
ശബരിമല റോഡ് നിര്‍മാണത്തിന് പ്രത്യേക വര്‍ക്കിംഗ് കലണ്ടര്‍ തയാറാക്കും
ശബരിമല പാതയിലെ റോഡുകള്‍ യുദ്ധകാല അടിസ്ഥാനത്തില്‍
ഗതാഗത യോഗ്യമാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കോന്നി വാര്‍ത്ത ഡോട്ട് കോം : തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ശബരിമല പാതയിലെ എല്ലാ പൊതുമരാമത്തു റോഡുകളും യുദ്ധകാല അടിസ്ഥാനത്തില്‍ ഗതാഗത യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഈമാസം 12ന് അകം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. ശബരിമല പാതയുടെ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനും കാലവര്‍ഷക്കെടുതിയില്‍ ശബരിമല റോഡുകള്‍ക്കുണ്ടായ തകര്‍ച്ച ചര്‍ച്ച ചെയ്യാനും പത്തനംതിട്ട ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ശബരിമല റോഡുകളുടെ പ്രവൃത്തികള്‍ വിലയിരുത്തുന്നതിനായി പ്രത്യേക വര്‍ക്കിംഗ് കലണ്ടര്‍ തയാറാക്കും. 2022 ജനുവരി 15 മുതല്‍ മേയ് 15വരെയുള്ള പ്രവൃത്തികള്‍ ഇതുപ്രകാരം വിലയിരുത്തും. പുരോഗതികള്‍ വിലയിരുത്തുന്നതിനായി നിരവധി ഉദ്യോഗസ്ഥ തല യോഗങ്ങള്‍ ചേര്‍ന്നിരുന്നു. അവസാനവട്ട വിലയിരുത്തല്‍ എന്ന നിലയിലാണ് പത്തനംതിട്ടയില്‍ യോഗം ചേര്‍ന്നത്.
ശബരിമല പാത ഉള്‍പ്പെടുന്ന പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ റോഡ് നവീകരണ പ്രവൃത്തികളാണ് വിലയിരുത്തിയത്.
പുനലൂര്‍-മൂവാറ്റുപുഴ റോഡ് പ്രധാന തീര്‍ഥാടന പാതയാണ്. ജനങ്ങളുടെ സ്വപ്ന പദ്ധതിയായിരുന്നു ഈ റോഡിന്റെ വികസനം. സര്‍ക്കാര്‍ ഇത് യാഥാര്‍ഥ്യമാക്കി വരികയാണ്. അതിന്റെ ഭാഗമായി കെഎസ്ടിപിയില് ഉള്‍പ്പെടുത്തി നിര്‍മാണം നടക്കുകയാണ്. തമിഴ്നാട്ടില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ഉള്‍പ്പടെയുള്ള ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന പ്രധാന പാതയാണിത്. ഇതിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.
പുനലൂര്‍-കോന്നി റീച്ചിന്റെ നിര്‍മാണം വേഗത്തില്‍ നടക്കുന്നുണ്ട്. 2022 ഡിസംബര്‍ വരെയാണ് നിര്‍മാണ കാലാവധി. കോന്നി – പ്ലാച്ചേരി റീച്ചിന്റെ നിര്‍മാണവും പുരോഗമിക്കുകയാണ്. തീര്‍ഥാടകര്‍ക്ക് റോഡ് ഉപയോഗിക്കത്തക്ക നിലയില്‍ പരാമാവധി വേഗത്തില്‍ രാത്രിയും പകലുമായി നിര്‍മാണം നടത്താന്‍ നിര്‍ദേശം നല്കി. മഴ ഒരു പ്രധാന തടസമാണ്. സംസ്ഥാനത്തു തന്നെ ഏറ്റവും അധികം മഴ ലഭിക്കുന്നത് പത്തനംതിട്ട ജില്ലയിലാണ്. മുന്‍ വര്‍ഷത്തെക്കാള്‍ 169 ശതമാനം അധിക മഴയാണ് പത്തനംതിട്ട ജില്ലയില്‍ ഈ വര്‍ഷം ലഭിച്ചത്. ടാറിംഗ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസമാകുന്നുണ്ട്. അതിതീവ്ര മഴയും വെള്ളപ്പൊക്കവും മലവെള്ളപാച്ചിലുമെല്ലാം റോഡ് തകര്‍ച്ചയ്ക്ക് പ്രധാന കാരണമാണ്.
