയില്ലാതെയും പൊതുവഴി കൈയേറിയും സ്ഥാപിച്ചിട്ടുള്ള ബോര്‍ഡ്, കമാനം, ബാനര്‍ എന്നിവ മാറ്റുന്നതിന് സ്ഥാപിച്ചവരോട് ആവശ്യപ്പെടും. നീക്കം ചെയ്തില്ലെങ്കില്‍ അവ എടുത്തുമാറ്റി നിയമപരമായ തുടര്‍നടപടി സ്വീകരിക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കും. പൊതുജനം അറിയിക്കുന്ന പരാതികളും സ്ക്വാഡ് പ്രത്യേകമായി പരിശോധിച്ചു നടപടി സ്വീകരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ്: മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗ നിര്‍ദേശം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് നിഷ്പക്ഷവും നീതിയുക്തവും സുതാര്യവുമായി നടത്തുന്നതിന് സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷന് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കി. വോട്ടെടുപ്പിന്റെ സമാപനത്തിന് 48 മണിക്കൂര്‍ സമയപരിധിയില്‍ ഒരു മാധ്യമത്തിലൂടെയും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണം നടത്തരുത്. ഈ 48 മണിക്കൂര്‍ കാലയളവില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്കോ സ്ഥാനാര്‍ഥിക്കോ അനുകൂലമാകുന്നതോ പ്രതികൂലമാകുന്നതോ ആയ രീതിയില്‍ എക്സിറ്റ് പോള്‍ നടത്തുന്നതും അനുവദനീയമല്ല. ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള ഉള്ളടക്കം ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു. കേബിള്‍ നെറ്റ് വര്‍ക്ക് ആക്ടിലെ വ്യവസ്ഥകള്‍ സ്ഥാപനങ്ങളും ചുമതലപ്പെട്ട ഉദ്യോഗസ്ഥരും കര്‍ശനമായി പാലിക്കണം.
എഐ സാങ്കേതികവിദ്യ :മാര്‍ഗനിര്‍ദ്ദേശങ്ങള്‍
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കി. എഐ സാങ്കേതികവിദ്യ ഉപയോഗിക്കുമ്പോള്‍ IT Act 2000, IT (Digital Media Code) Rules 2021, ഭാരതീയന്യായസംഹിത, തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം എന്നിവയിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം.