പ്രഭാത വാർത്തകൾ 2025 | സെപ്റ്റംബർ 30 | ചൊവ്വ

Spread the love

 

ഗാസ സമാധാന പദ്ധതി പ്രഖ്യാപിച്ച് വൈറ്റ് ഹൗസ്. ബന്ദികളുടെ മോചനം, ഗാസയില്‍ നിന്നുള്ള ഇസ്രയേലി പിന്മാറ്റം, ഹമാസിന്റെ കീഴടങ്ങല്‍ നിബന്ധനകള്‍, പലസ്തീന്‍ പ്രദേശങ്ങള്‍ താല്‍ക്കാലികമായി ഭരിക്കുന്നതിന് നോണ്‍- പൊളിറ്റിക്കല്‍ സമിതി രൂപീകരണം, ഗാസക്ക് മാനുഷിക സഹായത്തിനുള്ള പദ്ധതി എന്നിവ ഉള്‍പ്പെടുന്നതാണ് സമാധാന പദ്ധതി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വൈറ്റ് ഹൗസിലെത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് സമാധാന പദ്ധതി പുറത്തിറക്കിയത്. യുദ്ധം ഉടനടി അവസാനിപ്പിക്കാനും എല്ലാ ബന്ദികളെയും തിരികെ കൊണ്ടുവരാനും ഇസ്രയേലി സുരക്ഷയ്ക്കും പലസ്തീന്റെ വിജയത്തിനും സാഹചര്യങ്ങള്‍ സൃഷ്ടിക്കാനുമാണ് സമാധാന പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

ഗാസ വെടിനിര്‍ത്തലിന് യുഎസ് തയാറാക്കിയ പദ്ധതി അംഗീകരിച്ച് ഇസ്രയേല്‍. വൈറ്റ്ഹൗസില്‍ സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് പ്രഖ്യാപനം നടത്തിയത്. അതേസമയം ഒക്ടോബര്‍ 7 മറക്കില്ലെന്നും ഇസ്രയേലിനെ ആക്രമിച്ചാല്‍ സമാധാനമുണ്ടാകില്ലെന്ന് ആ ദിനത്തിനു ശേഷം ശത്രുക്കള്‍ക്കു മനസിലായിട്ടുണ്ട്. ട്രംപിന്റെ വെടിനിര്‍ത്തല്‍ പദ്ധതി ഹമാസ് നിരസിച്ചാല്‍ ഇസ്രയേല്‍ അതിന്റെ ജോലി പൂര്‍ത്തിയാക്കുമെന്നും നെതന്യാഹു പറഞ്ഞു.

ദോഹ ആക്രമണത്തില്‍ മാപ്പ് ചോദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തര്‍ അമീറിനെ ഫോണില്‍ വിളിച്ചു കൊണ്ടാണ് നെതന്യാഹുവിന്റെ മാപ്പപേക്ഷ. ഖത്തറിന്റെ പരമാധികാരം ലംഘിച്ചതില്‍ മാപ്പ് ചോദിച്ച നെതന്യാഹു, ഖത്തറി പൊലീസുകാരന്റെ മരണത്തിലും ഖേദം പ്രകടിപ്പിച്ചു.

ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണം പൂശിയ പാളികള്‍ ഒക്ടോബര്‍ 17 ന് പുനസ്ഥാപിക്കും. സ്വര്‍ണ്ണം പൂശിയ പാളി പുനസ്ഥാപിക്കാനായുള്ള ഹൈക്കോടതി അനുമതിയും താന്ത്രിക അനുമതിയും ലഭിച്ചതോടെയാണ് പാളികള്‍ പുനസ്ഥാപിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. അറ്റകുറ്റ പണികള്‍ക്ക് ശേഷം സന്നിധാനത്ത് എത്തിച്ച സ്വര്‍ണ്ണം പൂശിയ പാളികള്‍ ശബരിമല സന്നിധാനത്തെ സ്ട്രോങ്ങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ അന്വേഷണം വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഈ വിവാദം ദേവസ്വം ബോര്‍ഡിന്റെ വിശ്വാസ്യത പൂര്‍ണ്ണമായും നഷ്ടപ്പെടുത്തിയെന്നും വിഷയത്തില്‍ വിശ്വാസികള്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ദേവസ്വം മന്ത്രി മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസ് വേദിയിലെത്തി പാര്‍ട്ടി എംപിയും പ്രവര്‍ത്തക സമിതി അംഗവുമായ ശശി തരൂര്‍. പിണറായി സര്‍ക്കാരിനെതിരെ മഹിളാ കോണ്‍ഗ്രസ് കുറ്റപത്രം സമര്‍പ്പിക്കാന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ പരിപാടിയിലാണ് തരൂര്‍ പങ്കെടുത്തത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുടെ ക്ഷണപ്രകാരമാണ് തരൂര്‍ എത്തിയതെന്നാണ് വിവരം. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് തരൂര്‍ വേദി പങ്കിട്ടത്.

