
സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച സാഹചര്യത്തിൽ എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദ്ദേശം നൽകി. മണ്ണിടിച്ചിൽ സാധ്യതയുളളതിനാൽ അടിയന്തിര രക്ഷാപ്രവർത്തനങ്ങൾക്ക് തയ്യാറായിരിക്കാനും നിർദ്ദേശമുണ്ട്.
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കും. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ബോട്ടുകൾ, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങൾ, വെളിച്ച സംവിധാനം എന്നിവയും കരുതും.
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ സുരക്ഷയ്ക്ക് പ്രത്യേകം പ്രാധാന്യം നൽകും. ആവശ്യത്തിന് ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ആവശ്യമായ മറ്റ് ഉപകരണങ്ങളും ശേഖരിക്കാൻ എല്ലാ കോസ്റ്റൽ പോലീസ് സ്റ്റേഷനുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം വാമനപുരം മേലാറ്റൂമൂഴിയിൽ നേരിയ ഉരുൾപൊട്ടൽ. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വാമനപുരം പുഴയിൽ ജനിരപ്പ് ഉയർന്നു. വിതുര, പൊന്മുടി, നെടുമങ്ങാട് മേഖലകളിൽ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. മഴക്കെടുതി നേരിടാൻ തിരുവനന്തപുരത്ത് കൺട്രോൾ റൂം സജ്ജമാക്കി. എല്ലാ മുൻകരുതലുകളും സ്വീകരിച്ചെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
വിഴിഞ്ഞത്ത് ശക്തമായ മഴയ്‌ക്കൊപ്പം കടല്‍ക്ഷോഭവും രൂക്ഷമാണ്. വീടുകള്‍ക്കും മത്സ്യത്തൊഴിലാളുകളുടെ വളളങ്ങള്‍ക്കും യാനങ്ങള്‍ക്കും കടകള്‍ക്കും ഏകദേശം അന്‍പത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ദുരിത ബാധിത പ്രദേശങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു
ബംഗാൾ ഉൾക്കടലിൽ അന്തമാൻ തീരത്ത് പുതിയ ന്യൂനമർദം രൂപപ്പെട്ടു. ഈ ന്യൂന മർദം ശക്തി പ്രാപിച്ച് ആന്ധ്രാ തീരത്തേക്ക് പ്രവേശിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബികടലിലും വടക്കൻ തമിഴ്നാടിനു മുകളിലും ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. ഇതിനാൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്.
അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവവന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മഴ മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 40 കി.മീ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.