
ഡൽഹിയുൾപ്പെടെ ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽമഞ്ഞും തുടരുന്നത് വ്യോമ, തീവണ്ടി ഗതാഗതത്തെ ബാധിച്ചു. ഡൽഹിയിൽ കുറഞ്ഞ താപനില1.9 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മിക്ക സ്ഥലങ്ങളേക്കാൾ കുറഞ്ഞ താപനിലയാണ് നാലുദിവസമായി ഡൽഹിയിൽ.
ഞായറാഴ്ച 88 തീവണ്ടികൾ റദ്ദാക്കി.പഞ്ചാബിലെ ഭട്ടിൻഡയിലും യു.പി.യിലെ ആഗ്രയിലും കാഴ്ചപരിധി പൂജ്യമായിരുന്നു.പഞ്ചാബിലെ പട്യാല, ചണ്ഡീഗഢ്, ഹരിയാണയിലെ ഹിസാർ, രാജസ്ഥാനിലെ അൽവർ, യു.പി.യിലെ ലക്‌നൗ തുടങ്ങിയ സ്ഥലങ്ങളിൽ 25 മീറ്ററും ഡൽഹി (പാലം), പഞ്ചാബിലെ അമൃത്‌സർ, ലുധിയാന, യു.പി.യിലെ വാരാണസി, മീററ്റ് തുടങ്ങിയ സ്ഥലങ്ങളിലും 50 മീറ്ററുമായിരുന്നു ഞായറാഴ്ച പുലർച്ചെ കാഴ്ചപരിധി.