സര്‍ക്കാറില്‍ വിശ്വാസമുണ്ടെന്ന എന്‍എസ്എസ് പ്രസ്താവന സ്വാഗതാര്‍ഹമെന്ന് ഇടത് മുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. രാഷ്ട്രീയ നിലപാട് പറയാന്‍ എന്‍എസ്എസിന് പ്രാപ്തിയുണ്ട്. സര്‍ക്കാറിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയാണ് ജി സുകുമാരന്‍ നായര്‍ നല്‍കിയത്. അത് രാഷ്ട്രീയ പിന്തുണയാണോ എന്ന് പറയേണ്ടത് എന്‍എസ്എസ് ആണെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള ആശയവിനിമയം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള പുതിയ സംരംഭം ‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മീ പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. സിഎം വിത്ത് മീ എന്നാല്‍ സര്‍ക്കാര്‍ അപ്പാടെ ഒപ്പം എന്നാണ് അര്‍ത്ഥമെന്നും പൊതുജനവും സര്‍ക്കാരും തമ്മിലുള്ള ആശയവിനിമയത്തില്‍ വിടവുണ്ടാകാന്‍ പാടില്ല’ എന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

സംഘാടനം മോശമെന്നാരോപിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിപാടിയില്‍ നിന്ന് മന്ത്രി ഗണേഷ് കുമാര്‍ ഇറങ്ങിപ്പോയി. 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിക്കാതെയാണ് മന്ത്രി ചടങ്ങ് റദ്ദാക്കി ഇറങ്ങിപ്പോയത്. കനകക്കുന്നിലെ പരിപാടിയില്‍ പങ്കെടുത്തത് തന്റെ പാര്‍ട്ടിക്കാരും കുറച്ച് ഉദ്യോഗസ്ഥരും മാത്രമെന്നു പറഞ്ഞ മന്ത്രി സംഘാടകനായ എംവിഡി ഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാകുമെന്നും പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് ബിവറേജസ് ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുക രാത്രി 7 മണി വരെ മാത്രം. അര്‍ദ്ധ വാര്‍ഷിക സ്റ്റോക്ക് ക്ലിയറന്‍സിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റുകള്‍ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഒക്ടോബര്‍ 1 ഡ്രൈ ഡേ ആയതിനാലും ഒക്ടോബര്‍ 2 ഗാന്ധി ജയന്തിയായതിനാലും ഇനി ഒക്ടോബര്‍ 3-ാം തീയതി മാത്രമേ ബിവറേജസ് ഔട്ട്ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ.

സാമ്പത്തിക പ്രതിസന്ധിയില്‍ നിയമസഭയിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ധനകാര്യ മന്ത്രിയായതുകൊണ്ട് തന്റെ തറവാട്ട് കാര്യമായിട്ടാണോ ധനകാര്യത്തെ താന്‍ കാണുന്നതെന്ന ചോദ്യത്തോടെയാണ് കെഎന്‍ ബാലഗോപാല്‍ മറുപടി തുടങ്ങിയത്. നികുതിയേതര വരുമാനങ്ങള്‍ കൂടിയെന്നും അതുകൊണ്ടാണ് ഇപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നതെന്നും ട്രഷറി അടച്ചുപൂട്ടാതിരിക്കാനുള്ള ധന വിനിയോഗ മാനേജ്മെന്റ് ഞങ്ങള്‍ നടത്തുന്നുണ്ടെന്നും കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ ഭക്തജനങ്ങള്‍ക്ക് എല്ലാ വഴിപാടുകളും ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനമൊരുങ്ങുന്നു. ആദ്യപടിയായ കൗണ്ടര്‍ ബില്ലിംഗ് മൊഡ്യൂളിന്റെ ഉദ്ഘാടനം കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ നടന്നു. വഴിപാട് ബില്ലിംഗിന് പുറമേ ക്ഷേത്രങ്ങളുടെ ആസ്തി വിവരങ്ങളും സോഫ്‌റ്റ്വെയറില്‍ ലഭ്യമാകും.