തീര്‍ഥാടന പാതയായ മണ്ണാറക്കുളത്തി- ചാലക്കയം പാതയും അടിയന്തര പ്രാധാന്യത്തില്‍ ഗതാഗത യോഗ്യമാക്കും. എല്ലാ റോഡുകളുടെയും വശങ്ങളിലെ കാട് നീക്കം ചെയ്യും. കാഴ്ച മറയ്ക്കുന്ന എല്ലാ തടസങ്ങളും മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റാന്നി ചെറുകോല്‍പ്പുഴ തിരുവാഭരണ പാതയും വേഗത്തില്‍ നവീകരിക്കും. ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന എല്ലാ പാതയും സഞ്ചാരയോഗ്യമായിരിക്കണം എന്ന കാര്യത്തില്‍ കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.
ശബരിമല പാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് പൊതുമരാമത്ത് വകുപ്പ്
ഡെപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവ റാവുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഈ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി. മുഖ്യമന്ത്രി, വിവിധ വകുപ്പ് മന്ത്രിമാര്‍, എംഎല്‍എമാര്‍, മൂന്ന് ജില്ലകളിലേയും കളക്ടര്‍മാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വിവിധ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. പൂര്‍ത്തീകരിച്ച പ്രവൃത്തികള്‍, പൂര്‍ത്തീകരിക്കാനുള്ളവ, കാലങ്ങളായി പ്രശ്നങ്ങള്‍ നേരിടുന്നവ എന്നിങ്ങനെ തരംതിരിച്ചാണ് പഠനം നടത്തിയത്.
നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദേശങ്ങള്‍ പാലിച്ചാണോ റോഡ് കുഴിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് പരിശോധിക്കും. വീഴ്ച വന്നിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. സംസ്ഥാനത്തെ റോഡുകളിലെ ഓട നിര്‍മാണം ശാസ്ത്രീയമായി വിശകലനം ചെയ്ത് നടപ്പാക്കും. എന്‍.എച്ച് റോഡിലെ പ്രവൃത്തികള്‍ അഞ്ച് ദിവസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. സംസ്ഥാനത്തെ 153 പിഡബ്ല്യൂഡി റസ്റ്റ് ഹൗസുകളിലെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് മികച്ച രീതിയില്‍ ഉപയോഗപ്രദമാക്കും. ഈ വര്‍ഷം സൗകര്യപ്രദമായ യാത്ര ശബരിമല തീര്‍ഥാടകര്‍ക്ക് ഉറപ്പുവരുത്തും. അതിനായി ദൈനംദിന പുരോഗതി വിലയിരുത്തുന്നുണ്ട്. ശബരിമല തീര്‍ഥാടനം സുഗമമാക്കുക എന്നത് സര്‍ക്കാരിന്റെ ഒന്നാം പരിഗണനയാണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ആന്റോ ആന്റോ ആന്റണി എംപി, ഗവ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, എംഎല്‍എമാരായ മാത്യു ടി. തോമസ്, അഡ്വ. കെ.യു. ജനീഷ് കുമാര്‍, അഡ്വ.പ്രമോദ് നാരായണ്‍, സെബാസ്റ്റിയന് കുളത്തിങ്കല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ പ്രതിനിധിയും അടൂര്‍ നഗരസഭാ ചെയര്‍മാനുമായ ഡി. സജി, പിഡബ്ല്യുഡി സെക്രട്ടറി ആനന്ദ് സിംഗ്, പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവറാവു, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്പറേഷന് എംഡി എസ്. സുഹാസ്, എഡിഎം അലക്സ് പി. തോമസ്,പിഡബ്ല്യുഡി റോഡ്സ് ചീഫ് എന്‍ജിനിയര്‍ അജിത് രാമചന്ദ്രന്, എന്‍എച്ച് ചീഫ് എന്‍ജിനിയര്‍ എം. അശോക് കുമാര്‍, കെഎസ്ടിപി ആന്‍ഡ് കെആര്‍എഫ്ബി ചീഫ് എന്‍ജിനിയര്‍ ഡാര്ലിന് കര്‍മലീത്ത ഡിക്രൂസ്, ബ്രിഡ്ജസ് ആന്‍ഡ് റോഡ് മെയിന്റനന്‍സ് ചീഫ് എന്‍ജിനിയര്‍ എസ്. മനോമോഹന്‍, പൊതുമരാമത്ത് എക്സിക്യുട്ടീവ് എന്‍ജിനിയര്‍മാര്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി
പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്
എല്ലാ വകുപ്പുകളും ശബരിമല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ശബരിമല റോഡുകളുടെ പ്രവൃത്തി പുരോഗതി വിലയിരുത്താനും കാലവര്‍ഷക്കെടുതിയില്‍ ശബരിമല റോഡുകള്‍ക്കുണ്ടായ തകര്‍ച്ച ചര്‍ച്ച ചെയ്യാനും പൊതുമരാമത്ത് -ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പത്തനംതിട്ട കളക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. അതിശക്തമായ മഴ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ബാധിച്ചുവെങ്കിലും എല്ലാ പ്രവര്‍ത്തനങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും.
