സ്‌കൂളുകളും കോളേജുകളും പൂർണ്ണതോതിൽ ഫെബ്രുവരി അവസാനത്തോടെ

Spread the love

സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കാൻ ഫെബ്രുവരി അവസാന വാരത്തോടെ സജ്ജമാക്കാൻ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. അതിനുവേണ്ട തയ്യാറെടുപ്പുകൾ സ്‌കൂളുകളിൽ ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. അതുവരെ പകുതി വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തി ക്ലാസ്സുകൾ നടത്തും.

 

ഫെബ്രുവരി നാലിലെ വർഗ്ഗീകരണം അനുസരിച്ച് ജില്ലകളിലെ നിയന്ത്രണങ്ങൾ തുടരും.
ആലുവ ശിവരാത്രി, മാരാമൺ കൺവെൺഷൻ, ആറ്റുകാൽ പൊങ്കാല തുടങ്ങിയ ചടങ്ങുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ പേർക്ക് പങ്കെടുക്കാൻ അവസരം നൽകുന്ന കാര്യം പരിശോധിക്കും. വടക്കേ മലബാറിൽ ഉത്സവങ്ങൾ നടക്കുന്ന മാസമാണ് ഫെബ്രുവരി. ഇവിടങ്ങളിലും  ക്രമീകരണങ്ങൾ വരുത്തി കൂടുതൽപേരെ പങ്കെടുക്കാൻ അനുവദിക്കും.
കോവിഡാനന്തര രോഗവിവിരങ്ങൾ  രേഖപ്പെടുത്താൻ പോസ്റ്റ് കോവിഡ് രജിസ്ട്രി ആരംഭിക്കുന്ന കാര്യം ആരോഗ്യ വകുപ്പ് പരിശോധിക്കണം.

 

 

പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്.  ഇതിന് സംസ്ഥാന തലത്തിൽ നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലകളിൽ ഡെപ്യൂട്ടി ഡിഎംഒ തലത്തിലും ചുമതല നൽകിയിട്ടുണ്ട്.

 

 

ആശുപത്രികളിൽ പ്രത്യേകിച്ച് മെഡിക്കൽ കോളേജ് ആശുപത്രികളിൽ കോവിഡ് ജോലിക്ക് നിയോഗിക്കപ്പെട്ടവർ സമയബന്ധിതമായി എത്താത്തത് പലപ്പോഴും പ്രയാസങ്ങൾ സൃഷ്ടിക്കുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത് ഗൗരവമായി പരിഗണിച്ച് പരിഹരിക്കണം. ഗുരുതരാവസ്ഥയിലുള്ളവരെ സീനിയർ ഡോക്ടർമാർ കൂടി പരിശോധിക്കണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. ഇത് നടപ്പാകുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ആരോഗ്യവകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി.

 

 

ചില സ്വകാര്യ ആശുപത്രികൾ അനാവശ്യമായി മോണോ ക്ലോണൽ ആൻറി ബോഡി ചികിത്സ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 

പൊതുവിദ്യാലയങ്ങളിലെ ക്‌ളാസ്: അധിക മാർഗരേഖ പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഈ മാസം 14ന് ക്‌ളാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി അധിക മാർഗരേഖ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

 

വിദ്യാലയങ്ങൾക്കുള്ള വിശദമായ മാർഗരേഖ മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. അധിക മാർഗരേഖ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

 

പരീക്ഷയ്ക്ക് മുമ്പ് പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിക്കും. എല്ലാ പരീക്ഷകളും യഥാസമയം നടത്തുമെന്നും മന്ത്രി പറഞ്ഞു. ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ വിജയകരമായി നടത്തി. പനി, കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്ന 1500 പേർക്ക് പരീക്ഷ എഴുതുന്നതിന് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.

 

കുട്ടികളുടെ അക്കാഡമിക് കാര്യങ്ങൾക്കൊപ്പം ആരോഗ്യ കാര്യങ്ങൾക്കും വകുപ്പ് പ്രാധാന്യം നൽകുന്നു. പുതിയ വർഷത്തിൽ അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം കുട്ടികളുടെ അക്കാഡമിക് കാര്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്ന് മന്ത്രി പറഞ്ഞു.

Related posts