പലസ്തീന്റെ ജനാധിപത്യ അവകാശങ്ങള്‍ ഇസ്രയേല്‍ നിഷേധിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം പലസ്തീന്‍ ജനതയുടെ സ്വയം നിര്‍ണയാവകാശത്തിനൊപ്പമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയ ഇന്ത്യയിലെ പലസ്തീന്‍ അംബാസിഡറായ അബ്ദുല്ല അബു ഷാവേസിനോടാണ് മുഖ്യമന്ത്രി ഐക്യദാര്‍ഢ്യം അറിയിച്ചത്.

അനധികൃത മത്സ്യബന്ധനം നടത്തിയ എട്ട് യാനങ്ങള്‍ ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു. 1,55,000 രൂപ പിഴയീടാക്കുകയും ചെയ്തു. മാര്‍ക്കറ്റുകളിലും തീരപ്രദേശങ്ങളിലും ചെറുമീനുകളുടെ അനധികൃത വില്‍പന വ്യാപകമാണെന്ന പരാതിയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിവിധ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് യാനങ്ങള്‍ പിടികൂടിയത്. നിയമാനുസൃതമല്ലാത്ത മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗിക്കുകയും അനധികൃത മത്സ്യബന്ധനം നടത്തുകയും ചെയ്യുന്ന യാനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

അനധികൃത മീന്‍പിടുത്തത്തിനെതിരെ കോട്ടയം ജില്ലയില്‍ ഫിഷറീസ് വകുപ്പ് പരിശോധനയും നടപടിയും കര്‍ശനമാക്കി. വേമ്പനാട് കായല്‍, പുഴകള്‍, തോടുകള്‍, പാടശേഖരങ്ങള്‍ എന്നിവിടങ്ങളില്‍ നിരോധിത മാര്‍ഗങ്ങളുപയോഗിച്ചുള്ള മീന്‍പിടിത്തം വ്യാപകമായതോടെയാണ് പരിശോധന. മത്സ്യബന്ധനത്തിനുപയോഗിച്ച വള്ളങ്ങള്‍ പിടിച്ചെടുക്കുകയും ആറ് പേരെ പിടികൂടുകയും ചെയ്തു. പിടിച്ചെടുത്ത മീന്‍ ലേലം ചെയ്ത് വിറ്റ് പണം സര്‍ക്കാരിലേക്ക് മുതല്‍കൂട്ടി.

എറണാകുളം തൃക്കാക്കരയില്‍ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം സ്‌കൂട്ടര്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടു പ്രതികള്‍ അറസ്റ്റില്‍. തൃശൂര്‍ സ്വദേശി അക്ഷയ്, പാലക്കാട് സ്വദേശി സതീശന്‍ എന്നിവരെയാണ് തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഇരുപത്തിരണ്ടാം തീയതിയാണ് യുവാവിനെ ഇരുവരും ചേര്‍ന്ന് ആക്രമിച്ചത്. ഒന്നാം പ്രതിയായ അക്ഷയ് കാപ്പാ കേസിലടക്കം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

കണ്ണൂര്‍ ജില്ലയിലെ അയ്യന്‍കുന്നില്‍ വനം വകുപ്പ് നടത്തിയ പരിശോധനയില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് വനം-വന്യജീവി വകുപ്പ് കൊട്ടിയൂര്‍ റേഞ്ച് ഓഫീസ് അധികൃതര്‍ അറിയിച്ചു. കടുവയിറങ്ങിയെന്ന സംശയത്തില്‍ അയ്യന്‍കുന്നിലും പരിസര പ്രദേശങ്ങളിലും വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ നടത്തിയ വ്യാപക തിരച്ചിലില്‍ തെളിവുകളൊന്നും ലഭിച്ചില്ല.

