കോന്നി പേരൂർക്കളം ഗവ.എൽ.പി.സ്കൂളിനെ ഉന്നത നിലവാരത്തിലാക്കാൻ 1.5 കോടി രൂപ അനുവദിച്ചു

Spread the love

 

യതിയുടെ വിദ്യാലയത്തിന് 1.5 കോടിയുടെ ആധുനികവത്കരണം: അനുമതിയായതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.

കോന്നി വാര്‍ത്ത ഡോട്ട് കോം : ഗുരു നിത്യചൈതന്യയതി പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കോന്നി പേരൂർക്കളം ഗവ.എൽ.പി.സ്കൂളിനെ ഉന്നത നിലവാരത്തിലാക്കാൻ 1.5 കോടി രൂപ അനുവദിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സ്കൂൾ നിർമ്മാണത്തിന് തുക അനുവദിപ്പിച്ച് ഭരണാനുമതി നല്കിയതെന്നും എം.എൽ.എ പറഞ്ഞു.

പേരൂർകുളം സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ച് ഉന്നത നിലവാരത്തിലെത്തിക്കുക എന്നത് ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു പുനലൂർ-മൂവാറ്റുപുഴ റോഡിന് അഭിമുഖമായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.93 വർഷം പഴക്കമുള്ള സ്കൂൾ യതി വിദ്യാഭ്യാസം ചെയ്ത സ്ഥാപനം എന്ന നിലയിൽ പ്രശസ്തവുമാണ്. ആ പ്രാധാന്യം മനസ്സിലാക്കി സ്കൂളിനെ ആധുനികവത്കരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തണമെന്ന് ജനങ്ങൾ കാൽനൂറ്റാണ്ടായി ആവശ്യമുയർത്തി വരികയായിരുന്നു. നിലവിലുള്ള കെട്ടിടം ഉപയോഗക്ഷമമല്ല എന്നു കാട്ടി പൊതുമരാമത്ത് കെട്ടിടവിഭാഗം റിപ്പോർട്ടും നല്കിയിരുന്നു.

കോന്നിയിലെ ആദ്യകാല സ്കൂളായ ഇവിടെ ഒന്നു മുതൽ നാലുവരെ ക്ലാസുകളാണ് പ്രവർത്തിക്കുന്നത്. 1928ലാണ് സ്കൂൾ സ്ഥാപിതമാകുന്നത്.55.5 സെൻ്റ് സ്ഥലമാണ് സ്കൂളിന് നിലവിലുള്ളത്. ആവശ്യത്തിന് സ്ഥലമുണ്ടെങ്കിലും പരിമിതമായ സൗകര്യങ്ങളാണ് സ്കൂളിൽ ഉള്ളത്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ഉന്നത സൗകര്യത്തോടു കൂടി സ്കൂൾ പുനർനിർമ്മിക്കാനുള്ള അവസരമാണ് ഇപ്പോൾ ഒരുങ്ങിയിട്ടുള്ളത്.

1923 ൽ വകയാറിൽ ജനിച്ച ഗുരുനിത്യ ചൈതന്യ യതി ഉൾപ്പടെ നിരവധി പ്രമുഖർക്ക് വിദ്യാഭ്യാസം പകർന്നു നല്കിയ സ്കൂൾ ആധുനിക നിലയിൽ പുനർനിർമ്മിക്കുന്നത് നാടിൻ്റെ പൈതൃകം സംരക്ഷിക്കുന്നതിൻ്റെ ഭാഗം കൂടിയാണ്. സർക്കാർ തീരുമാനം വന്നതോടെ ആധുനിക സൗകര്യങ്ങളുള്ള വിദ്യാലയമായമായി പേരൂർക്കുളം സ്കൂൾ മാറുമെന്ന പ്രതീക്ഷയാണ് ജനങ്ങൾക്കുള്ളത്.

യതി യുടെ സ്കൂൾ എന്ന സ്മരണ നിലനിർത്തിയായിരിക്കും സ്കൂളിൻ്റെ വികസനമെന്ന് എം.എൽ.എ പറഞ്ഞു.പൊതുമരാമത്ത് കെട്ടിടവിഭാഗത്തിനാണ് നിർമ്മാണ ചുമതല നല്കിയിട്ടുള്ളത്. കരാർ നല്കുന്നതിനടക്കമുള്ള നടപടികൾ പൂർത്തിയാക്കി സമയബന്ധിതമായി നിർമ്മാണം നടത്തി സ്കൂളിനെ മാതൃകാ സ്ഥാപനമാക്കി മാറ്റുമെന്നും എം.എൽ.എ പറഞ്ഞു.

error: Content is protected !!