പെരുനാട് സിഎച്ച്‌സിയിലെ കിടത്തി ചികിത്സ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്തു

Spread the love

 

പെരുനാട് സിഎച്ച്സിക്ക് പുതിയ കെട്ടിടം നിര്‍മിക്കും: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ചിരിക്കുന്ന തുക ഉപയോഗിച്ച് ആധുനികസൗകര്യങ്ങളുള്ള പുതിയ കെട്ടിടം പെരുനാട് സിഎച്ച്‌സിക്കായി  അടുത്തഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു.

പെരുനാട് സിഎച്ച്‌സിയിലെ കിടത്തി ചികിത്സയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പെരുനാട്ടിലെ ജനങ്ങളുടെ മൂന്ന് പതിറ്റാണ്ടായുള്ള സ്വപ്നമാണ് പെരുനാട് സിഎച്ച്‌സിയില്‍ കിടത്തി ചികിത്സ വേണമെന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പെരുനാട്ടിലെ ജനത അഡ്വ. പ്രമോദ് നാരായണന് നല്‍കിയ ഒരു വോട്ടും പാഴായില്ലെന്നതാണ് ഇത് സാധ്യമായതിലൂടെ മനസിലാക്കേണ്ടത്. ആരോഗ്യവകുപ്പിന്റെ ചുമതലയിലേക്ക് വരുമ്പോള്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ മൂര്‍ധന്യാവസ്ഥയിലായിരുന്നു. 2022 ജനുവരി മുതല്‍ ഏപ്രില്‍ വരെ ഒമിക്രോണിലൂടെ കോവിഡ് മൂന്നാംതരംഗം ശക്തമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകനങ്ങള്‍ നടത്തി. കൃത്യമായ ഇടപെടലുകളിലൂടെ ഒറ്റക്കെട്ടായി നിന്ന് നാം അതിനെ നേരിട്ടു. ഈ അവസരങ്ങളിലൊക്കെയും പെരുനാട് സിഎച്ച്‌സിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ തവണ നിവേദനങ്ങളുമായി എത്തിയ ആളാണ് റാന്നി എംഎല്‍എ.

 

ശബരിമല ഉള്‍പ്പെട്ട പഞ്ചായത്തായതുകൊണ്ട് തന്നെ പെരുനാട് സിഎച്ച്‌സിയുടെ പ്രധാന്യം വളരെ വലുതാണ്. അപകടം എന്തെങ്കിലും സംഭവിച്ചാല്‍ തീര്‍ഥാടകര്‍ ആദ്യമെത്തുന്ന ആശുപത്രി പെരുനാട് സിഎച്ച്‌സിയാണ്. അതുകൊണ്ടു തന്നെ സംസ്ഥാന സര്‍ക്കാരും പെരുനാട് സിഎച്ച്‌സിയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ ചെലുത്തി. ഐപി സംവിധാനം വളരെ പ്രധാനമാണ്. എംഎല്‍എ നിരന്തരമായി ആവശ്യമുന്നയിച്ചത് അനുസരിച്ച് കിടത്തി ചികിത്സ സാധ്യമാക്കാനുള്ള തീരുമാനമെടുത്തു. മലയോര ജനതയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ ഇടപെടലുകള്‍ നടത്തി. എന്നാല്‍ ചിലയിടങ്ങളില്‍ നിന്ന് ഇതിനെ തളര്‍ത്താന്‍ ബോധപൂര്‍വമായ ചില സമീപനമുണ്ടായി. അതിനെതിരെ ആരോഗ്യപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമാണ് കിടത്തി ചികിത്സ സാധ്യമായത്.

 

അലോട്ട്‌മെന്റ് പോസ്റ്റുകള്‍ക്ക് പുറമേ എന്‍എച്ച്എം വഴി മൂന്ന് ഡോക്ടര്‍മാരുടെ സേവനവും ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. രാത്രിയിലും ഡോക്ടര്‍മാര്‍ ഡ്യൂട്ടിക്കുണ്ടാകും. ചിറ്റാറിലെ ജനങ്ങളും പെരുനാട് സിഎച്ച്‌സിയിലെ കിടത്തി ചികിത്സയെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. മാത്രമല്ല, ആദിവാസി സഹോദരങ്ങളും ഉള്‍പ്പെടുന്ന പഞ്ചായത്താണ് ഇത്. ഈ പ്രാധാന്യമെല്ലാം കണക്കിലെടുത്ത് ഒപി നവീകരണം നടത്തുകയും പുതിയ കെട്ടിടം പണിത് സൗകര്യങ്ങള്‍ വിപുലപ്പെടുത്തുകയും ലാബ് സംവിധാനം ഒരുക്കുകയും ചെയ്യുമെന്നും ആശുപത്രി രോഗി സൗഹൃദവും ജനസൗഹൃദവുമാകണമെന്നും മന്ത്രി പറഞ്ഞു.

