വീണ്ടും മന്ത്രിയാവാന്‍ സജി ചെറിയാന്‍: സത്യപ്രതിജ്ഞ ബുധനാഴ്ച

Spread the love

 

ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തിന്‍റെ പേരില്‍ മന്ത്രിസ്ഥാനം രാജിവെച്ച സജി ചെറിയാന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നു. മന്ത്രിയായുള്ള സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ ജനുവരി നാലിന് നടക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് മറ്റ് നിയമ തടസങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ കൂടിയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം എടുത്തത്. സജി ചെറിയാന്‍റെ മടങ്ങിവരവ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥിരീകരിച്ചിരുന്നു

ജൂലൈ മൂന്നിനാണ് ഭരണഘടനയെ വിമര്‍ശിച്ച് സജി ചെറിയാന്‍ വിവാദ പ്രസംഗം നടത്തിയത്. വിമര്‍ശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിൽ ജൂലൈ ആറിന് രാജിവെച്ചു. കേസ് അന്വേഷിച്ച പൊലീസ് വക ക്ലീൻ ചിറ്റ് ലഭിച്ചു. ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അത് കൊണ്ട് സജി ചെറിയാനെതിരെ കേസ് നിലനിൽക്കില്ലെന്നും നിയമോപദേശം പൊലീസ് തിരുവല്ല കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് അവസാനിപ്പിക്കാൻ പൊലീസ് നൽകിയ അപേക്ഷയിൽ കോടതി തീരുമാനം ഔദ്യോഗികമായി വരാനുണ്ടെങ്കിലും അതിൽ മറ്റ് പ്രശ്നങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സജി ചെറിയാന്‍റെ തിരിച്ച് വരവ്.

സജി ചെറിയാന്റെ സംസ്ഥാന മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ് കേന്ദ്ര നേതൃത്വം ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് സിപിഐ എം പിബി അംഗം പ്രകാശ് കാരാട്ട്. സംസ്ഥാന ഘടകം അറിയിക്കുന്നതിന് മുൻപ് വിഷയത്തിൽ പ്രതികരിക്കാനില്ല. തീരുമാനമായാൽ സംസ്ഥാന ഘടകം അറിയിക്കുമെന്നും പിബി അംഗമായ എംഎ ബേബി പ്രതികരിച്ചു. തീരുമാനത്തെക്കുറിച്ച് അറിയാതെ തെറ്റായ സന്ദേശമാകുമോയെന്ന് പറയാനാവില്ലെന്നും എംഎ ബേബി മറുപടിയായി പറഞ്ഞു.

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. സര്‍ക്കാരിന് ഭരണഘടനയോട് ബഹുമാനമില്ലെന്ന് വ്യക്തമായതായും തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം കോണ്‍ഗ്രസ് കരിദിനമായി ആചരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഒരു കാരണവശാലും സജി ചെറിയാനെ മന്ത്രിയാക്കുന്നത് അംഗീകരിക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും സാധിക്കില്ലെന്നും കോടതിയെ സമീപിക്കുന്നതിന്റെ നിയമവശം പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

Related posts