സ്കൂള്‍ കായിക മേള /വാര്‍ത്തകള്‍ /വിശേഷങ്ങള്‍( 20/10/2025 )

Spread the love

 

കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം

ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം. ഒക്ടോബർ 21 മുതൽ 28 വരെയാണ് ഒളിമ്പിക്സ് മാതൃകയിലുള്ള രണ്ടാമത് കായികമേള സംഘടിപ്പിക്കുന്നത്. 21ന് വൈകിട്ട് 4 മണിക്ക് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. കായികതാരങ്ങളുടെ മാർച്ച് പാസ്റ്റോടെയാകും ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. തുടർന്ന് ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനതാരം ഐ.എം വിജയൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയ്‌ക്കൊപ്പം ദീപശിഖ കൊളുത്തും. പ്രതിപക്ഷ നേതാവ്, മന്ത്രിമാർ, എം.പി.മാർ, എം.എൽ.എമാർ മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആണ് മേളയുടെ ബ്രാന്റ് അംബാസഡർ. ചലച്ചിത്ര താരം കീർത്തി സുരേഷ് മേളയുടെ ഗുഡ്‌വിൽ അംബാസഡർ ആണ്.

ഉദ്ഘാടന ചടങ്ങിന് ശേഷം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാപരിപാടികൾ അരങ്ങേറും. മൂവായിരത്തോളം കുട്ടികൾ പങ്കെടുക്കുന്ന സാംസ്‌കാരിക പരിപാടികളും ഓരോ ജില്ലയിൽ നിന്നും മുന്നൂറ് കുട്ടികൾ പങ്കെടുക്കുന്ന വിപുലമായ മാർച്ച് പാസ്റ്റുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ശിക്ഷക് സദൻ ഓഫീസാക്കി പ്രവർത്തിച്ചുകൊണ്ട് പതിനാറോളം സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മേളയ്ക്കായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാവുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഒക്ടോബർ 22 മുതൽ 28 വരെ 12 വേദികളിലായി കായിക മത്സരങ്ങൾ നടക്കും. മേളയിൽ ഇൻക്ലൂസീവ് സ്പോർട്സിന്റെ ഭാഗമായി 1944 കായിക താരങ്ങൾ അടക്കം ഇരുപതിനായിരത്തിലധികം താരങ്ങൾ പങ്കെടുക്കും. 20ന് രാത്രി ഏറനാട് എക്സ്പ്രസ്സിൽ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന ആദ്യബാച്ച് കായിക താരങ്ങൾക്ക് മന്ത്രി വി.ശിവൻകുട്ടിയുടെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകും. ഗൾഫ് മേഖലയിൽ കേരള സിലബസിൽ പഠിക്കുന്ന ഏഴ് സ്‌കൂളുകളിൽ നിന്നും 35 കുട്ടികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇത്തവണ 12 പെൺകുട്ടികൾ കൂടി ഗൾഫ് മേഖലയിൽ നിന്നും മേളയിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയുണ്ട്. ആയിരത്തോളം ഒഫീഷ്യൽസും രണ്ടായിരത്തോളം വോളന്റിയേഴ്സും കായിക മാമാങ്കത്തിന്റെ ഭാഗമാകും.

ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്ക് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണ്ണക്കപ്പാണ് ഇത്തവണ നൽകുന്നത്. ഒക്ടോബർ 16 ന് കാസർകോഡ് നീലേശ്വരത്ത് നിന്ന് ആരംഭിച്ച ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയുടെ സംസ്ഥാനതല പര്യടനം കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ജില്ലകൾ താണ്ടി 19ന് വൈകുന്നേരം തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ എത്തിച്ചേർന്നു. മന്ത്രി വി.ശിവൻകുട്ടി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്‌.കെ ഉമേഷ്, എം.എൽ.എമാർ, ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സ്വീകരണമൊരുക്കി. 20ന് തിരുവനന്തപുരം ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലൂടെയും സ്വർണ്ണക്കപ്പുമായുള്ള ഘോഷയാത്ര സഞ്ചരിക്കും. 21ന് രാവിലെ 10 മണിക്ക് പട്ടം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ എത്തിച്ചേരുന്ന സ്വർണ്ണക്കപ്പ് ഘോഷയാത്ര അവിടെ നിന്നും ഉദ്ഘാടന വേദിയായ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്ക് എത്തും. ഒക്ടോബർ 19 ന് എറണാകുളത്ത് നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം 21ന് നഗരത്തിലെ വിവിധ സ്‌കൂളുകളിൽ സ്വീകരണം ഏറ്റുവാങ്ങി പട്ടം ഗേൾസ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വച്ച് ട്രോഫി ഘോഷയാത്രയുമായി ചേരും.

പുത്തരിക്കണ്ടം മൈതാനത്ത് രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുള്ള വിപുലമായ ഭക്ഷണശാല ഒരുക്കിയിട്ടുണ്ട്. കൂടാതെ മറ്റ് അഞ്ച് അടുക്കളകളും പ്രവർത്തിക്കുന്നുണ്ട്. പത്ത് വർഷമായി കേരളത്തിൽ ഉണ്ടായ കായിക നേട്ടങ്ങളെ കുറിച്ചുള്ള സമഗ്ര എക്സിബിഷനും അതിന്റെ ഭാഗമായുള്ള ചെറിയ കായിക വിനോദങ്ങളും പുത്തരിക്കണ്ടത്ത് സംഘടിപ്പിക്കുന്നുണ്ട്. കായിക താരങ്ങളുടെ താമസത്തിനായി എഴുപത്തി നാലോളം സ്‌കൂളുകൾ പ്രത്യേകം സജ്ജീകരിച്ചു. കുട്ടികളുടെ സഞ്ചാരത്തിനായി 142 ബസുകൾ വിവിധ സ്‌കൂളുകളിൽ നിന്നും സജ്ജമാക്കിയിട്ടുണ്ട്.

സാനിറ്റൈസേഷൻ, ഇ-ടോയ്‌ലറ്റ്‌ സംവിധാനം എന്നിവ ഗ്രൗണ്ടുകളിലും താമസ സ്ഥലങ്ങളിലും സജ്ജീകരിച്ചിട്ടുണ്ട്. മൈതാനങ്ങളിലും താമസ സ്ഥലത്തും പോലീസിന്റെ നേതൃത്വത്തിൽ സുരക്ഷ ക്രമീകരിച്ചിട്ടുണ്ട്. നിരോധിത ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നില്ല എന്ന് ഉറപ്പാക്കാൻ ഗ്രൗണ്ടുകളിലും താമസ സ്ഥലത്തും എക്സൈസിന്റെ പ്രത്യേക ജാഗ്രതാ നിരീക്ഷണം ഉണ്ടായിരിക്കും. മെഡിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക താരങ്ങൾക്ക് കളിസ്ഥലങ്ങളിലും താമസ സ്ഥലത്തും ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി, സ്പോർട്സ് ആയുർവേദ, ഫിസിയോ തെറാപ്പി, സ്പോർട്സ് മെഡിസിൻ എന്നിവയുടെ സൗകര്യവും ആംബുലൻസ് സർവ്വീസും പ്രത്യേക മെഡിക്കൽ ടീം സേവനവും ഏർപ്പാടാക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കായിക താരങ്ങളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കാനുള്ള നടപടികൾ തുടരുകയാണ്.

കേരള സ്‌കൂൾ കായികമേള തീം സോംഗ് പുറത്തിറക്കി

ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന കേരള സ്‌കൂൾ കായികമേളയിൽ ആദ്യമായി തീം സോംഗ് പുറത്തിറക്കി. സ്‌കൂൾ കായിക മേള ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവ്വഹിച്ച് തീം സോംഗ് പുറത്തിറക്കുന്നു എന്ന സവിശേഷതയും ഇത്തവണയുണ്ട്. തിരുവനന്തപുരത്ത് പിആർ ചേംബറിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവകുട്ടിയാണ് തീം സോങ് പുറത്തിറക്കിയത്. പടുത്തുയർത്താം കായിക ലഹരി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പാലക്കാട് പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി പ്രഫുൽദാസ് വി ആണ്.

കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ശിവങ്കരി പി തങ്കച്ചി ആണ് സംഗീത സംവിധാനം നിർവഹിച്ചത്. കോട്ടൺഹിൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ ശിവങ്കരി പി തങ്കച്ചി, നവമി ആർ വിഷ്ണു, അനഘ എസ് നായർ, ലയ വില്യം, കീർത്തന എ.പി, തൈക്കാട് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളായ നന്ദകിഷോർ കെ.ആർ, ഹരീഷ്.പി, അഥിത്ത്.ആർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചത്. കൈറ്റ് വിക്ടേഴ്‌സ് വീഡിയോ പ്രൊഡക്ഷൻ ചെയ്ത ഗാനത്തിന്റെ ഗിറ്റാർ സുരേഷ് പരമേശ്വറും കീബോർഡ് ആന്റ് മിക്സിംഗ് രാജീവ് ശിവയുമാണ് നിർവഹിച്ചത്. പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്‌.കെ ഉമേഷ്, ഐ.ബി സതീഷ് എംഎൽഎ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ഗാനം ഒരുക്കിയ വിദ്യാർത്ഥികളെ മന്ത്രി പ്രത്യേകം അനുമോദിച്ചു.

സംസ്ഥാന സ്‌കൂൾ കായികമേളയുടെ കൈപ്പുസ്തകവും ചടങ്ങിൽ പ്രകാശനം ചെയ്തു. വിവിധ മത്സര കാറ്റഗറികൾ, കേരള സ്‌കൂൾ കായികമേള അത്‌ലറ്റിക്‌സ് മീറ്റ് റെക്കോർഡുകൾ, നീന്തൽ മീറ്റ് റെക്കോർഡുകൾ, ഓഡർ ഓഫ് ഈവന്റ്‌സ് നീന്തൽ, വിവിധ സബ് കമ്മിറ്റികളും ചുമതലകളും, കേരള സ്‌കൂൾ കായികമേള കലണ്ടർ തുടങ്ങിയവയാണ് കൈപ്പുസ്തകത്തിൻറെ ഉള്ളടക്കം.

രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ച കഴിഞ്ഞ തവണത്തെ കൊച്ചി കായികമേളയുടെ ഡോക്യുമെന്റും ചടങ്ങിൽ പ്രകാശനം ചെയ്തു. മേളയുടെ സംഘാടനം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഈ സമഗ്രമായ ഡോക്യുമെന്റ് നാളെയുടെ പൊതുവിദ്യാഭ്യാസ മേഖലയുടെ കായിക മത്സരങ്ങളുടെ നടത്തിപ്പിന് മുതൽക്കൂട്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി അഭിപ്രായപ്പെട്ടു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും വിദ്യാഭ്യാസ മന്ത്രാലയവും മേളയുടെ വിജയകരമായ നടത്തിപ്പിനെ പ്രശംസിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കായികമേള കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കും: മന്ത്രി വി ശിവൻകുട്ടി

കായികമേള കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുമെന്നും അതിനായുള്ള ഒരുക്കങ്ങൾ കൃത്യമായി വിലയിരുത്തുന്നുണ്ടെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പന്ത്രണ്ട് സ്റ്റേഡിയങ്ങളിലായി നാൽപ്പത്തിയൊന്ന് ഇന മത്സരങ്ങൾ കായികമേളയിൽ അരങ്ങേറും. പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് വേദികൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തും. കായികമേളയ്ക്ക് പങ്കെടുക്കാനെത്തുന്നവർക്കുള്ള താമസസൗകര്യം എഴുപത്തിയാറ് സ്‌കൂളുകളിലായി ഒരുക്കിയിട്ടുണ്ട്. വൈദ്യുതി, വെള്ളം, ടോയ്‌ലറ്റ്, ബെഡ്, നൈറ്റ് വാച്ച്മാൻ, പ്രാദേശികതല കമ്മിറ്റി, പോലീസ് സംരക്ഷണത്തിനുളള ഏർപ്പാടുകൾ എന്നിവ മുൻനിർത്തി പ്രധാനാദ്ധ്യാപകരുടെ യോഗം ചേർന്നതായി മന്ത്രി അറിയിച്ചു.

കായികമേള ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫിയുടെ സംസ്ഥാനതല പര്യടനം നാളെ (ഒക്ടോബർ 19) തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ തട്ടത്തുമല ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർ ചേർന്ന് സ്വീകരിക്കും. ഒക്ടോബൽ 16 ന് കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് നിന്ന് ആരംഭിച്ച ട്രോഫി പര്യടനം എല്ലാ ജില്ലകളിലും പര്യടനം പൂർത്തിയാക്കിയാണ് തലസ്ഥാനത്ത് എത്തിച്ചേരുന്നത്.