ശബരിമല റോഡുകളിലെ കാടുവെട്ടിത്തെളിക്കല്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണം. പുനലൂര്‍-പൊന്‍കുന്നം റോഡ് തിരിച്ചുവിടല്‍ നടത്തുന്ന സ്ഥലങ്ങളില്‍ വിവിധ ഭാഷകളിലുള്ള ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. മാധ്യമങ്ങളിലൂടെ അവ ജനങ്ങളിലെത്തിക്കണം. കൈപ്പട്ടൂര്‍ പാലത്തില്‍ വിള്ളലുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പാലത്തിന്റെ ബലം ഉടന്‍ പരിശോധിക്കണം. പത്തനംതിട്ട കെഎസ്ആര്‍ടിസി യാഡിന്റെ ടൈല്‍ വര്‍ക്കുകള്‍ ഈയാഴ്ച തന്നെ പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
ആന്റോ ആന്റണി എംപി
പുനലൂര്‍ മൂവാറ്റുപുഴ റോഡിന് സ്ഥലം വിട്ടുകൊടുത്തവരുടെ വീടിനു സമീപത്തു നിന്ന് ഉയരത്തില്‍ മണ്ണ് വെട്ടിയെടുത്ത സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിച്ചു നല്‍കണമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. 26-ാം മൈല്‍ പാലം സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ ബാദല്‍ പാതകള്‍ ഗതാഗത സജ്ജമാക്കണം. വാട്ടര്‍ അതോറിറ്റി പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ശബരിമല തീര്‍ഥാടനം നാം ഇതിനു മുന്‍പ് അഭിമുഖീകരിക്കാത്ത സന്ദര്‍ഭത്തിലൂടെയാണ് കടന്നു പോകുന്നത്. അതിനാല്‍ എല്ലാ വകുപ്പും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. ഭക്തര്‍ ഇറങ്ങി കുളിക്കുന്ന കുളിക്കടവുകളില്‍ അപകട ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും എംപി പറഞ്ഞു.
ഗവ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്
കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ റോഡുകളും പാലങ്ങളും ഗതാഗത യോഗ്യമാക്കണമെന്ന് ഗവ. ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ് പറഞ്ഞു. കാഞ്ഞിരപ്പള്ളി – മണിമല റോഡ് ഗതാഗത യോഗ്യമാക്കണം. 26 -ാം മൈല്‍ പാലം അടച്ചിട്ടിരിക്കുകയാണ്. സഞ്ചരിക്കാനുള്ള പകരം റോഡുകള്‍ കണ്ടെത്തി ഗതാഗത യോഗ്യമാണെന്ന് ഉറപ്പാക്കണം. ഇത്തരത്തില്‍ പ്രവൃത്തികള്‍ നടത്തുമ്പോള്‍ ശബരിമല തീര്‍ഥാടന പാതയിലെ ബ്ലോക്കുകള്‍ ഒഴിവാക്കി സുഗമമായ യാത്ര സാധ്യമാകും. കടവുകള്‍ ഇടിഞ്ഞ പ്രദേശങ്ങളിലും സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. മാത്യു ടി തോമസ് എംഎല്‍എ
തിരുവല്ല ബൈപ്പാസിലെ മല്ലപ്പള്ളി റോഡ് ജംഗ്ഷനില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണെന്നും ഇതിന് കെഎസ്ടിപിയുടെ ഭാഗത്തുനിന്നും അടിയന്തരമായി ഇടപെടലുണ്ടാകണമെന്നും അഡ്വ. മാത്യു ടി.തോമസ് എംഎല്‍എ പറഞ്ഞു. പുറമറ്റം കോമളം പാലത്തിന്റെ അപ്രോച്ച് റോഡിന് പകരമായി താത്കാലിക സംവിധാനം ഒരുക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ
പുനലൂര്‍- മൂവാറ്റുപുഴ റോഡിന്റെ ഭാഗമായ കോന്നി – പ്ലാച്ചേരി റീച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നത് ഉറപ്പ് വരുത്താനുള്ള ഇടപെടല്‍ ഉണ്ടാകണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. കോന്നി – കുമ്പഴ റോഡ് തുറന്നു കൊടുക്കണം. ശബരിമല പാതയില്‍ ഉള്‍പെട്ടിട്ടില്ലാത്ത കല്ലേലി – ഊട്ടുപാറ, കോന്നി – ചന്ദനപ്പള്ളി റോഡും ഗതാഗത യോഗ്യമാക്കണം. എന്‍എച്ച് റോഡ് അഞ്ച് ദിവസത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. റോഡുകളുടെ ഇരുവശങ്ങളിലേയും കാട് വെട്ടി തെളിക്കുകയും സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്യണം. കാലാവസ്ഥ പ്രതികൂലമായ സാഹചര്യത്തിലും പൊതുമരാമത്ത് വകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും എംഎല്‍എ പറഞ്ഞു.
