മാസ് ക്ലീനിംഗ് ഡ്രൈവും ക്യൂ കോംപ്ലക്സുകളില്‍ ശുചിത്വ പരിശോധനയും നടത്തി

Spread the love

 

സന്നിധാനം മുതല്‍ മരക്കൂട്ടം വരെ മാസ് ക്ലീനിംഗ് ഡ്രൈവും ക്യൂ കോംപ്ലക്സുകളില്‍ ശുചിത്വ പരിശോധനയും നടത്തി.ശബരിമല എ ഡി എം ഡോ. അരുണ്‍ എസ് നായരുടെ മേല്‍നോട്ടത്തിലാണ് പരിശോധന നടന്നത്.

 

സന്നിധാനം പരിസരത്തെയും മരക്കൂട്ടം വരെയുള്ള പ്രദേശങ്ങളിലെയും ജൈവ-അജൈവ മാലിന്യങ്ങള്‍ നീക്കം ചെയ്തു. മരക്കൂട്ടം- ശരംകുത്തി – സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്‌സുകളില്‍ ഇരിപ്പടങ്ങളും ശൗചാലയങ്ങളും കൃത്യമായ ഇടവേളയില്‍ വൃത്തിയാക്കണമെന്ന്   ശുചീകരണ തൊഴിലാളികള്‍ക്കും സൂപ്പര്‍വൈസര്‍ക്കും നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടന പാതകളും ശൗചാലയങ്ങളും വൃത്തിയാക്കുന്നതിന് 400ല്‍ അധികം തൊഴിലാളികളെ വിന്യസിച്ചിട്ടുണ്ട്. ഓരോ മേഖലയിലും ശുചീകരണം ഉറപ്പാക്കുന്നതിന് സൂപ്പര്‍വൈസര്‍മാരെയും നിയോഗിച്ചു.

മരക്കൂട്ടത്ത് സ്ഥാപിച്ചിട്ടുള്ള എട്ട് ക്യൂ കോംപ്ലക്‌സുകളിലാണ് പരിശോധന നടത്തിയത്. ഇവിടെ നൂറിലധികം ശൗചാലയങ്ങളും തീര്‍ഥാടകര്‍ക്ക് ഇരിക്കുവാന്‍ ഇരിപ്പിടങ്ങളും ഉണ്ട്. ഭക്തര്‍ക്ക് കുടിവെള്ള വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കി.

വിശുദ്ധി സേനാംഗങ്ങളും ദേവസ്വം ബോര്‍ഡ് നിയമിച്ച ശുചീകരണ തൊഴിലാളികളുമാണ് നവംബര്‍ 20ന് മാസ് ക്ലീനിംഗ് നടത്തിയത്. വരും ദിവസങ്ങളിലും തുടരും. ജൈവ- അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് ശേഖരിച്ചാണ് നീക്കം ചെയ്തത്. ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ശുചീകരണ തൊഴിലാളികള്‍ ശുചിമുറികളും കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുന്നുണ്ട്. പരിശോധനയില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ബി അഖിലേഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് മരാമത്ത് വിഭാഗം അസി. എഞ്ചിനീയര്‍ ജി മനോജ്കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.