Trending Now

എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം

Spread the love

 

മഴ തുടരുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ ജില്ലാതല വകുപ്പ് ഉദ്യോഗസ്ഥരും ഓഫീസില്‍ ഹാജരാകണമെന്നും തങ്ങളുടെ പരിധിയിലുള്ള എല്ലാ വകുപ്പുകളുടെയും പ്രാദേശിക അതോറിട്ടികളുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും മുഴുവന്‍ ജീവനക്കാരും, തൊഴിലാളികളും ഓഫീസുകളില്‍ കൃത്യമായി ഹാജരാകാന്‍ നിര്‍ദേശിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സനും ജില്ലാ കളക്ടറുമായ ഡോ.ദിവ്യ എസ്.അയ്യര്‍ ഉത്തരവിട്ടു. നവംബര്‍ 15 മുതല്‍ 20 വരെ ഈ ഉത്തരവ് പ്രാബല്യത്തിലുണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു.

ഗര്‍ഭിണികള്‍, അംഗപരിമിതര്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങളാല്‍ നിലവില്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നവര്‍ എന്നിവര്‍ക്ക് ഈ ഉത്തരവ് ബാധകമല്ല. ദുരിതാശ്വാസ ക്യാമ്പുകളിലേക്കാവശ്യമായ ഉദ്യോഗസ്ഥരുടെ സേവനം ഇന്‍സിഡന്റ് കമാന്‍ഡര്‍ കൂടിയായ തഹസില്‍ദാര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്. ആവശ്യമെങ്കില്‍ തങ്ങളുടെ അധികാര പരിധിയിലെ മറ്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്.
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട മേലധികാരികള്‍ ഉടന്‍തന്നെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയെ അറിയിക്കണം. ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കും.
ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും തദ്ദേശ സ്ഥാപനങ്ങളുടെ ഓഫീസുകളും ഇന്ന്(14 ഞായര്‍) തുറന്നു പ്രവര്‍ത്തിക്കാന്‍ കളക്ടര്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

error: Content is protected !!