
56 പേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 49 പേരില്‍ 38 പേര്‍ക്ക് വധശിക്ഷ. വധശിക്ഷ ലഭിച്ചവരില്‍ മൂന്നുപേര്‍ മലയാളികളാണെന്നാണ് ലഭ്യമായ വിവരം.
ഷാദുലി, ഷിബിലി, ഷറഫുദീന്‍ എന്നീ മലയാളികള്‍ക്കാണ് വധശിക്ഷ ലഭിച്ചതെന്നാണ് വിവരം. 11 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. ആദ്യമായിട്ടാണ് ഒരു കേസില്‍ ഇത്രയധികം പേര്‍ക്ക് വധശിക്ഷ ലഭിക്കുന്നത്
2008 ജൂലായ് 26-നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ് സ്ഫോടനങ്ങളുണ്ടായത്. 70 മിനിറ്റുകള്‍ക്കിടെ നഗരത്തിലെ 21 ഇടങ്ങളിലുണ്ടായ സ്ഫോടനങ്ങളില്‍ 56 പേര്‍ കൊല്ലപ്പെട്ടു.
സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദ്ദീനാണെന്ന് തുടക്കത്തില്‍ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. 2002-ലെ ഗോധ്ര കലാപത്തിന് പ്രതികാരമായാണ് തുടര്‍ സ്‌ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നും പോലീസ് കണ്ടെത്തി.
കേസില്‍ 85 പേരെയാണ് ഗുജറാത്ത് പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ 78 പ്രതികള്‍ക്കെതിരെയാണ് വിചാരണ ആരംഭിച്ചത്. ഇതിനിടെ ഒരു പ്രതി മാപ്പുസാക്ഷിയായി. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമേ യു.എ.പി.എ. നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നു.