തിരുവനന്തപരും നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന് മൊഴി നല്‍കി കൗണ്‍സിലര്‍ ഓഫിസിലെ ജീവനക്കാരി. ആത്മഹത്യയുടെ വക്കിലാണെന്ന് പല പ്രാവശ്യം അനില്‍ പറഞ്ഞിട്ടുണ്ടെന്നാണ് ജീവനക്കാരിയായ സരിതയുടെ മൊഴി. ഇത് കൗണ്‍സിലര്‍മാരോടും പറഞ്ഞിട്ടുണ്ടെന്ന് സതിര പൊലീസിനോട് പറഞ്ഞു. കൗണ്‍സിലറുടെ മരണം അന്വേഷിക്കുന്ന പ്രത്യേക സംഘത്തിനാണ് ഇവര്‍ മൊഴി നല്‍കിയത്.

ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച അതുല്യയുടെ ഭര്‍ത്താവ് സതീഷിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കി കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതോടെ പ്രതി സതീഷ് ക്രൈം ബ്രാഞ്ച് ഓഫീസില്‍ ഹാജരായി. കൊലപാതകത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നും എഫ്ഐആറില്‍ ചേര്‍ത്ത കൊലപാതക വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. കേസില്‍ പ്രോസിക്യൂഷന്‍ ആത്മഹത്യ പ്രേരണയ്ക്കുള്ള വകുപ്പുകള്‍ ചേര്‍ക്കാത്തതില്‍ കോടതി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.

വിജയിയുടെ കരൂര്‍ റാലിയില്‍ ഉണ്ടായ ദുരന്തത്തില്‍ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനാണ് അറസ്റ്റിലായത്. ഒളിവില്‍ കഴിയവെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ഉള്‍പ്പെടെ അഞ്ചു വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതേസമയം കരൂര്‍ ദുരന്തത്തില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ്‌ഐആറില്‍ ടിവികെ അധ്യക്ഷന്‍ വിജയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. വിജയ് മനപ്പൂര്‍വം റാലിക്കെത്താന്‍ നാലുമണിക്കൂര്‍ വൈകിയെന്നാണ് എഫ്‌ഐആറിലുള്ളത്. കരൂരില്‍ അനുമതിയില്ലാതെയാണ് റോഡ് ഷോ നടത്തിയതെന്നും എഫ്‌ഐആറിലുണ്ട്.

കരൂര്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന വിശദീകരിക്കാന്‍ തനിക്ക് വാക്കുകള്‍ കിട്ടുന്നില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഇത്തരം ദുരന്തങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര വാര്‍ത്താവിനിമയ, പ്രക്ഷേപണ സഹമന്ത്രി എല്‍. മുരുകനും ധനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

കര്‍ണാടകയില്‍ വന്‍ മയക്കുമരുന്ന് വേട്ട. നാല് കിലോയോളം എംഡിഎംഎ ഉള്‍പ്പെടെ 10 കോടി രൂപയുടെ മയക്കുമരുന്നുമായി 7 പേരെ കര്‍ണാടക പൊലീസിന്റെ സിസിബി വിഭാഗം പിടികൂടി. ദില്ലിയില്‍ നിന്നും മുംബൈയില്‍ നിന്നും മയക്കുമരുന്നെത്തിച്ച് ബെംഗളൂരുവില്‍ ടെക്കികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയില്‍ വില്‍പന നടത്തുന്ന വന്‍ സംഘമാണ് ബെംഗളൂരുവില്‍ പിടിയിലായത്.

ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയ ഹരിയാന മേവാത് സ്വദേശി തൗഫീഖിനെ അറസ്റ്റ് ചെയ്തു. പല്‍വാല്‍ പൊലീസിന്റെ ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ഏജന്‍സിയാണ് ഇയാളെ പിടികൂടിയത്. മേവാത്തിനടുത്ത് ഹാത്തിന്‍ ബ്ലോക്കിലെ അലിമേവ് എന്ന ഗ്രാമത്തിലെ താമസക്കാരനാണ്. വിദേശ വിസ സേവനം നടത്തുന്നതിന്റെ മറവിലാണ് ഇയാള്‍ പാകിസ്ഥാന് വിവരങ്ങള്‍ കൈമാറിയതെന്നാണ് വിവരം.

പാക് അധിനിവേശ കശ്മീരിലെ മുസാഫറാബാദില്‍ പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം. പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാക് സൈന്യത്തിന്റെയും ഐഎസ്‌ഐ പിന്തുണയുള്ള മുസ്ലീം കോണ്‍ഫറന്‍സിന്റെയും പിന്തുണയുള്ള സായുധ ഗുണ്ടകള്‍ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മൗലികാവകാശ നിഷേധത്തിനെതിരെ അവാമി ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മേഖലയില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.

