പത്തനംതിട്ട ജില്ലയില്‍ സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു

Spread the love

konnivartha.com: രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്ത്വമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 79-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി സന്ദേശം നല്‍കുകയായിരുന്നു മന്ത്രി.

വ്യത്യസ്ത ഭാഷയും സംസ്‌കാരവും ഭക്ഷണവും കലകളും ആസ്വദിക്കുന്ന ജനവിഭാഗത്തിന്റെ കൂട്ടായ്മയാണ് ഇന്ത്യ എന്ന മഹാരാജ്യം. പരസ്പരം ബന്ധിപ്പിക്കുന്നതും ഒന്നിച്ചു നിര്‍ത്തുന്നതും ഭരണഘടനയാണ്. രാജ്യം സ്വതന്ത്രമായി നിലനില്‍ക്കണമെങ്കില്‍ മൗലിക അവകാശത്തിനൊപ്പം ഭരണഘടനയും സംരക്ഷിക്കപ്പെടണം. നാടിനെ വിഭജിക്കുവാന്‍ വിധ്വംസക ശക്തികള്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ നിലകൊള്ളണം. സ്വാതന്ത്ര്യസമരത്തെ വികലമായി ചിത്രീകരിക്കാനും തെറ്റായ പ്രചരണം നടത്തുന്നതിനും ശ്രമമുണ്ട്. ഇതിനെതിരെ ജനാധിപത്യരീതിയില്‍ പ്രതിരോധം തീര്‍ക്കേണ്ടതും അണിചേരേണ്ടതും അത്യാവശ്യമാണ്.

ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശം അനുഭവിച്ച് സ്വപ്‌നങ്ങളിലേക്ക് പറന്നുയരാന്‍ കുട്ടികള്‍ക്കാകണം. രാജ്യത്തിന്റെ ഭാവി അവരിലാണ്. വീട്ടിലും വിദ്യാലയങ്ങളിലും പൊതു ഇടങ്ങളിലും കുട്ടികള്‍ സുരക്ഷിതരായിരിക്കണം. രാജ്യത്തെ നയിക്കേണ്ടവരാണ് കുഞ്ഞുങ്ങള്‍. അവരെ സംരക്ഷിക്കാന്‍ ബാലസുരക്ഷിത കേരളമെന്ന മാതൃക പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു.

അസമത്വം, അനീതി എന്നിവയ്‌ക്കെതിരെ സംസ്ഥാനത്തിന്റേത് ശ്രദ്ധേയ പ്രവര്‍ത്തനമാണ്. ലൈഫ് മിഷന്‍, പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനം, സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണം, പ്രക്യതിയുടെ വീണ്ടെടുപ്പ് എന്നിവയിലെല്ലാം പുരോഗതി കൈവരിച്ചു. നവംബര്‍ ഒന്നിന് രാജ്യത്തെ ആദ്യ അതിദാരിദ്യനിര്‍മാര്‍ജന സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കും. ജനുവരി 26 ലെ റിപ്പബ്ലിക്ക് ദിനാഘോഷം ജില്ലയിലെ പുതിയ സ്റ്റേഡിയത്തില്‍ നടത്താമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു.

മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രി പരേഡ് പരിശോധിച്ച് അഭിവാദ്യം സ്വീകരിച്ചു. പൊലിസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ഫോഴ്സ് രണ്ട്, എക്സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് നാല്, ജൂനിയര്‍ റെഡ് ക്രോസ് മൂന്ന്, ഡിസ്പ്ലേ ബാന്‍ഡ് സെറ്റ് രണ്ട് എന്നിങ്ങനെ പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. പെരുനാട് പൊലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി വിഷ്ണുവായിരുന്നു പരേഡ് കമാന്‍ഡര്‍.

തുടര്‍ന്ന് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം, സുംബാ ഡാന്‍സ്, വഞ്ചിപ്പാട്ട്, ദേശീയോദ്ഗ്രഥന നൃത്തം എന്നിവ അവതരിപ്പിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച ഗ്രൂപ്പുകള്‍ക്കുള്ള ട്രോഫി വിതരണവും സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി ആര്‍ ആനന്ദ്, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ ടി സക്കീര്‍ ഹുസൈന്‍, കൗണ്‍സിലര്‍മാരായ ജാസിന്‍ കുട്ടി, സി കെ അര്‍ജുനന്‍, പി കെ അനീഷ്, എം സി ഷരീഫ്, എ സുരേഷ് കുമാര്‍, നീനു മോഹന്‍, എഡിഎം ബി ജ്യോതി, കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍സ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!