ശബരിമല മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിക്ക് അദ്ദേഹത്തിന്റെ ഛായാചിത്രം സമ്മാനിച്ച് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ കെ. ലിനിന്‍. ആദ്യമായാണ് ലിനിന്‍ ശബരിമലയില്‍ ഡ്യൂട്ടിയ്ക്ക് എത്തുന്നത്.
മേല്‍ശാന്തിയെ ആദ്യം കണ്ട് സംസാരിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ ചിത്രം വരയ്ക്കണമെന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. ഡ്യൂട്ടിക്കിടെയുള്ള വിശ്രമവേളയിലാണ് രണ്ട് മണിക്കൂറോളമെടുത്ത് പേന കൊണ്ട് ചിത്രം വരച്ചത്.
സോപാനത്തെത്തി മേല്‍ശാന്തിയെ നേരില്‍ കണ്ട് ചിത്രം സമ്മാനിച്ചപ്പോള്‍ കൂടുതല്‍ സന്തോഷം. അവിചാരിതമായി ലഭിച്ച ഉപഹാരത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ലിനിനെ പൊന്നാടയണിച്ച് ആദരിച്ച് പ്രസാദ് നമ്പൂതിരി പറഞ്ഞു. ഡിസ്ട്രിക് ഫയര്‍ഫോഴ്‌സ് ഓഫീസര്‍ എസ് സൂരജ്, സ്‌റ്റേഷന്‍ ഓഫീസര്‍ അര്‍ജുന്‍ കൃഷ്ണന്‍, വകുപ്പിലെ മറ്റു ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു.
കാസര്‍ഗോഡ് പാലക്കുന്ന് സ്വദേശിയായ ലെനിന്‍ സ്‌കൂള്‍കാലഘട്ടം മുതലേ ചിത്രങ്ങള്‍ വരയ്ക്കുമായിരുന്നു. ഛായാചിത്രങ്ങളാണ് ഏറ്റവും ഇഷ്ടം. ചിത്രകല പഠിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയ നേതാക്കാളും സിനിമാ താരങ്ങളും സഹപ്രവര്‍ത്തകരുമെല്ലാം ലിനിന്റെ കാന്‍വാസില്‍ മനോഹരമായി തെളിഞ്ഞിട്ടുണ്ട്. മരത്തില്‍ ശില്‍പങ്ങള്‍ കൊത്തിയുണ്ടാക്കുന്നതും വശമുണ്ട്. രണ്ട് സിനിമകളില്‍ അസിസ്റ്റന്റ് എഡിറ്ററായി ജോലി ചെയ്തിട്ടുള്ള ലിനിന്‍ ഗായകന്‍ കൂടിയാണ്. സന്നിധാനത്തെ ശ്രീശാസ്താ ഓഡിറ്റോറിയത്തില്‍ ഫയര്‍ഫോഴ്‌സ് നടത്തുന്ന ഗാനാര്‍ച്ചനയില്‍ പങ്കെടുക്കുന്നുണ്ട്. ലീല- നാരായണന്‍ ദമ്പതികളുടെ മകനായ ലിനിന് എല്ലാ പിന്തുണയുമായി രക്ഷിതാക്കളോടൊപ്പം ഭാര്യ അഞ്ജുവുമുണ്ട്.