ഭരണ അട്ടിമറി നടന്നെങ്കിലും തങ്ങള്‍ ബംഗ്ലാദേശിന്റെ വഴിയിലല്ലെന്ന് വ്യക്തമാക്കി നേപ്പാള്‍ സര്‍ക്കാര്‍. ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് ഭരണ അട്ടിമറിക്ക് ശേഷം നേപ്പാളില്‍ രൂപീകരിച്ച പുതിയ സര്‍ക്കാരിന്റെ പ്രതിനിധിയുടെ ഇന്ത്യാ സന്ദര്‍ശനമാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള സൗഹൃദം തുടരുമെന്ന വ്യക്തമായ സൂചന നല്‍കുന്നത്. നേപ്പാളില്‍ പുതിയ ഊര്‍ജ-ജലവിഭവ വകുപ്പ് മന്ത്രി കുല്‍മാന്‍ ഗിസിങാണ് ഇന്ത്യ സന്ദര്‍ശിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഗതാഗതത്തിന് തുറന്ന് കൊടുത്ത് ചൈന. ഹുയാജിയാങ് ഗ്രാന്റ് കന്യോന്‍ എന്ന് പേരിട്ട പാലമാണ് കഴിഞ്ഞ ദിവസം തുറന്നത്. ഗുയിഷൗ പ്രവിശ്യയില്‍ നദിക്കു കുറുകെയാണ് പാലം നിര്‍മിച്ചത്. ഹുയാജിയാങ് ഗ്രാന്‍ഡ് കന്യോനിലെ ഇരു വശത്തേക്കുമുള്ള യാത്രക്ക് മുമ്പ് രണ്ട് മണിക്കൂര്‍ എടുത്തിരുന്നെങ്കില്‍ പാലം തുറന്നതോടെ വെറും രണ്ട് മിനിറ്റായി കുറഞ്ഞു. പാലത്തിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്ന ദൃശ്യങ്ങള്‍ ചൈനീസ് മാധ്യമങ്ങള്‍ വഴി പുറത്തുവന്നു.

യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്ത് നിര്‍മ്മിക്കുന്ന എല്ലാ സിനിമകള്‍ക്കും നൂറ് ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്നലെ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനൊരു സമയപരിധി ട്രംപ് പറഞ്ഞിട്ടില്ല. താരിഫ് എങ്ങനെ നടപ്പിലാക്കുമെന്നും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ഇതുവരെ ട്രംപ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ നടപ്പാക്കിയിരുന്ന അധിക നികുതി, ഇതോടെ സര്‍വീസ് സെക്ടറിലേക്ക് കൂടി കടക്കും. ഇത് ബോളിവുഡ് അടക്കമുള്ള ഇന്ത്യന്‍ സിനിമാ മേഖലയെയും ബാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

അമേരിക്കയില്‍ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് കൂട്ടരാജിക്കൊരുങ്ങി ഉദ്യോഗസ്ഥര്‍. ഇന്ന് ഒരുലക്ഷം പേര്‍ വിവിധ വകുപ്പുകളില്‍നിന്ന് രാജിവെക്കുമെന്നാണ് വിവരം. ചെലവു ചുരുക്കലിന്റെ ഭാഗമായി ട്രംപ് ഭരണകൂടം നടപ്പാക്കുന്ന സ്വയം വിരമിക്കല്‍ പദ്ധതിപ്രകാരമാണ് ഇത്. യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടരാജിക്കാണ് ഇന്ന് കളമൊരുങ്ങുന്നത്.

