
സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ രണ്ട് റേഞ്ച് ഓഫിസർമാർക്കെതിരെ നടപടി.തേക്കടി, വള്ളക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ കെ.ഇ. സിബി, അരുൺ കെ.നായർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പെരിയാർ ഈസ്റ്റ് ഡിവിഷനിലെ തേക്കടി, വള്ളക്കടവ് റേഞ്ചുകളിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്.
ഓപ്പറേഷൻ വനരക്ഷ’ എന്ന പേരിൽ ശനിയാഴ്ച രാവിലെയാണ് പൊലീസ് വിജിലൻസ് സംഘം സംസ്ഥാനത്തെ 71 റേഞ്ച് ഫോറസ്റ്റ് ഓഫിസുകളിൽ മിന്നൽ പരിശോധന നടത്തിയത്.ലാൻഡ് എൻഒസി, മരംമുറി അനുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ട് വൻ ക്രമക്കേട് നടക്കുന്നു എന്ന വിവരത്തെ തുടർന്നായിരുന്നു മിന്നൽ പരിശോധന.വള്ളക്കടവ് റേഞ്ച് ഓഫിസറുടെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് കരാറുകാരൻ 72.80 ലക്ഷം രൂപ നിക്ഷേപിച്ചതായി കണ്ടെത്തി.
ഇടപ്പളളിയിലെ ഒരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ഈ കരാറുകാരൻ 1,36,500 രൂപ നൽകിയതായും കണ്ടെത്തി.ഇതേ കരാറുകാരൻ തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കൈമാറിയ ബാങ്ക് അക്കൗണ്ടുകളിൽ 31.08 ലക്ഷം രൂപ നിക്ഷേപിച്ചതായും കണ്ടെത്തി.തേക്കടി റേഞ്ച് ഓഫിസർ മറ്റു രണ്ടു കരാറുകാരിൽ നിന്ന് നേരിട്ടും ഇടനിലക്കാർ വഴിയും യുപിഐ മുഖാന്തരം 1.95 ലക്ഷം രൂപ കൈപ്പറ്റിയതായും കണ്ടെത്തി.