20, 21 തീയതികളിൽ ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി ഘോഷയാത്ര തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. 20 ന് രാവിലെ 9 ന് – ഗവ. ഹയർ സെക്കന്ററി സ്‌കൂൾ വെഞ്ഞാറമൂട്, 10 ന് – ഗവ. ഗേൾസ് എച്ച്.എസ്. നെടുമങ്ങാട്, 11 ന് – ഗവ. എച്ച്.എസ്. ആര്യനാട്. 11.30 ന് – ഗവ. എച്ച്.എസ്. പരുത്തിപ്പളളി, കാട്ടാക്കട, ഉച്ചക്ക് 12.00 ന് – ഗവ. ഹയർ സെക്കന്ററി മാരായമുട്ടം, 12.30 ന് – ഗവ. ബോയ്‌സ് എച്ച്.എസ്. നെയ്യാറ്റിൻകര, 2 ന് – ഗവ. ഹയർ സെക്കന്ററി സ്‌കൂൾ ബാലരാമപുരം, 3 ന് – ഗവ. എച്ച്. എസ്. നേമം, 21 ന് രാവിലെ 9 ന് – ഗവ. എച്ച്.എസ്. ശ്രീകാര്യം, 10 ന് – ഗവ. ഹയർ സെക്കന്ററി സ്‌കൂൾ പട്ടം എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഘോഷയാത്രയായി ഉദ്ഘാടന വേദിയായ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെത്തുമെന്ന് മന്ത്രി പറഞ്ഞു.

കായികമേളയുടെ ദീപശിഖാ പ്രയാണം എറണാകുളത്ത് നിന്ന് ആരംഭിച്ചു. ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിവിധ സ്‌കൂളുകളിലെ സ്വീകരണം ഏറ്റുവാങ്ങി 20 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. 21 ന് നഗരത്തിലെ വിവിധ സ്‌കൂളുകളിൽ സ്വീകരണം ഏറ്റുവാങ്ങി പട്ടം ഗവ. ഗേൾസ് സ്‌കൂളിൽ ചീഫ് മിനിസ്റ്റേഴ്‌സ് ട്രോഫി ഘോഷയാത്രയുമയി ചേർന്ന് ഉദ്ഘാടന വേദിയായ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരും.

മികച്ച സ്‌കൂളിനുളള ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി നൽകുന്നതിന് ജനറൽ സ്‌കൂളും, സ്‌പോർട്‌സ് സ്‌കൂളും രണ്ടു കാറ്റഗറിയായി പരിഗണിച്ച് ഓരോ കാറ്റഗറിയിൽ നിന്നും മികച്ച സ്‌കൂൾ തിരഞ്ഞെടുക്കും. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ജില്ല നിർണ്ണയിക്കുന്നതിന് ജനറൽ സ്‌കൂൾ, സ്‌പോർട്‌സ് സ്‌കൂൾ എന്നിങ്ങനെ വ്യത്യാസം ഇല്ലാതെ രണ്ടു കാറ്റഗറിയിലെ സ്‌കൂളുകളും നേടുന്ന ആകെ പോയിന്റുകൾ ഒരുമിച്ചു കണക്കാക്കും. നിലവിൽ അത്‌ലാറ്റിക്‌സിൽ മികച്ച ജനറൽ സ്‌കൂളിന് നൽകിവരുന്ന പ്രൈസ് മണി ഒന്നാം സ്ഥാനത്തിന് രണ്ടു ലക്ഷത്തി ഇരുപതിനായിരം, രണ്ടാം സ്ഥാനത്തിന് ഒരു ലക്ഷത്തി അറുപത്തയ്യായിരം, മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷത്തി പതിനായിരം എന്നത് രണ്ടു ലക്ഷത്തി അൻപതിനായിരം, ഒരു ലക്ഷത്തി എഴുപത്തയ്യായിരം, ഒരു ലക്ഷത്തി ഇരുപത്തയ്യായിരം എന്ന നിരക്കിൽ വർദ്ധിപ്പിച്ചു. അത്‌ലറ്റിക്‌സ് വിഭാഗത്തിൽ സ്‌പോർട്‌സ് സ്‌കൂളുകളിൽ ഒന്നാം സ്ഥാനം നേടുന്ന സ്‌കൂളിന് ഒരു ലക്ഷം, രണ്ടാം സ്ഥാനത്തിന് എഴുപത്തയ്യായിരം, മൂന്നാം സ്ഥാനത്തിന് അൻപതിനായിരം എന്ന നിരക്കിൽ പ്രൈസ് മണി നൽകുമെന്ന് മന്ത്രി അറിയിച്ചു.

