
KONNIVARTHA.COM : നിരവധി പ്രൊഫഷണൽ നാടകട്രൂപ്പുകളിൽ 25 വർഷമായി അഭിനയത്തികവോടെ നിറഞ്ഞുനിന്ന നടിയാണ് ഇലവുംതിട്ട കല്ലമ്പറമ്പിൽ ബ്രഹ്മനിവാസിൽ രമണി സുരേന്ദ്രൻ (50). പക്ഷെ കാലമിത്രയായിട്ടും കയറിക്കിടക്കാൻ അടച്ചുറപ്പുള്ള സ്വന്തം വീട് സ്വപ്നം മാത്രമായിരുന്നു ഈ നാടകപ്രതിഭയ്ക്ക്.
15 വർഷമായി സ്വന്തം പേരിൽ എഴുതാത്ത രണ്ട് സെന്റ് വസ്തുവിലെ കുടുംബവീടിനു സമീപം ഓലയും ഷീറ്റും കൊണ്ട് തട്ടിക്കൂട്ടപ്പെട്ട കൂരയിലായിരുന്നു അവരുടെ ഇതുവരെയുള്ള വാസം. എന്നാൽ ഇന്നുമുതൽ രമണിക്ക് സുരക്ഷിതബോധത്തോടെ ഉറങ്ങാം. ഇലവുംതിട്ട ജനമൈത്രി പോലീസിനൊപ്പം സുമനസ്സുകൾ ചേർന്ന് അവരുടെ സ്വപ്നം സാക്ഷാൽക്കരിച്ചുനൽകിയിരിക്കുകയാണ്.മഴയും വെയിലുമൊക്കെ തീർത്ത പ്രതിസന്ധികളിൽ ഏതു നിമിഷവും പൊളിഞ്ഞുവീഴുമെന്ന സ്ഥിതിയിൽ നിന്നും
ശാശ്വതമായ രക്ഷ തേടി ഇക്കാലയളവിൽ രമണി പലരേയും സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല.
ഒടുവിൽ ഇലവുംതിട്ട ജനമൈത്രി പോലീസിനെ തന്റെ ദുരവസ്ഥ അറിയിക്കുമോ എന്ന് പൊതുപ്രവർത്തകയായ രമയോട് അന്വേഷിച്ചു. തുടർന്ന് രമ പോലീസിനെ സമീപിച്ചതോടെയാണ് വഴിത്തിരിവായത്.
ജനമൈത്രി ബീറ്റ് ഓഫീസർമാരായഎസ്.അൻവർഷായും ആർ.പ്രശാന്തും സ്ഥലത്തെത്തിഅന്വേഷണം നടത്തുകയും, എസ് എച്ച് ഒ ബി.അയ്യൂബ്ഖാനെ വിവരം ധരിപ്പിക്കുകയും ചെയ്തു. എസ് എച്ച് ഒയുടെ നിർദേശപ്രകാരം ബീറ്റ് ഓഫീസർമാർ സുമനസ്സുകളുടെ സഹായം തേടി, അങ്ങനെയാണ് ഷാജൻ കോശിയും ബാബു തോമസും ജീവകാരുണ്യപ്രവർത്തനത്തിന് സന്നദ്ധരായി മുന്നോട്ടുവന്നത്. പിന്നീട് കാര്യങ്ങൾ വളരെ വേഗത്തിലായി. അതിവേഗം നിർമാണം പൂർത്തിയാക്കപ്പെട്ട പുതിയ വീടിന്റെ താക്കോൽ ദാനം ഇന്ന് രാവിലെ 11 ന് പത്തനംതിട്ട ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി യും ജനമൈത്രി പോലീസ് ജില്ലാ നോഡൽ ഓഫീസറുമായ ജെ.ഉമേഷ് കുമാർ നിർവഹിച്ചതോടെ കൂടിനിന്ന പോലീസ് ഉൾപ്പെടെയുള്ള എല്ലാവർക്കും മനം നിറഞ്ഞു.
താക്കോൽ ഏറ്റുവാങ്ങുമ്പോൾ രമണി സുരേന്ദ്രന്റെ കണ്ണുകളും മനസ്സും നിറഞ്ഞിരുന്നു. ജനമൈത്രി പോലീസ് ഉൾപ്പെടെയുള്ള സുമനസ്സുകൾക്ക് അവർ നന്ദിപറയാൻ മറന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ മുൻ എം എൽ എ കെ സി രാജഗോപാലൻ മുഖ്യാഥിതിയായിരുന്നു.
ഇലവുംതിട്ട പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ അധ്യക്ഷത വഹിച്ചു. എസ് ഐ മാത്യു കെ ജോർജ്ജ്, വാർഡ് അംഗങ്ങളായ ഡി.ബിനു, രജനി ബിജു പൊതുപ്രവർത്തകയായ രമ, ബീറ്റ് ഓഫീസർമാരായ എസ്.അൻവർഷാ, ആർ.പ്രശാന്ത്,പോലീസുദ്യോഗസ്ഥരായ ശ്രീജിത്ത്, ശ്യാകുമാർ, ബിനോയ് തുടങ്ങിയവർ പങ്കെടുത്തു.