ബുവലോയ് ചുഴലിക്കാറ്റ് കരതൊട്ടതിനു പിന്നാലെയുണ്ടായ അപകടങ്ങളില്‍ വിയറ്റ്‌നാമില്‍ എട്ടുമരണം. 17 പേരെ കാണാതായി. മത്സ്യബന്ധനത്തൊഴിലാളികളെയാണ് കാണാതായത്. ക്വാങ് ട്രി പ്രവിശ്യയില്‍ മത്സ്യബന്ധനത്തിനിടെ ഉയര്‍ന്ന തിരമാലകള്‍ ആഞ്ഞടിച്ചതിനെത്തുടര്‍ന്നാണ് രണ്ടുബോട്ടുകളിലുണ്ടായിരുന്ന 17 പേരെ കാണാതായത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏഷ്യാ കപ്പ് വിജയത്തെ ഓപ്പറേഷന്‍ സിന്ദൂറിനോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ക്രിക്കറ്റ് മാച്ചിനെ യുദ്ധത്തോട് ഉപമിക്കുന്നത് ശരിയല്ലെന്ന് പവന്‍ ഖേര എക്സില്‍ കുറിച്ചു. അതേസമയം മോദി ഇന്ത്യന്‍ ടീമില്‍ നിന്നും പഠിക്കണമെന്നും, വിജയത്തോടടുക്കുമ്പോള്‍ നല്ല ക്യാപ്റ്റന്‍മാര്‍ തേഡ് അംപയറുടെ നിര്‍ദേശ പ്രകാരം വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കില്ലെന്നും ഖേര വിമര്‍ശിച്ചു. കായിക മൈതാനത്തെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്നായിരുന്നു ടീമിന്റെ വിജയത്തിന് പിന്നാലെയുള്ള നരേന്ദ്ര മോദിയുടെ ട്വീറ്റ്.

വിദേശ സഞ്ചാരികള്‍ കൂടുതലെത്തിയ സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ ആദ്യ പത്തില്‍ കേരളവുമുണ്ട്. മഹാരാഷ്ട്ര 17 ശതമാനം വര്‍ധനയോടെ ഒന്നാമതുള്ളപ്പോള്‍ 3.53 ശതമാനത്തോടെ കേരളം എട്ടാംസ്ഥാനത്താണ്. 2024ല്‍ കേരളം കണ്ടത് 7.38 ലക്ഷം വിദേശികളാണ്. തൊട്ടുമുന്‍ വര്‍ഷം ഇത് 6.49 ലക്ഷമായിരുന്നു. ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കേരളത്തിന് പക്ഷേ ആദ്യ പത്തില്‍ ഇടംപിടിക്കാനായില്ല. 21 ശതമാനം വളര്‍ച്ച നേടിയ യുപിയാണ് ഈ ലിസ്റ്റില്‍ മുന്നില്‍. കേരളത്തിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ വരവിലുണ്ടായ വളര്‍ച്ച 1.72 ശതമാനമാണ്. 2024ല്‍ കേരളത്തിലെത്തിയത് 2.22 കോടി ആഭ്യന്തര സഞ്ചാരികള്‍. മുന്‍ വര്‍ഷം ഇത് 2.18 കോടി ആളുകള്‍. വിദേശ വിനോദസഞ്ചാരികളുടെ വരവില്‍ മുന്നിലുള്ളത് ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്. 32.24 ലക്ഷം വിദേശികളാണ് കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയത്. ഇന്ത്യയിലെത്തിയ ആകെ വിദേശ വിനോദസഞ്ചാരികളുടെ 38 ശതമാനം വരുമിത്. ഈ പട്ടികയില്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ആറാമതാണ്. 3,72,27 പേരാണ് ഇവിടെ വിമാനമിറങ്ങിയത്. 1.10 ലക്ഷം വിദേശികളുമായി തിരുവനന്തപുരം വിമാനത്താവളം പതിനൊന്നാം സ്ഥാനത്തെത്തി. രാജ്യത്തെ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ നെറ്റ്ഫ്‌ളിക്‌സുമായി കൈകോര്‍ക്കുകയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം.

ഷെയ്ന്‍ നിഗത്തിന്റെ കരിയറിലെ 25-ാം ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രമാണ് ‘ബള്‍ട്ടി’. പേര് സൂചിപ്പിക്കുന്നതുപോലെ കബഡിയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന സ്പോര്‍ട്സ് ആക്ഷന്‍ ചിത്രം ഈ വാരാന്ത്യത്തിലാണ് തിയറ്ററുകളില്‍ എത്തിയത്. കേരള- തമിഴ്‌നാട് അതിര്‍ത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും പോന്ന നാല് ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രം മലയാളത്തിലും തമിഴിലുമായാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ വാരാന്ത്യത്തിലെ കളക്ഷന്‍ കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്. റിലീസ് ദിനത്തില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് ഇത്. ഞായറാഴ്ച ലോക കഴിഞ്ഞാല്‍ കേരള ബോക്സ് ഓഫീസില്‍ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രം ബള്‍ട്ടി ആണ്. ഇന്നലെ മാത്രം 1.76 കോടിയാണ് കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയത്. കേരള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ മൂന്ന് ദിനങ്ങളിലെ നേട്ടം 3.23 കോടിയായും ഉയര്‍ന്നിട്ടുണ്ട്. വേലംപാളയത്തെ പഞ്ചമി റൈഡേഴ്‌സ് എന്ന കബഡി ടീമിന്റെയും അതിലെ ചെറുപ്പക്കാരുടെയും കഥ പറയുന്ന ചിത്രം തീപ്പൊരി ആക്ഷന്‍ രംഗങ്ങളാല്‍ സമ്പുഷ്ടമാണ്.