ഒക്ടോബർ 20 ന് രാത്രി ഏറനാട് എക്‌സ്പ്രസിൽ തിരുവനന്തപുരത്ത് എത്തിച്ചേരുന്ന കാസർഗോഡ് ജില്ലയിലെ കായിക താരങ്ങളെ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരിക്കും. മേളയിൽ ഇൻക്ലൂസീവ് സ്‌പോർട്‌സിന്റെ ഭാഗമായി 1,944 കായിക താരങ്ങൾ പങ്കെടുക്കും. ഗൾഫിൽ കേരളാ സിലബസ് പഠിപ്പിക്കുന്ന ഏഴു സ്‌കൂളുകളിൽ നിന്നുളള മുപ്പത്തിയഞ്ച് കുട്ടികൾ ഇത്തവണ കായികമേളയിൽ പങ്കെടുക്കുന്നുണ്ട്. ഇതിൽ കഴിഞ്ഞ തവണ ആൺകുട്ടികൾ മാത്രമാണ് പങ്കെടുത്തിരുന്നതെങ്കിൽ പന്ത്രണ്ട് പെൺകുട്ടികൾ കൂടി ഇത്തവണ പങ്കെടുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

2024 കായികമേളയിലെ മികച്ച മാധ്യമ പുരസ്‌ക്കാരങ്ങൾ മന്ത്രി പ്രഖ്യാപിച്ചു. മികച്ച പത്രറിപ്പോർട്ടർ – കിരൺ പുരുഷോത്തമൻ (സുപ്രഭാതം), മികച്ച വാർത്താ ചിത്രം – അരുൺ ശ്രീധർ (മലയാള മനോരമ), മികച്ച ടെലിവിഷൻ റിപ്പോർട്ടർ – റിയാ ബേബി (മാതൃഭൂമി ന്യൂസ്), മികച്ച ഛായഗ്രാഹകൻ സച്ചിൻ സജി (മീഡിയ വൺ) എന്നിവർക്കാണ് പുരസ്‌ക്കാരം. സമഗ്ര കവറേജിനുള്ള പുരസ്‌ക്കാരം ദീപിക (അച്ചടി മാധ്യമം), 24 ന്യൂസ് (ദൃശ്യമാധ്യമം), റെഡ് എഫ്.എം (ശ്രവ്യ മാധ്യമം) എന്നീ മാധ്യമസ്ഥാപനങ്ങൾ കരസ്ഥമാക്കി. പുരസ്‌കാരങ്ങൾ ഉദ്ഘാടന സമ്മേളനത്തിൽ വിതരണം ചെയ്യും.

സംസ്ഥാന സ്‌കൂൾ കായിക മേള: മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി

അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ഒരുക്കങ്ങളുടെ ഭാഗമായി പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രകാശനം ചെയ്തു. മത്സരങ്ങളിൽ പങ്കെടുക്കാനായി എത്തുന്ന വിദ്യാർത്ഥികൾക്ക് താമസ സൗകര്യങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ലഭ്യമാക്കാനാണ് മേളയുടെ അക്കോമഡേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആപ്ലിക്കേഷൻ തയ്യാറാക്കിയത്. അക്കോമഡേഷൻ കമ്മിറ്റിയുടെ ഒരുക്കങ്ങൾ വിലയിരുത്താനായി ശിക്ഷക്‌സദനിൽ നടന്ന എച്ച് എം മാരുടെയും പ്രിൻസിപ്പൽമാരുടെയും യോഗത്തിലായിരുന്നു പ്രകാശനം.

