
യുക്രൈനിലുള്ള ഇന്ത്യക്കാരെ റഷ്യന്‍ അതിര്‍ത്തി വഴി ഒഴിപ്പിക്കുമെന്ന് റഷ്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് ചര്‍ച്ച നടത്തിയതിനുശേഷമാണ് നിര്‍ണായക തീരുമാനം പുറത്തെത്തിയത്. ഖര്‍ക്കീവില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് റഷ്യന്‍ അതിര്ത്തിയിലേക്കെത്തിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ റഷ്യന്‍ സേന തേടുമെന്നാണ് വിവരം.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി തിരികെയെത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് റഷ്യന്‍ സൈന്യത്തിന് പുടിന് നിര്‍ദേശം നല്‍കുമെന്നാണ് വിവരം.
റഷ്യന്‍ അധിനിവേശത്തില്‍ യുദ്ധഭൂമിയായി മാറിയ യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ മടക്കിക്കൊണ്ടുവരുന്നത് സംബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനുമായി ചര്‍ച്ച നടത്തിയത്. വിദ്യാര്‍ത്ഥികളെ അടിയന്തരമായി റഷ്യന്‍ അതിര്‍ത്തി വഴി ഇന്ത്യയിലെത്തിക്കുന്നതിനുള്ള മാര്‍ഗമാണ് ഇന്ത്യ തേടിയത്.
യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയിലുള്ള ആശങ്ക പ്രധാനമന്ത്രി ചര്‍ച്ചയില്‍ രേഖപ്പെടുത്തി. ഇവരെ സുരക്ഷിതമായി എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനാണ് പരമപ്രാധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.