കക്കാട്ടാറിന്‍റെ ഇരുകരകളിലും താമസിക്കുന്നവര്‍   ജാഗ്രത പാലിക്കുക

Spread the love

 

കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലയില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴ ജില്ലയില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കെഎസ്ഇബി ലിമിറ്റഡിന്റെ കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂഴിയാര്‍ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ ഉള്ളതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് 192.63 മീറ്ററില്‍ എത്തിയപ്പോള്‍ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 51.36 ക്യൂമെക്ക്‌സ് എന്ന നിരക്കില്‍ കക്കാട്ടാറിലേക്ക് ജലം തുറന്നുവിട്ടിട്ടുണ്ട്.
അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ ഇന്ന് മുതല്‍ (സെപ്റ്റംബര്‍ 21) അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി 101.49 ക്യൂമെക്ക്‌സ് എന്ന നിരക്കില്‍ കക്കാട്ടാറിലേക്ക് ജലം തുറന്നു വിടും.
ഇപ്രകാരം കക്കാട്ടാറിലേക്ക് ജലം തുറന്നുവിടുന്നതു മൂലം ആങ്ങമൂഴി, സീതത്തോട് എന്നിവിടങ്ങളിലെ നദികളില്‍ ഒരു മീറ്റര്‍ വരെ ജലനിരപ്പ് ഉയരാനുള്ള സാധ്യതയുണ്ട്.
(മൂഴിയാര്‍ അണക്കെട്ടില്‍ നിന്നും തുറന്ന് വിടുന്ന ജലം ആങ്ങമൂഴിയില്‍ രണ്ടു മണിക്കൂറിന് ശേഷമാണ് എത്തിച്ചേരുക.)
ഈ സാഹചര്യത്തില്‍ കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്നും, ഏതു സാഹചര്യത്തിലും നദികളില്‍ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.