മത്സര ഇനങ്ങളും അതിൽ പങ്കെടുക്കാനായി എത്തിച്ചേരുന്ന വിദ്യാർത്ഥികൾക്കുള്ള താമസസ്ഥലങ്ങളും ലൊക്കേഷൻ മാപ്പും ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഫോൺ നമ്പരും ഉൾപ്പെടെയുള്ള വിവരങ്ങൾ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലെ വിവരങ്ങൾ വാട്‌സാപ്പിലൂടെയും ഇമെയിലിലൂടെയും എല്ലാ ജില്ലകളിലും സ്‌പോർട്‌സ് ഗ്രൂപ്പുകളിലും ലഭിക്കും. ഞായറാഴ്ചയോടെ പ്രവർത്തന ക്ഷമമാകുന്ന ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

അക്കോമഡേഷൻ കമ്മിറ്റിയുടെ ഒരുക്കങ്ങൾ മന്ത്രി വിലയിരുത്തി. വെളിച്ചം, വെള്ളം, ശുചിമുറി അടക്കമുള്ള താമസ സൗകര്യങ്ങൾ ഉത്തരവാദിത്തോടെ സജ്ജമാക്കണമെന്നും സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു. അടിയന്തര ആവശ്യങ്ങൾ നേരിടുന്നതിനായി താമസ സൗകര്യങ്ങൾ ഒരുക്കുന്ന ജില്ലയിലെ സ്‌കൂളുകൾക്ക് അയ്യായിരം രൂപ വീതം നൽകും. മേളയുടെ ക്രമീകരണങ്ങൾ ഒരുക്കുന്ന സ്‌കൂളുകൾക്ക് അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം പിന്നീട് അറിക്കുമെന്നും മന്ത്രി പറഞ്ഞു. തുടർന്ന് സ്‌പോൺസർഷിപ്പ് കമ്മിറ്റിയുടെ യോഗവും ചേർന്നു. സംഘാടക സമിതി ചെയർമാൻ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

കേരള സ്‌കൂൾ കായികമേളയ്ക്ക് 21 ന് തിരിതെളിയും

കൗമാര കേരളത്തിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകേകുന്ന കേരള സ്‌കൂൾ കായികമേളക്ക് ഒക്ടോബർ 21 ന് തിരുവനന്തപുരത്ത് തിരിതെളിയും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വൈകുന്നേരം 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ കായിക മാമാങ്കം ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയൻ മാർച്ച് പാസ്റ്റ് റാലിയുടെ ദീപശിഖ തെളിയിക്കും.

കായിക മേള ബ്രാൻഡ് അംബാസിഡർ സഞ്ജു സാംസൺ, ഗുഡ്‌വിൽ അംബാസിഡർ കീർത്തി സുരേഷ്, മന്ത്രിമാരായ ജി.ആർ. അനിൽ, കെ.എൻ. ബാലഗോപാൽ, വി. അബ്ദുറഹിമാൻ, പി. എ. മുഹമ്മദ് റിയാസ്, കെ. കൃഷ്ണൻകുട്ടി, കെ. ബി. ഗണേഷ്‌കുമാർ, ഡോ. ആർ. ബിന്ദു, ജെ. ചിഞ്ചുറാണി, പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ, എം.പിമാരായ ഡോ. ശശി തരൂർ, അടൂർ പ്രകാശ്, ജോൺ ബ്രിട്ടാസ്, എ. എ. റഹീം, എം.എൽ.എമാരായ ആന്റണി രാജു, വി.കെ. പ്രശാന്ത്, വി. ജോയി, കടകംപള്ളി സുരേന്ദ്രൻ, ഡി.കെ. മുരളി, വി. ശശി, ഒ.എസ്. അംബിക, ജി. സ്റ്റീഫൻ, സി.കെ. ഹരീന്ദ്രൻ, ഐ.ബി. സതീഷ്, എം. വിൻസെന്റ്, കെ. ആൻസലൻ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി ഡോ. ചിത്ര എസ്, ജില്ലാ കളക്ടർ അനുകുമാരി, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉമേഷ് എൻ.എസ്.കെ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ഒളിമ്പിക്‌സ് മാതൃകയിൽ സംഘടിപ്പിക്കുന്ന കേരള സ്‌കൂൾ കായികമേള ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കായികമേള എന്ന നിലയിൽ ശ്രദ്ധേയമാണ്. പ്രത്യേക പരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളും ഗൾഫ് മേഖലയിൽ നിന്നുള്ള കായിക പ്രതിഭകളും ഉൾപ്പെടെ ഏകദേശം കാൽ ലക്ഷത്തോളം കൗമാര താരങ്ങൾ എട്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ മാറ്റുരയ്ക്കും.

error: Content is protected !!