പ്രമോദ് നാരായണ്‍ എംഎല്‍എ
റാന്നി മണ്ഡലത്തിലെ ശബരിമല പാതയില്‍ ഉള്‍പ്പെടുന്ന റോഡുകളുടെ പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ എത്തുന്ന തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി റോഡുകളില്‍ ബാരിക്കേടുകളും, സൂചനാ ബോര്‍ഡുകളും രാത്രി മുന്നറിയിപ്പ് ലഭിക്കുന്നതിനുള്ള റിഫ്ളക്ടറുകളും സ്ഥാപിക്കണം. പുനലൂര്‍ മൂവാറ്റുപുഴ റോഡിന്റെ സുരക്ഷിതത്വം കെഎസ്ടിപി ഉറപ്പുവരുത്തണം. എന്‍എച്ച് പാതയോരങ്ങളില്‍ കാടുവെട്ട് പൂര്‍ണമാക്കി ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. കുരുമ്പന്‍ മൂഴിയില്‍ പാലം നിര്‍മാണം അനിവാര്യമാണെന്നും എംഎല്‍എ പറഞ്ഞു.
സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ
26-ാം മൈല്‍ പാലം സഞ്ചാരയോഗ്യമല്ലാത്തതിനാല്‍ പകരമായി സംവിധാനം ഒരുക്കണമെന്ന് സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എ പറഞ്ഞു. ഏറ്റവും വലിയ ഇടത്താവളമായ എരുമേലി അടക്കം ഉള്‍പ്പെടുന്ന നിയോജകമണ്ഡലമായ പൂഞ്ഞാറില്‍ 600 കിലോമീറ്റര്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളുള് ഉള്ളതില്‍ പ്രകൃതി ദുരന്തങ്ങളില്‍പെട്ട് 39 റോഡുകളും മൂന്ന് പാലങ്ങലും തകര്‍ന്നു. പ്രകൃതി ക്ഷോഭത്തില്‍ തകര്‍ന്ന റോഡുകള്‍ നവീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടൂര്‍ നഗരസഭ ചെയര്മാന് ഡി. സജി
അടൂര്‍ നഗരത്തിലെ ഇരട്ടപ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കറുടെ പ്രതിനിധിയും അടൂര്‍ നഗരസഭ ചെയര്‍മാനുമായ ഡി.സജി പറഞ്ഞു. ഏഴംകുളം -കൈപ്പട്ടൂര്‍ റോഡ് അറ്റകുറ്റപ്പണികള്‍ അടിയന്തരമായി തീര്‍ക്കണം. മണ്ണടി റോഡിന്റെ പ്രവര്‍ത്തിയും ഉടന്‍ പൂര്‍ത്തിയാക്കണമെന്നും അടൂര്‍ നഗരസഭ ചെയര്മാന് പറഞ്ഞു.
പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍
തീര്‍ഥാടനകാലത്ത് ഒരു ദിവസം അന്‍പതിനായിരം പേര്‍ക്ക് റോഡുകളിലൂടെ യാത്രചെയ്യാനുള്ള സൗകര്യം കണക്കിലെടുത്തയിരിക്കണം സഞ്ചാരയോഗ്യമാക്കേണ്ടതെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പിഎം റോഡ്, പ്ലാപ്പള്ളി- ആങ്ങമൂഴി റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. കോന്നി പ്ലാച്ചേരി റോഡില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കണം. റോഡുകളില്‍ മൈല്‍കുറ്റികള്‍ക്ക് പകരം കിലോമീറ്റര്‍ കണക്കാക്കിയുള്ള നാഴികകല്ലുകള്‍ സ്ഥാപിക്കണം. ശബരിമലപാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തി അപകടസാധ്യതാ ബോര്‍ഡുകളും വലിയ വളവുകളില്‍ കോണ്‍വെക്സ് മിററുകളും സ്ഥാപിക്കണം. വിവിധ ഭാഷകളില്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ച് റോഡുകളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ
കോട്ടയം ജില്ലയിലൂടെ കടന്നു വരുന്ന ശബരിമല പാത സഞ്ചാരയോഗ്യമാക്കുന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവാകുമെന്ന് കോട്ടയം ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. 26-ാം മൈല്‍, കറുകച്ചാല്‍ – മണിമല റോഡ്, മുക്കട – പൊന്തന്‍ പുഴ റോഡ് തുടങ്ങിയവ സഞ്ചാരയോഗ്യമാക്കണം. സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ജില്ലയില്‍ എട്ട് പാലങ്ങളാണ് ശബരിമല റൂട്ടില്‍ നശിച്ച നിലയിലുള്ളത്. കൈവരികള്‍ ശക്തമായ മഴയില്‍ ഒലിച്ചു പോയതിന് പകരം പുനസ്ഥാപിക്കണം. നാഗമ്പടം പാലത്തിലെ കുഴികള്‍ നികത്തണം. പിഡബ്ല്യൂഡി റസ്റ്റ് ഹൗസ് നവീകരിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
ഇടുക്കി കളക്ടര്‍ ഷീബ ജോര്‍ജ്
ഇടുക്കി ജില്ലയില്‍ കെകെ റോഡില്‍ പ്രളത്തെത്തുടര്‍ന്ന് പത്തോളം സ്ഥലത്ത് റോഡ് തകര്‍ന്നിട്ടുണ്ടെന്നും ഒറ്റവരിയായി മാത്രമാണ് ഗതാഗതം ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ഇതിന് പരിഹാരം കാണണമെന്നും ഇടുക്കി കളക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു.
പി.ഡബ്യൂഡി സെക്രട്ടറി ആനന്ദസിംഗ്
ശബരിമല പാതയായ 60 റോഡുകള്‍ക്കായി 225 കോടി രൂപയുടെ അനുമതിയാണ് നല്‍കിയിട്ടുള്ളതെന്ന് പി.ഡബ്യൂ.ഡി സെക്രട്ടറി ആനന്ദസിംഗ് പറഞ്ഞു. പുനലൂര്‍ – പൊന്‍കുന്നം റോഡ് നിര്‍മാണത്തിനായി 700 കോടി രൂപയുടെ പ്രവൃത്തികളാണ് നടന്നുവരുന്നത്. റോഡുകളുടെ നവീകരണ പ്രവൃത്തിയില്‍ മഴ പ്രധാന തടസമായിട്ടുണ്ടെന്നും സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവറാവു
മണ്ഡലകാലം ആരംഭിക്കുന്നതിന് മുന്നോടിയായി റോഡുകളുടെ അറ്റകുറ്റപണികള്‍ നടത്തുമ്പോള്‍ ഗുണമേന്മ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി ശ്രീറാം സാംബശിവറാവു പറഞ്ഞു. എന്‍.എച്ച് റോഡ് വിഭാഗം നിര്‍മാണം വേഗത്തിലാക്കണം. കെ.എസ്.ടി.പിയുടെ പ്ലാച്ചേരി- മൈലപ്ര റോഡും പി.ഡബ്യൂ.ഡിയുടെ മണ്ണാറക്കുളഞ്ഞി- പ്ലാപ്പള്ളി റോഡും ഒരാഴ്ചക്കുള്ളില്‍ പണികളുടെ പ്രോഗ്രസ് ദിവസവും വിലയിരുത്തി വേഗത്തില്‍ തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്ലാപ്പള്ളി -ആങ്ങമൂഴി -ചിറ്റാര്‍- വടശേരിക്കര റോഡില്‍ വാട്ടര്‍ അതോറിറ്റിയുടെ പണികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഡി.ഐ.സി.സിയുടെ നേതൃത്വത്തില്‍ വിലയിരുത്തി പുരോഗതി ഉറപ്പുവരുത്തണമെന്നും പൊതുമരാമത്ത് വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി പറഞ്ഞു.