കൂടൽ ഇഞ്ചപ്പാറ പെട്രോൾ പമ്പ് ജീവനക്കാരിക്കും സഹപ്രവർത്തകർക്കും മർദ്ദനം : ഒരാൾ അറസ്റ്റിൽ

Spread the love

 

konnivartha.com : പെട്രോൾ അടിക്കാൻ താമസിച്ചതിന് ജീവനക്കാരിയെ മർദ്ദിക്കുകയും, തുടർന്ന് മറ്റ് രണ്ട് ജീവനക്കാരെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ രണ്ടാം  പ്രതിയെ അറസ്റ്റ് ചെയ്തു. കലഞ്ഞൂർ മലനട മുല്ലശ്ശേരിൽ തെക്കേതിൽ മധുവിന്റെ മകൻ അനിരുദ്ധൻ (19) ആണ് ഇന്ന് രാവിലെ കൂടൽ പോലീസിന്റെ പിടിയിലായത്. കൂടൽ ഇഞ്ചപ്പാറ കൈരളി ഫ്യൂവൽസ് ഏപ്രിൽ 30 ന് വൈകിട്ട് 5 മണിക്കാണ് സംഭവം. കൂടൽ ഇഞ്ചപ്പാറ കൈമളേത്ത് വടക്കേതിൽ അനൂപിന്റെ ഭാര്യ ശാലിനിക്കെതിരെയാണ് കയ്യേറ്റവും അതിക്രമവും ഉണ്ടായത്.

 

പമ്പിലെത്തിയ ഒന്നും രണ്ടും പ്രതികൾ പെട്രോൾ ആവശ്യപ്പെടുകയും, വൈകിയപ്പോൾ അസഭ്യം വിളിച്ചുകൊണ്ട് കഴുത്തിൽ കുത്തിപ്പിടിച്ച് ഉപദ്രവിക്കുകയായിരുന്നു. തുടർന്ന്,
സ്ഥലം വിട്ട പ്രതികൾ, മൂന്നാം പ്രതിയേയും കൂട്ടി 6.45 ഓടെ തിരിച്ചെത്തി ജീവനക്കാരിയെ അന്വേഷിച്ചു. വിവരം പറയാൻ വിസമ്മതിച്ച ഓഫീസ് ജീവനക്കാരൻ സോമനെ
ഇടിവളയുമായി ഓഫീസിൽ അതിക്രമിച്ചുകയറി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മൂക്കിലും മുഖത്തും ഇടിക്കുകയും തടസ്സം പിടിച്ച മറ്റൊരു ജീവനക്കാരനായ അനിലിനെ
ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു.

ശാലിനിയുടെ മൊഴിപ്രകാരം കേസെടുത്ത കൂടൽ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ശാലിനിയുടെ മൊഴി സി ജെ എം കോടതിയിൽ രേഖപ്പെടുത്തുന്നതിന് അപേക്ഷ നൽകുകയും ചെയ്തു.ജില്ലാ പോലീസ് മേധാവിയുടെ
നിർദേശപ്രകാരം പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. തിരുവനന്തപുരം പാളയത്തുള്ള ഹോട്ടലിൽ വെയ്റ്റർ ആയി രണ്ടാം പ്രതി അനിരുദ്ധൻ ജോലിയെടുക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് പോലീസ് സംഘം ഇന്നലെ രാത്രി 11 മണിയോടെ
അവിടെനിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സ്റ്റേഷനിലെത്തിച്ച് തിരിച്ചറിഞ്ഞശേഷം ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി, വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മർദ്ദിക്കാനുപയോഗിച്ച ഇടിവള കണ്ടെത്താനായിട്ടില്ല. മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം വ്യാപകമ്മാക്കി.  പോലീസ് ഇൻസ്‌പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ എസ് ഐ കെ പി ബിജു എ എസ് ഐ വാസുദേവക്കുറുപ്പ്, സി പി ഓമാരായ ഫിറോസ്, അരുൺ, ഗോപൻ, അനൂപ്, അനൂപ്, പ്രവീൺ എന്നിവരാണ് ഉള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

error: Content is protected !!