സുരഭി ലക്ഷ്മിയെ പ്രധാന കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത ‘അവള്‍’ എന്ന സിനിമയിലെ രണ്ടാമത്തെ ഗാനം റിലീസായി. മുഹാദ് വെമ്പായത്തിന്റെ വരികള്‍ക്ക് കണ്ണന്‍ സി ജെ ഈണം പകര്‍ന്ന് നിഫ ജഹാന്‍, ജോബി തോമസ് എന്നിവര്‍ ആലപിച്ച നീയറിഞ്ഞോ രാക്കിളി എന്ന ഗാനമാണ് റിലീസായത്. നിരഞ്ജന അനൂപ്, കെ പി എ സി ലളിത, സബിത ജയരാജ്, നിതിന്‍ രണ്‍ജി പണിക്കര്‍, ഷൈനി സാറ, മനോജ് ഗോവിന്ദന്‍, ഷിബു നായര്‍ തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. ഗോള്‍ഡന്‍ വിങ്സ് മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മനോജ് ഗോവിന്ദന്‍, ഷിബു നായര്‍, ജയരാജ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സച്ചു സജി നിര്‍വഹിക്കുന്നു. എഡിറ്റിംഗ് ശ്രീജിത്ത് സി ആര്‍, ഗാനരചന മുഹാദ് വെമ്പായം, സംഗീതം കണ്ണന്‍ സി ജെ, കലാസംവിധാനം ജി ലക്ഷ്മണന്‍.

തുടര്‍ച്ചയായി രണ്ടാം മാസവും യൂറോപില്‍ ടെസ്ലയെ മറികടന്ന് ചൈനീസ് കാര്‍ നിര്‍മാതാക്കളായ ബിവൈഡിയുടെ തേരോട്ടം. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ മൂന്നിരട്ടി കാറുകള്‍ വിറ്റുകൊണ്ടാണ് ബിവൈഡി കരുത്തു തെളിയിച്ചിരിക്കുന്നത്. ബിവൈഡിക്കു പുറമേ സ്റ്റെല്ലാന്റിസും കരുത്തു തെളിയിച്ച മാസമായിരുന്നു ഓഗസ്റ്റ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആദ്യമായി യൂറോപില്‍ വില്‍പന വളര്‍ച്ച നേടാന്‍ സ്റ്റെല്ലാന്റിസിന് സാധിച്ചു. പ്ലഗ് ഇന്‍ ഹൈബ്രിഡ്, ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പനയില്‍ നേടിയ കുതിപ്പാണ് സ്റ്റെല്ലാന്റിസിനെ സഹായിച്ചത്. ഫോക്‌സ്വാഗണ്‍, റെനോ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ മുന്‍ വര്‍ഷത്തെ ഇതേകാലയളവിനെ അപേക്ഷിച്ച് യഥാക്രമം 4.8%, 7.8% വര്‍ധിച്ചു. സ്റ്റെല്ലാന്റിസിന്റെ വില്‍പന മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2.2% ആണ് കൂടിയത്. ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് അമേരിക്കന്‍ ഇവി നിര്‍മാതാക്കളായ ടെസ്ലയാണ്. യൂറോപിലെ ടെസ്ലയുടെ വില്‍പന 36.6% ആണ് കുറഞ്ഞത്. വിപണി വിഹിതം 1.2 ശതമാനത്തിലേക്ക് കുറയുകയും ചെയ്തു. അതേസമയം വിപണി വിഹിതം 1.3 ശതമാനമായി മാറി.

error: Content is protected !!