 

പെരുനാടിന്റെ ചിരകാലസ്വപ്നം സഫലീകരിക്കുന്ന മുഹൂര്‍ത്തമാണിതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിച്ച അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ആദ്യമായി റാന്നിയിലേക്ക് എത്തുമ്പോഴും പെരുനാട് സിഎച്ച്‌സിയിലെ കിടത്തി ചികിത്സയായിരുന്നു ആളുകള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. അത് ആരംഭിക്കാന്‍ സാധിച്ചുവെന്നത് പൊതുപ്രവര്‍ത്തനത്തിലെ അഭിമാന നേട്ടമായി കാണുന്നു. ആരോഗ്യമന്ത്രിക്ക് ആദ്യം നല്‍കിയ നിവേദനമാണ് പെരുനാട് കിടത്തി ചികിത്സ ആരംഭിക്കണമെന്നത്. ഡോക്ടര്‍മാരുടേയും ജീവനക്കാരുടേയും കുറവുകള്‍ പരിഹരിച്ചു. രാത്രിയും പകലും ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്.

 

ആരോഗ്യവകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത് സാധ്യമാക്കിയത്. ആരോഗ്യവകുപ്പ്മന്ത്രിയായി വീണാജോര്‍ജ് ചുമതലയേറ്റെടുത്തതിന് ശേഷം നടത്തിയ വലിയ ചുവട് വയ്പായിരുന്നു കരള്‍മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ സൗജന്യമാക്കിയത്. പെരുനാട് ആശുപത്രിയുടെ അടുത്തഘട്ടത്തില്‍ ആധുനികസൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണം ഏറ്റവും വേഗം പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, റാന്നി ബ്ലോക്ക് ആരോഗ്യസ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജേക്കബ് സ്റ്റീഫന്‍, പെരുനാട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഡി.ശ്രീകല, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.എസ്. ശ്യാം, ഗ്രാമപഞ്ചായത്തംഗം റ്റി.എസ്. ശാരി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ആര്‍ദ്രം മിഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. അംജിത് രാജീവന്‍, റോബിന്‍ കെ തോമസ്(സിപിഐഎം), പ്രമോദ് മാമ്പാറ(സിപിഐ), വി.ടി. ചെറിയാന്‍ (കെസിഎം), സോമസുന്ദരപിള്ള (ബിജെപി), എ.സി രാമചന്ദ്രന്‍(ജനതാദള്‍), ബിജു മുസ്തഫ(ഐഎഎന്‍എല്‍), പെരുനാട് മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്യ ആര്‍ നായര്‍, ഡെപ്യുട്ടി ഡയറക്ടര്‍ ഡോ.വനജ, തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

പെരുനാട് സിഎച്ച്സി കിടത്തി ചികിത്സ:മലയോരജനതയുടെ സ്വപ്നം സാക്ഷാത്ക്കരിച്ചു

പെരുനാട് സിഎച്ച്‌സിയില്‍ കിടത്തി ചികിത്സ വേണമെന്ന മലയോരജനതയുടെ മൂന്ന് പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന് സാക്ഷാത്ക്കാരം. കിഴക്കന്‍ മലയോര മേഖലയിലെ പാവപ്പെട്ട കര്‍ഷകരുടെയും തോട്ടം തൊഴിലാളികളുടെയും പട്ടികജാതി/ പട്ടിയവര്‍ഗ വിഭാഗക്കാരുടേയും ഏക ചികിത്സാ മാര്‍ഗമാണ് പെരുനാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍. 1952 ല്‍ മലേറിയ ഡിസ്‌പെന്‍സറിയായി പ്രവര്‍ത്തനം ആരംഭിച്ച പെരുനാട് സിഎച്ച്‌സിയുടെ പേര് ഇന്ന് 24 മണിക്കൂറും മികച്ച ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളുടെ പട്ടികയിലേക്ക് എഴുതി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. ആരോഗ്യവകുപ്പ് മന്ത്രി വീണാജോര്‍ജിന്റേയും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെയും തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങളുടെയും കൃത്യമായ ഏകോപനങ്ങളുടേയും ഫലമായാണ് ഈ സ്വപ്നം ലക്ഷ്യം കണ്ടത്.

 

മണ്ണാറക്കുളഞ്ഞി ചാലക്കയം ശബരിമല പാതയില്‍ സ്ഥിതി ചെയ്യുന്ന ഈ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പമ്പ കഴിഞ്ഞാല്‍ ഏറ്റവും അടുത്തുള്ള ആശുപത്രിയാണ്. ശബരിമല പാതയില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ അയ്യപ്പഭക്തരെ ആദ്യം എത്തിക്കുന്നതും ഇവിടെയാണ്. പിന്നീടുള്ളത് റാന്നി താലൂക്ക് ആശുപത്രിയും പത്തനംതിട്ട ജനറല്‍ ആശുപത്രിയുമാണ്. ഏകദേശം 20 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം ഇവിടങ്ങളില്‍ എത്താന്‍. പെരുനാട് ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതോടെ മലയോരമേഖലയിലെ ആയിരക്കണക്കിന് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ദൂരസ്ഥലങ്ങളില്‍ പോകാതെ നാട്ടില്‍ തന്നെ ചികിത്സ ഉറപ്പാക്കാം. ജീവനക്കാര്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ബ്ലോക്ക് പഞ്ചായത്ത് ഏര്‍പ്പെടുത്തി നല്‍കിയിട്ടുണ്ട്.

 

മലേറിയ ഡിസ്‌പെന്‍സറിയായി ആരംഭിച്ച സിഎച്ച്‌സി അന്ന് വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ച് വന്നത്. പിന്നീട് പെരുനാട് ബഥനി ആശ്രമം ആശുപത്രി പണിയാന്‍ സ്ഥലം നല്‍കി. സ്ഥലം വാങ്ങുന്നതിനായി ഒരേക്കര്‍ സഥലത്തിന് ഒരു രൂപ വച്ച് പിരിവെടുത്ത് നാട്ടുകാര്‍ രംഗത്തെത്തി. പഞ്ചവത്സരപദ്ധതിയിലൂടെ അനുവദിച്ച 29,900 രൂപയും മുതല്‍ മുടക്കി കെട്ടിടം നിര്‍മിച്ചു. 1958 ല്‍ ജനറല്‍ ഡിസെപന്‍സറി ആരംഭിച്ചു. പിന്നീട് അത് പ്രാഥമിക ആരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തി. മികച്ച കെട്ടിടത്തിന്റെ അഭാവത്തില്‍ രാജ്യസഭാംഗം എസ്. രാമചന്ദ്രന്‍പിള്ളയുടെ ആസ്ഥിവികസനഫണ്ട് ഉപയോഗിച്ച് കെട്ടിടം നിര്‍മിച്ചു.

 

അടിസ്ഥാന സൗകര്യങ്ങളായ വാര്‍ഡ്, ഒപി ബ്ലോക്ക്, ഓപ്പറേഷന്‍ തീയേറ്റര്‍, ജീവനക്കാര്‍ക്ക് താമസിക്കാനുള്ള ക്വാര്‍ട്ടേഴ്‌സ് എന്നിവ റാന്നി ബ്ലോക്ക് പഞ്ചായത്തിന്റേയും റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റേയും ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി പൂര്‍ത്തീകരിച്ചു.
1994ല്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററാക്കി ഉയര്‍ത്തി. സീതത്തോട്, ചിറ്റാര്‍, ആങ്ങമൂഴി, വടശേരിക്കര എന്നിവിടങ്ങളില്‍ നിന്നെല്ലാം ആളുകള്‍ എത്തുന്ന ആശുപത്രിയില്‍ മികച്ച ചികിത്സാസൗകര്യം ഉറപ്പാക്കാന്‍ അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചു. അതിന്റെ ഫലമായി കിടത്തി ചികിത്സ, 24 മണിക്കൂര്‍ കാഷ്യാലിറ്റി എന്നിവ സാധ്യമായി.

 

രണ്ടാംഘട്ടത്തില്‍ കിടത്തി ചികിത്സയ്ക്ക് ആവശ്യമായ ആധുനിക സൗകര്യങ്ങളുള്ള പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി 2.25 കോടി രൂപയാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. പെരുനാട്പഞ്ചായത്ത് വിട്ടുനല്‍കുന്ന സ്ഥലത്തായിരിക്കും പുതിയ കെട്ടിടം നിര്‍മിക്കുന്നത്. പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് വിശദമായ ഡിസൈനും പ്ലാനും തയാറാക്കി പുതിയ കെട്ടിടം നിര്‍മാണം ആരംഭിക്കും.

 

error: Content is protected !!